ജില്ലയിലെ ഉപതെരഞ്ഞടുപ്പുകള്‍; വോട്ടര്‍പട്ടികയിലെ അപേക്ഷകളും ആക്ഷേപങ്ങളും 30 വരെ സമര്‍പ്പിക്കാം

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ പഞ്ചായത്തുകളിലെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച് ഇലക്ഷന്‍  ഡെപ്യൂട്ടി കലക്ടര്‍ ടി ജനില്‍കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 2019 ജനുവരി ഒന്നിന് 18 വയസു തികഞ്ഞവരെ ഉള്‍പ്പെടുത്തിയാണ് അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കിയത്. ഇതിന്റെ കരട് വോട്ടര്‍ പട്ടിക ഒക്‌ടോബര്‍ 16-ന് പ്രസിദ്ധീകരിച്ചു. കരട് പട്ടികയിന്മേലുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഒക്ടോബര്‍ 30 വരെ സമര്‍പ്പിക്കാം.
വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അവകാശവാദ അപേക്ഷകളും (ഫോറം 4), വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും (ഫോറം 6), ഒരു പോളിങ് സ്റ്റേഷനില്‍ നിന്ന് മറ്റൊരു പോളിങ് സ്റ്റേഷനിലേക്കോ ഒരു വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്കോ ഉള്ള സ്ഥാനമാറ്റം സംബന്ധിച്ച ആക്ഷേപങ്ങളും (ഫോറം 7) ഓണ്‍ലൈനായി നല്‍കാം. എന്നാല്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫോറം 5) നേരിട്ടോ രജിസ്റ്റേഡ് തപാല്‍ മുഖേനയോ സ്വീകരിക്കുകയുള്ളു.
ജില്ലയിലെ ജി-02 ചോറോട് ഗ്രാമപഞ്ചായത്തിലെ 03-കൊളങ്ങാട്ട് താഴം, ജി – 20  വില്യാപ്പളളി ഗ്രാമപഞ്ചായത്തിലെ 19-കൂട്ടങ്ങാരം, ജി-21 മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ 05-എടത്തുംകര, 01-പതിയാരക്കര നോര്‍ത്ത്, ജി-39 ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ 16-നെരോത്ത് എന്നീ വാര്‍ഡുകളിലുണ്ടായ  ഒഴിവുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ജി – 02 ചോറോട് ഗ്രാമപഞ്ചായത്തിലെ 03-കൊളങ്ങാട്ട് താഴം വാര്‍ഡിലെ കരട് വോട്ടര്‍ പട്ടിക വടകര താലൂക്ക് ഓഫീസ്, വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ചോറോട് ഗ്രാമപഞ്ചായത്ത് ഓഫീസ്, ചോറോട് വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും, ജി – 20 വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ 19-കൂട്ടങ്ങാരം വാര്‍ഡിലെ കരട് വോട്ടര്‍ പട്ടിക വടകര താലൂക്ക് ഓഫീസ്, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വില്യാപ്പളളി ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്യാപ്പളളി വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും ജി-21 മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ 05-എടുത്തുംകര, 01- പതിയാരക്കര നോര്‍ത്ത് എന്നീ വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക വടകര താലൂക്ക് ഓഫീസ്, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായാത്ത് ഓഫീസ്, മണിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, മണിയൂര്‍ വില്ലേജ് ഓഫീസ്, പാലയാട് വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും, ജി – 39 ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ 16-നെരോത്ത് വാര്‍ഡിലെ കരട് വോട്ടര്‍ പട്ടിക താമരശ്ശേരി താലൂക്ക് ഓഫീസ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ്, ഉണ്ണിക്കുളം വില്ലേജ് ഓഫീസ്, ശിവപുരം വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ മുമ്പാകെ ആക്ഷേപമോ അവകാശവാദമോ സമര്‍പ്പിക്കാനുളള അവസാന തീയതി  ഒക്‌ടോബര്‍ 30ഉം അപേക്ഷയില്‍ തുടര്‍ നടപടി സ്വീകരിച്ച് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കേണ്ടത്  നവംബര്‍ 11നുമാണ്. അന്തിമ വോട്ടര്‍ പട്ടിക  നവംബര്‍ 13 ന് പ്രസിദ്ധീകരിക്കുന്നതാണെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.
ഉപതെരഞ്ഞടുപ്പ് നടക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!