കേരളത്തിന്റെ സ്വന്തം ഇ ഓട്ടോ നീംജി ഇന്ന്‌ നിരത്തിൽ

കേരളത്തിന്റെ സ്വന്തം ഇ ഓട്ടോയായ -നീം-ജി തിങ്കളാഴ്‌ച നിരത്തിലിറങ്ങും. രാവിലെ എട്ടിന്‌ എംഎൽഎമാരെ നിമയസഭാ മന്ദരിത്തിലേക്ക്‌ എത്തിച്ചാണ്‌ ആദ്യയാത്ര. എംഎൽഎ  ക്വാർട്ടേഴ്സിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഫ്ലാഗ്‌ഓഫ്‌ ചെയ്യും.  മന്ത്രിമാരായ ഇ പി ജയരാജൻ, എ കെ ശശീന്ദ്രൻ, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല എന്നിവർ പങ്കെടുക്കും.

 

കഴിഞ്ഞ ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്‌ഘാടനം ചെയ്‌ത്‌ നാല്‌ മാസത്തിനകമാണ്‌ ഇ ഓട്ടോ നിരത്തിലിറങ്ങൂന്നത്‌. ജൂണിലായിരുന്നു നിർമാണത്തിന്‌ കേന്ദ്രാനുമതി ലഭിച്ചത്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ (കെഎഎൽ) നെയ്യാറ്റിൻകരയിലെ പ്ലാന്റിലാണ്‌  നിർമാണം. ഇതോടെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനാവും കേരളം സാക്ഷ്യം വഹിക്കുക. 2.8 ലക്ഷം രൂപയാണ് ഇ -ഓട്ടോയുടെ വില. സർക്കാർ സബ്സിഡിയും ലഭിക്കും. പലിശരഹിതവായ്‌പയടക്കമുള്ള ആനുകൂല്യങ്ങളുമുണ്ട്‌. 15- ഓട്ടോകളാണ്‌ ആദ്യഘട്ടത്തിൽ നിരത്തിലിറക്കുക. ഈ മാസം നൂറ്‌ എണ്ണവും അടുത്ത മാർച്ചിനകം 1000 ഓട്ടോകളും ലഭ്യമാക്കും. നിലവിൽ കെഎഎൽ വഴിയായിരിക്കും വിൽപ്പന. തുടർന്ന് ഡീലർഷിപ്‌ വഴി ജില്ലകളിൽ വിൽപ്പനയ്‌ക്കെത്തിക്കും.

 

കിലോമീറ്ററിന്‌ ചെലവ്‌ 50 പൈസ
ഡ്രൈവർക്കും മൂന്ന‌് യാത്രക്കാർക്കും സഞ്ചരിക്കാവുന്ന കേരള നീംജി കാഴ‌്ചയിൽ സാധാരണ ഓട്ടോ പോലെയാണ‌്. എന്നാൽ, സാധാരണ ഓട്ടോയിൽ ഒരുകിലോമീറ്റർ പിന്നിടാൻ രണ്ട‌് രൂപ ചെലവാകുമ്പോൾ ഇ ഓട്ടോയുടെ ചെലവ‌് വെറും 50 പൈസ മാത്രം. . സംരക്ഷണചെലവും കുറവ്‌. ഏകദേശം നാലു മണിക്കൂർകൊണ്ട‌് വീട്ടിൽ നിന്നുതന്നെ ബാറ്ററി  ചാർജ് ചെയ്യാം. ഒരുതവണ ചാർജ് ചെയ‌്താൽ 100 കിലോമീറ്റർ സഞ്ചരിക്കും. ഗാർഹികവൈദ്യുതി നിരക്ക‌് മാത്രമേ ഈടാക്കുകയുമുള്ളു.
Comments

COMMENTS

error: Content is protected !!