സിലിവധം: എം എസ്‌ മാത്യു അറസ്‌റ്റിൽ

കൊയിലാണ്ടി: സിലി വധക്കേസിൽ  എം എസ്‌ മാത്യു അറസ്‌റ്റിൽ.  കൂടത്തായി റോയ്‌ വധക്കേസിൽ റിമാൻഡിലുള്ള  മാത്യുവിനെ കോഴിക്കോട്‌ ജില്ലാ ജയിലിൽ എത്തിയാണ്‌ അന്വേഷണ ഉദ്യോഗസ്ഥനായ വടകര കോസ്‌റ്റൽ സിഐ ബി കെ ബിജു  അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. ജോളിയുടെ ഭർത്താവ്‌ ഷാജുവിന്റെ ആദ്യഭാര്യയാണ്‌ സിലി.
ഒന്നരവയസ്സുകാരി ആൽഫൈന്റെ കൊലപാതകത്തിൽ ജോളിയെ അറസ്‌റ്റ്‌ ചെയ്യാൻ കോടതി അനുമതിനൽകി.  കൊയിലാണ്ടി ജുഡീഷ്യൽ ഫസ്‌റ്റ്ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി ജഡ്‌ജി കെ വി കുഞ്ഞികൃഷ്‌ണനാണ്‌  അനുമതി നൽകിയത്‌. അതേസമയം, ജോളിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി. സിലി വധക്കേസിൽ പൊലീസ്‌ കസ്‌റ്റഡി കാലാവധി കഴിഞ്ഞതിനാൽ ജോളിയെ വീണ്ടും റിമാൻഡ്‌ ചെയ്‌തു. റോയ്‌ വധക്കേസിലെ റിമാൻഡ്‌ കാലാവധി നവംബർ രണ്ടിനും സിലി വധക്കേസിലേത്‌ നവംബർ നാലിനും അവസാനിക്കുന്നതിനാൽ ജോളിയെ കോഴിക്കോട്‌ ജില്ലാ ജയിലിലേക്ക്‌ കൊണ്ടുപോയി.
അന്വേഷണത്തിന്റെ പേരിൽ നിരന്തരം യാത്രകൾ നടത്തി തന്റെ കക്ഷിയെ പ്രയാസപ്പെടുത്തുകയാണെന്ന്‌ ജോളിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കെ ഹൈദർ പറഞ്ഞു. സ്‌ത്രീയെന്ന പരിഗണന നൽകുന്നില്ലെന്നും നിരന്തരമായ ചോദ്യംചെയ്യലിനെ തുടർന്ന്‌ ജോളിക്ക്‌ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാരക്കേസിലെന്നപോലെയാണ്‌ മാധ്യമങ്ങൾ ജോളിക്കെതിരെ വാർത്തകൾ നൽകുന്നത്‌. അതേസമയം, ജോളിക്ക്‌ ജാമ്യം നൽകരുതെന്ന്‌ പ്രോസിക്യൂഷന്‌ വേണ്ടി ഹാജരായ അസി. പബ്ലിക്‌ പ്രോസിക്യൂട്ടർ സുജയ സുധാകരൻ പറഞ്ഞു. ക്രൂരമായ കൊലപാതകങ്ങൾ നടത്തിയ പ്രതിക്ക്‌ ജാമ്യം നൽകുന്നത്‌ കേസിനെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിച്ച്‌ കേസ്‌ അട്ടിമറിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
സിലി വധക്കേസിൽ ജോളിയെയും എം എസ്‌ മാത്യുവിനെയും പ്രതികളാക്കി താമരശേരി പൊലീസ്‌ എഫ്‌ഐആർ രജിസ്‌റ്റർചെയ്‌തിരുന്നു. ജോളിയെ നേരത്തെ അറസ്‌റ്റുചെയ്‌തിരുന്നു.   മാത്യുവിനെ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ്‌ ആലോചന. കഴിഞ്ഞ ദിവസങ്ങളിൽ ജോളിയെ ചോദ്യംചെയ്‌തപ്പോൾ ലഭിച്ച മറുപടികളുടെ അടിസ്ഥാനത്തിൽ മാത്യുവിൽനിന്ന്‌ വിവരങ്ങൾ ശേഖരിക്കാനാണ്‌ അന്വേഷണസംഘത്തിന്റെ നീക്കം.
Comments

COMMENTS

error: Content is protected !!