യുഎപിഎ അറസ്റ്റ്: മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തും

കോഴിക്കോട്: യുഎപിഎ ചുമത്തി കോഴിക്കോട്ട് അറസ്റ്റ് ചെയ്ത യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച അന്വേഷണത്തിന് മറ്റു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തുന്നു. കേരള പോലീസ് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കുന്നതിനാണ് ഇതരസംസ്ഥാന അന്വേഷണ സംഘം എത്തുന്നത്.

 

വിദ്യാര്‍ഥികളുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന വ്യക്തമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തെളിവുകള്‍ പരിശോധിക്കാനാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അന്വേഷണ സംഘം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ തങ്ങളുടെകൂടി സാന്നിധ്യത്തില്‍ ചോദ്യംചെയ്യണമെന്നും ഇവര്‍ കേരള പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

അറസ്റ്റിലായ വിദ്യാര്‍ഥികളില്‍ ഒരാളായ അലന്‍ മറ്റൊരു സംസ്ഥാനത്തുനിന്നുള്ള മാവോയിസ്റ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും പോലീസ് പറയുന്നു. പാലക്കാട് വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇതിനു ശേഷമാണ് അലന്റെ മാവോയിസ്റ്റ് ബന്ധം സജീവമായതെന്നും ഇതു സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും പോലീസ് പറയുന്നു.

 

അലന്റെ വീട്ടില്‍നിന്ന് ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ് പിടിച്ചെടുത്തതെങ്കിലും അലന്‍ ആറ് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഈ ഫോണുകളുടെ ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളെ കണ്ടെത്താന്‍ മറ്റു സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറയുന്നു.

 

അതിനിടെ, അലന്‍ ഷുഹൈബിനുവേണ്ടി ഹൈക്കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നുണ്ട്. അലന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തെളിയിക്കാനായില്ലെന്നും അതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. അലന്‍ ഒരു നിയമവിദ്യാര്‍ഥിയാണ്. മുന്‍പ് ഒരുവിധത്തിലുള്ള ക്രമിനല്‍ പശ്ചാത്തലവും ഇല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments

COMMENTS

error: Content is protected !!