ന്യൂനമര്‍ദം: അഞ്ചുദിവസം അതിതീവ്രമഴ; ജാഗ്രതാ നിര്‍ദേശം

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമാകാനും ചുഴലിക്കാറ്റാകാനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിനാല്‍ സര്‍ക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 

തുലാവര്‍ഷം ശക്തിയാര്‍ജിക്കുന്നതിനു പുറമേ മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. അടുത്ത 48 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ട്. 24 ാം തീയതി വരെ ഇന്ത്യന്‍ തീരത്തേയ്ക്ക് ന്യൂനമര്‍ദം അടുക്കാന്‍ സാധ്യതയുള്ളതിനാല്‍ മഴ കനക്കും. നിലവില്‍ രണ്ട് ന്യൂനമര്‍ദങ്ങളുടെ സാഹചര്യമാണുള്ളത്. അറബിക്കടലിലുള്ള ന്യൂനമര്‍ദം മഹാരാഷ്ട്രാ തീരത്തിന് അടുത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്, ആന്ധ്രാ തീരത്തിനടുത്തായി മറ്റൊരു ന്യൂനമര്‍ദം രൂപം കൊള്ളാനുള്ള സാഹചര്യമുണ്ട്.

 

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലേര്‍ട്ടും കൊല്ലം, പത്തനംതിട്ട,മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
20 സെന്റീമീറ്ററിനു മുകളില്‍ തീവ്രമായ മഴയ്ക്കാണ് സാധ്യത. കഴിഞ്ഞ പ്രളയങ്ങളില്‍ വെള്ളം കയറിയതും ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളിലെയും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അപകടകരമെന്ന് വിലയിരുത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരെയും സുരക്ഷിതമായ ക്യാമ്പുകള്‍ ഒരുക്കി മാറ്റി താമസിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ രാത്രി ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കൂടി മുന്‍കൂട്ടി കണ്ടുള്ള തയാറെടുപ്പുകളാണ് നടത്തേണ്ടതെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അതേസമയം മഴ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതിയില്‍ വിവിധ വകുപ്പ് തലവന്മാരുടെ യോഗം ചേര്‍ന്നു
24 ന് ശേഷം ന്യൂനമര്‍ദം ഒമാന്‍ തീരത്തേയ്ക്ക് നീങ്ങാനാണ് സാധ്യത. കന്യാകുമാരി ഭാഗത്ത് അന്തരീക്ഷ ചുഴി രൂപപ്പെട്ടിട്ടുള്ളതിനാല്‍ തിരുവനന്തപുരത്ത് അതിശക്തമായ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ പരമാവധി 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.
Comments

COMMENTS

error: Content is protected !!