മാതൃകയാക്കാം കതീജയുടെ ഈ നല്ല മനസ്സിനെ


ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി പൊതു ആവശ്യത്തിനുവേണ്ടി വിട്ടുകൊടുത്ത കതീജയെന്ന സ്ത്രീ വലിയ പണക്കാരിയായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. മന്ത്രിയുടെയും എം.എൽ.എയുടെയും നാട്ടുകാരുടെയും മുമ്പിൽ വിനയാന്വിതയായി പുഞ്ചിരിച്ചുകൊണ്ട് നിന്ന അവരുടെ ജീവിതം കേട്ടപ്പോഴാണ് ആടുവളർത്തൽ ജീവിതോപാധിയാക്കിയ നൻമ നിറഞ്ഞ മനസിന്റെ പേരാണ് കതീജയെന്ന് മനസിലായത്.

കാർഷിക ഗ്രാമമായ നായർകുഴിയിലെയും പരിസരങ്ങളിലെയും കൃഷി അഭിവൃദ്ധിപ്പെടുത്താൻ രണ്ട് കോടിയിലേറെ രൂപയാണ് സർക്കാർ അനുവദിച്ചത്. പദ്ധതിക്കു വേണ്ടി വെള്ളമെത്തുന്ന ടാങ്ക് നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം അന്വേഷിച്ചവർക്കടുത്തേക്ക്  സൗജന്യമായി സ്ഥലം നൽകാൻ സന്നദ്ധയായി മുമ്പോട്ടു വന്നത് നായർകുഴിയിലെ പ്രധാന റോഡിന്റെ അരികിൽ താമസിക്കുന്ന ബംഗ്ലാവിൽ കതീജയാണ്.

പുൽപറമ്പ് എൻ.സി ഓഡിറ്റോറിയത്തിൽ നായർകുഴി ലിഫ്റ്റ് ഇരിഗേഷൻ പദ്ധതിയുടെ ഉദ്ഘാടന വേളയിൽ പി.ടി.എ റഹീം എം.എൽ.എയുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയിൽ നിന്ന് നാടിന്റെ സ്നേഹം നിറച്ച ചെറിയൊരു ഉപഹാരം സ്വീകരിക്കുമ്പോഴും കതീജയുടെ മുഖത്ത് ഭാവമാറ്റമൊന്നും കണ്ടില്ല. പൈതൃകമായി ലഭിച്ച ഇത്തിരി ഭൂമിയിൽ നിന്ന് പൊതു ആവശ്യത്തിനായി നൽകിയ സ്ഥലം വലിയ ദാനമായി ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടും എന്നത് മാത്രമായിരുന്നു അവരുടെ പ്രതികരണം.

പുൽപറമ്പ് നായർകുഴി റോഡിന്റെ ഓരത്ത് ചെറിയൊരു വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന കതീജയുടെ ഭർത്താവ് വർഷങ്ങൾക്കു മുമ്പ് ഇവരെ ഉപേക്ഷിച്ചു പോയതാണ്.  മാവൂർ ഗ്രാമപഞ്ചായത്തിലെ കണിയാത്ത് നിന്ന് പതിറ്റാണ്ടുകൾക്കു മുമ്പ് നായർകുഴിയിലേക്ക് താമസം മാറ്റിയ ഇവർക്ക് മക്കളില്ല. മാവൂർ പൈപ്പ് ലൈൻ റോഡ് നിർമ്മിക്കാൻ തന്റെ പതിനാറ് സെന്റ് സ്ഥലം ഇവർ നേരത്തെ വിട്ടു നൽകിയിരുന്നു.

Comments

COMMENTS

error: Content is protected !!