വാഴപ്പഴത്തില്‍ തുരുമ്പു കണ്ടാല്‍

 

ഞങ്ങളുടെ പറമ്പിലുള്ള മൂപ്പെത്തിയ വാഴക്കുലയിലെ കായകളില്‍ തുരുമ്പുപിടിച്ചതുപോലെ കാണുന്നുണ്ടോ? വാഴപ്പഴം നന്നായി മൂത്തതിന്റെയും കുല വെട്ടാറായതിന്റെയും ലക്ഷണമായി പലരും ഇതിനെ കാണുന്നു. എന്നാല്‍ ഇതൊരു കീടാക്രമണമാണ്. 2015 മുതലാണ് വാഴകീട സര്‍വേകളില്‍ തുരുമ്പ് ശ്രദ്ധാകേന്ദ്രമാകുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം തുരുമ്പുശല്യം രൂക്ഷമായതോടെയാണ് ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നത്. അങ്ങനെ ഇത്’റസ്റ്റ് ത്രിപ്‌സ്’ എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന കായ്‌പേനുകളാണെന്ന് കണ്ടെത്തിയിരിക്കുകയാണിപ്പോള്‍. വാഴപ്പഴത്തിന്റെ ശോഭ നശിപ്പിക്കുന്ന വിവിധ രോഗങ്ങള്‍ വാഴയെ ബാധിക്കാറുണ്ട്. ഷഡ്പദ കീടങ്ങളും മണ്ഡരികളും അദൃശ്യമായ നിമാവിരകളും ആഫ്രിക്കന്‍ ഒച്ചുകളും വാഴയുടെ ശത്രുക്കളാണ്.

എന്നാല്‍ ഇവയില്‍ മിക്കതും കുലകള്‍ മൂപ്പെത്തുന്നതിനു മുമ്പ് വാഴയെ ബാധിക്കുന്നതാണ്. അതിനാല്‍ തോട്ട നിരീക്ഷണത്തിലൂടെയും കീടനാശിനി പ്രയോഗങ്ങളിലൂടെയും കുലയ്ക്കും പഴങ്ങള്‍ക്കും ദോഷം വരാതെ വിളവെടുക്കാന്‍ സാധിക്കുന്നു. എന്നാല്‍ കായ്കള്‍ മൂപ്പെത്താറാകുമ്പോള്‍ ഉണ്ടാകുന്ന കീട-രോഗ ആക്രമണ ങ്ങള്‍ തീര്‍ത്തും അപകടകരമാണ്. കായീച്ചകള്‍, പഴയീച്ചകള്‍, മീലിമൂട്ടകള്‍, കായ്തുരപ്പന്‍ പുഴുക്കള്‍ എന്നിവയാണ് വിളവെടുക്കാറായ കുലകളെ ബാധിക്കുന്ന കീടങ്ങളില്‍ പ്രധാനികള്‍. ഇവയുടെ ആക്രണം മൂലം തൊലി വിണ്ടുകീറുന്നു. റസ്റ്റ് ത്രിപ്‌സുകള്‍ ഈ ഗണത്തിലെ അവസാന കണ്ണിയാണ്. വാഴകൃഷി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലെല്ലാം റസ്റ്റ് ത്രിപ്‌സുകളുടെ ആക്രമണം കാണുന്നുണ്ട്. ഇന്ത്യയില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ഇവയുടെ ആക്രമണം പഠനവിധേയമാക്കപ്പെട്ടിട്ടുണ്ട്.

ഫലവര്‍ഗവിളകളിലെ ഉത്പാദനത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമാണ് വാഴയ്ക്ക്. അമൂല്യമായ വിവിധ അവശ്യ മൂലകങ്ങളുടെയും ധാതുലവണങ്ങളുടെയും അതിലുപരി അന്നജത്തിന്റെയും പ്രോട്ടീനിന്റെയും നല്ലൊരു കലവറയാണ് വാഴപ്പഴം. ഇതു കേടുകൂടാതെ വിളയിച്ചെടുക്കാന്‍ കീടനിയന്ത്രണം ആവശ്യമാണ്. മൂപ്പെത്തിയ കായകളെ ആക്രമിക്കുന്ന റസ്റ്റ് ത്രിപ്‌സിനെ നിയന്ത്രിച്ചാലേ കയറ്റുമതി മൂല്യം നഷ്ടപ്പെടാതെ ഉത്പാദനം സാധ്യമാക്കാനാകൂ. ഇതെങ്ങനെയെന്നു നോക്കാം.

