കറുത്തപൊന്നും കൃഷിരീതികളും

കേരളത്തിന്റെ സമ്പദ്ഘടനയ്ക്കും കര്‍ഷകനും എന്നും താങ്ങാണു കുരുമുളക്. വര്‍ഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാമെന്നതാണ് പ്രധാന നേട്ടം. അതിനാല്‍ വിലയിലുണ്ടാകുന്ന മാറ്റത്തില്‍ മൂല്യം നഷ്ടപ്പെടാതെ വിറ്റഴിക്കാന്‍ സാധിക്കുന്ന ഏകവിള കുരുമുളകു മാത്രമാണ്.

കാലാവസ്ഥാ വ്യതിയാനത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നതും കുരുമുളകുകൃഷിയാണ്. പ്രധാന പ്രശ്‌നം മഴയിലെ ഏറ്റക്കുറച്ചിലുകളാണ്. കുരുമുളകു നടുന്നസമയത്തു മഴവേണം. തുടര്‍മഴയും കൃത്യമായി ലