സിലിയുടെ സ്വർണം കാണാതായതിലും ദുരൂഹത ; ആഭരണങ്ങൾ കാണിക്കവഞ്ചിയിൽ ഇട്ടുവെന്ന്‌ ഷാജു

കോഴിക്കോട്‌>കൂടത്തായി കൊലപാതകകേസിൽ പുതിയ ദുരൂഹതയായി സിലിയുടെ ആഭരണങ്ങൾ. ഷാജുവിന്റെ  ആദ്യഭാര്യ  സിലിയുടെ 40 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കാണുന്നില്ലെന്ന്‌  സിലിയുടെ ബന്ധുക്കള്‍ അന്വേഷണ ഉദ്യോഗസ്‌ഥരെ അറിയിച്ചു. ഇതോടെ സിലിയുടെ കൊലപാതകത്തിന്റെ സംശയം ജോളിക്കൊപ്പം ഷാജുവിലേക്കും നീളുകയാണ്‌.

വിവാഹ ആഭരങ്ങളുള്‍പ്പെടെ 40 പവനോളം സ്വര്‍ണം സിലിക്കുണ്ടായിരുന്നു. ഈ സ്വർണം മുഴുവൻ ധ്യാനവേദിയിലെ കാണിക്കവഞ്ചിയില്‍ സിലതന്നെ ഇട്ടെന്നാണ് ഭര്‍ത്താവ് ഷാജു പറഞ്ഞിരുന്നത്‌. ഇതു ശരിയല്ലെന്നു വ്യക്തമായിട്ടും അന്നു തര്‍ക്കത്തിനു പോയില്ലെന്നുമാണ് സിലിയുടെ ബന്ധുക്കള്‍ പറയുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇവര്‍ പരാതി നല്‍കാനൊരുങ്ങുകയാണ്. സിലിയുടെ മരണശേഷം ഒരുമാസം കഴിഞ്ഞ്‌ ഷാജുവാണ്‌ സിലി ആഭരണങ്ങൾ ധ്യാനകേന്ദ്രത്തിലെ കാണിക്ക വഞ്ചിയിൽ സമർപ്പിച്ചുവെന്ന്‌ വീട്ടുകാരോട്‌  പറഞ്ഞത്‌.സിലിയുടെ സ്വർണമന്വേഷിച്ച്‌ ആരും വരേണ്ടതില്ലെന്നും പറഞ്ഞിരുന്നു. ആഭരണങ്ങൾ വിൽക്കേണ്ടതോ പണയംവെക്കേണ്ടതോ ആയ സാഹചര്യം ഷാജുവിനില്ല. ആ സ്വർണവും ജോളി തട്ടിയെടുത്തിരിക്കാമെന്നാണ്‌ കരുതുന്നത്‌.

എന്നാൽ ആഭരണങ്ങള്‍ കാണാതായതില്‍ ജോളിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സിലി ഒരിക്കലും മുഴുവൻ ആഭരണങ്ങൾ ധ്യാനകേന്ദ്രത്തിൽ ഇടില്ലെന്നും അങ്ങിനെയുണ്ടെങ്കിൽ തന്നോടു പറയുമായിരുന്നുവെന്നും സിലിയുടെ അമ്മ പറഞ്ഞു.

സിലി മരിച്ച ദിവസം പങ്കെടുത്ത വിവാഹത്തിലുംസ്വർണാഭരണങ്ങൾ  അണിഞ്ഞിരുന്നു.  അവിശടനിന്ന്‌ ദന്താശുപത്രിയിൽ എത്തിയതുമ ആ വേഷത്തിലായിരുന്നു. അവിശടവെച്ചാണ്‌ മരിക്കുന്നത്‌. മരണം സ്ഥിരീകരിച്ചുകഴിഞ്ഞ് നഴ്‌സുമാര്‍ ഈ ആഭരണങ്ങള്‍ കവറിലാക്കി ജോളിയെയാണ്‌ ഏൽപ്പിച്ചത്‌.  അന്നുതന്നെ ഷാജുവിനെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. അന്ന്‌ സിലിയുടെ സഹോദരനാണ് ഈ ആഭരണങ്ങൾ അലമാരയിൽ വെച്ച്‌ പൂട്ടിയത്‌. ഈ ആഭരണമടക്കമാണ്‌ സിലി മരണത്തിന്‌മുന്നേ കാണിക്കവഞ്ചിയിൽ ഇട്ടതായി പറയുന്നത്‌.

അന്നേ ചെറിയ സംശയം  അക്കാര്യത്തിൽ  വീട്ടുകാർക്ക്‌ ഉണ്ടായിരുന്നു. സഹോദരിയുടെ ഒരു വള സിലിയുടെ കൈവശമുണ്ടായിരുന്നെന്നും അത് ഒരിക്കലും കാണിക്കവഞ്ചിയിൽ ഇടില്ലെന്നും സിലിയുടെ അമ്മ പറഞ്ഞു.   ജോളിയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു ദിവസം ഷാജു വീട്ടിലെത്തി ഒരു പവന്റെ പുതിയ വള വീട്ടുകാരെ ഏല്‍പ്പിച്ചിരുന്നു.

സിലി മരണദിവസം ഏതെല്ലാം ആഭരണം ധരിച്ചിരുന്നു എന്നറിയാന്‍ കുടുംബം അന്നത്തെ വിവാഹ ആല്‍ബം പരിശോധിച്ചെങ്കിലും എവിടെയും ഫോട്ടോ കണ്ടെത്താനായില്ല.

Comments

COMMENTS

error: Content is protected !!