റസ്റ്റ് ത്രിപ്‌സ് വരുന്ന വഴി

വാഴക്കുലകളില്‍ നിക്ഷേപിക്കുന്ന മുട്ടകളില്‍ നിന്നാണ് ഇവ വിരിഞ്ഞിറങ്ങുന്നത്. ഇളംദശയിലെ പ്രാണികള്‍ക്ക് (ച്യാുവ)െ മഞ്ഞനിറമായിരിക്കും. വാ കൊണ്ട് കായ്കളുടെ പുറംതൊലി കരളുന്ന ഇവ ഊറിവരുന്ന സസ്യദ്രവങ്ങള്‍ കുടിച്ച് വലുതാകുന്നു. പിന്നീട് മണ്ണിലേക്കിറങ്ങി സമാധിയാകുന്ന ഇവ പേനുകളായി പുറത്തു വന്നാണ് ആക്രമണം നടത്തുന്നത്. 25-28 ദിവസം കൊണ്ട് ഇവ രൂപാന്തരപ്പെടുന്നു.

ആക്രമിക്കുന്ന വിളകള്‍:-‘കേയ്റ്റിനോഫോത്രിപ്‌സ് സിഗ്നിപെനിസ്’ എന്ന ശാസ്ത്ര നാമമുളള ‘കായ്‌പേനുകള്‍’ പ്രധാനമായും വാഴ, ആന്തൂറിയം, ഡ്രസീന എന്നീ വിളകളെ യാണ് ആക്രമിക്കുന്നത്. ഇവ കൂടാതെ ഓറഞ്ച്, തക്കാളി, പട്ടാണിപയര്‍ എന്നിവയെയും, കളകളെയും അലങ്കാര ചെടികളെയും ഇവ ആക്രമിക്കുന്നു.

ആക്രമിക്കുന്ന ഇനങ്ങള്‍:-പൂവന്‍, മൊന്തന്‍, ഗ്രാന്റ് നേയ്ന്‍, സബാ, രസകദളി എന്നീ വാഴയിനങ്ങളില്‍ റസ്റ്റ് ത്രിപ്‌സുകളുടെ ആക്രമണം രേഖപ്പെടുത്തിയിട്ടുണ്ട്. നേന്ത്രന്‍ ഇനങ്ങളില്‍ ആദ്യമായാണ് ഇതു കണ്ടുപിടിച്ചിരിക്കുന്നത്.

എങ്ങനെ തിരിച്ചറിയാം

വാഴയിലെ തുരുമ്പ് ഈ കീടങ്ങളുടെ ആക്രമണത്തിന്റെ ലക്ഷണമാണ്. വാഴയുടെ മൂപ്പെത്തിയ കായ്കളില്‍ കാണുന്ന ഇളംദശയിലെ കായ്‌പ്പേനുകളും അവയുടെ മുതിര്‍ന്ന കീടങ്ങളും പൂങ്കുലയില്‍ ഒളിച്ചിരുന്നാണ് ആക്രമണം തുടങ്ങുന്നത്. വാ കൊണ്ട് കരണ്ട് കായുടെ തൊലിയില്‍ മുറിവുണ്ടാക്കുന്നു. അതില്‍ നിന്ന് ഊറിവരുന്ന സ്രവങ്ങള്‍ ഭക്ഷിച്ച് ഇവ പെറ്റുപെരുകുന്നു. കായ്കളുടെ പുറംതൊലിയില്‍ ഇവയുണ്ടാക്കുന്ന മുറിവുകള്‍ തുടക്കത്തില്‍ നീണ്ട മുറിവുകളായി കാണുന്നു. പിന്നീട് ഇവ പരുപരുത്തപാടുകളായി മാറും. ഇവ തുരുമ്പിച്ച് വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. കായ്കളു ടെ പുറത്തെ ഈ ആക്രമണം മൂലം കായ്കളുടെ ഭംഗി നഷ്ടപ്പെടുകയും കുലകള്‍ക്ക് പ്രതീക്ഷിച്ച വില ലഭിക്കാതെ പോവുകയും ചെയ്യുന്നു.

തോട്ടത്തെത്തന്നെ നശിപ്പിച്ച്

തോട്ടങ്ങളിലെത്തുന്ന റസ്റ്റ് ത്രിപ്‌സുകള്‍ ഒരു വാഴയില്‍ നിന്ന് മറ്റു വാഴകളിലേക്ക് ആക്രമണം രൂക്ഷമാക്കുന്നു. ഒരു തോട്ടത്തില്‍ ഇവയുടെ ആക്രമണം 5-10 ശതമാനമായി ചില വാഴകളില്‍ ഒതുങ്ങി നില്‍ക്കാറാണുള്ളതെങ്കിലും അനുകൂല സാഹചര്യങ്ങളില്‍ തോട്ടത്തിലെ മുഴുവന്‍ വാഴകളിലേക്കും ഇവ വ്യാപിക്കുന്നു. മധ്യകേരളത്തിലെ, പ്രത്യേകിച്ച് തൃശൂരിലെ ചില തോട്ടങ്ങളില്‍ 65 ശതമാനം വാഴകളിലും ഇവയുടെ ആക്രമണം കാണുന്നു.

എങ്ങനെ നിയന്ത്രിക്കാം?

അവസാന ഘട്ടത്തിലോ ആക്രമണം രൂക്ഷമായിട്ടോ കീടനാശിനി ഉപയോഗിച്ചുള്ള നിയന്ത്രണം ഫലം കാണില്ല. താഴെ പറയുന്ന മാര്‍ഗങ്ങള്‍ കൃത്യമായി സ്വീകരിച്ച് ഇവയെ നിയന്ത്രിക്കാം.

1. തോട്ടങ്ങള്‍ കൃത്യമായി നിരീക്ഷിക്കണം. ആക്രമണത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടെത്തണം.

2. കളനിയന്ത്രണം കൃത്യസമയങ്ങളില്‍ ചെയ്യുക.

3. കുല വിരിഞ്ഞു തുടങ്ങുന്ന സമയത്ത് നേര്‍പ്പിച്ച കഞ്ഞിവെളളം തളിച്ചു കൊടുക്കുക.

4. വെര്‍ട്ടിസീലിയം ലെക്കാനി (ലെക്കാനിസീലിയം ലെക്കാനി) എന്ന മിത്ര കുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ കലക്കി കുലകളില്‍ 20 ദിവസ ഇടവേളകൡ മൂന്നുതവണ തളിക്കുക.

5. കുലവിരിഞ്ഞു തുടങ്ങുമ്പോള്‍ പോളി എത്തിലീന്‍ കവറുകള്‍ കൊണ്ട് പൊതിഞ്ഞു കൊടുക്കുന്നത് കീടാക്രമണം തടയാന്‍ സഹായിക്കും.

ഫലവര്‍ഗങ്ങളുടെ അഖിലേന്ത്യാ ഏകോപന ഗവേഷണ പദ്ധതിയുടെ ഭാഗമായി ഉരിതിരിച്ചെടുത്ത മാര്‍ഗങ്ങള്‍ റസ്റ്റ് ത്രിപ്‌സിനെ പൂര്‍ണമായും നിയന്ത്രിക്കാന്‍ പര്യാപ്തമാണ്.

1. കുല വിരിഞ്ഞിറങ്ങുമ്പോള്‍ തന്നെ ഇമിഡാക്ലോപ്രിഡ് എന്ന കീട നാശിനി 0.3 മില്ലി അര ലിറ്റര്‍ വെളളത്തിന് (0.001% വീര്യത്തില്‍) എന്ന തോതില്‍ തയാറാക്കി ഒരു മില്ലി ഒരു പൂങ്കുലയ്ക്ക് എന്ന തോതില്‍ സിറിഞ്ചുപയോഗിച്ച് കുത്തിവയ്ക്കുക.

2. വേപ്പെണ്ണ അഞ്ചു മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച് രണ്ടു മില്ലി ഒരു പൂങ്കുലയ്ക്ക് എന്ന തോതില്‍ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുക.

3. ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി 2.5 മില്ലി ഒരു ലിറ്റര്‍ വെളളത്തിന് (0.05% വീര്യത്തില്‍)എന്ന തോതില്‍ ആദ്യ പടല വിരിഞ്ഞിറങ്ങുന്ന സമയത്തും എല്ലാ പടലകളും വിരിഞ്ഞുകഴിഞ്ഞും രണ്ടു തവണയായി തളിക്കുക.

4. ക്ലോര്‍പൈറിഫോസ് 2.5 മില്ലി ഒരു ലിറ്റര്‍ വെളളത്തിന് (0.05% വീര്യത്തില്‍) എന്ന തോതില്‍ തയാറാക്കിയ ലായനി വാഴയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നത് റസ്റ്റ് ത്രിപ്‌സിന്റെ സമാധിദശകളെ ഒഴിവാക്കും. ഇതുവഴി കായ്‌പ്പേനുകള്‍ പരക്കുന്നത് തടയാന്‍ സാധിക്കും.

5. തൈയാമെതോക്‌സാം രണ്ടു ഗ്രാം പത്തുലിറ്റര്‍ വെളളത്തിലെന്ന തോതി ല്‍ ആദ്യ പടല വിരിഞ്ഞിറങ്ങുമ്പോള്‍ തളിക്കുന്നതും ഉത്തമമാണ്.

6. മിത്രകുമിളായ ബ്യൂവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തിന് എന്ന തോതില്‍ വാഴച്ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നത് റസ്റ്റ് ത്രിപ്‌സുകളുടെ സമാധിദശ ഒഴിവാക്കും.

Comments

COMMENTS

error: Content is protected !!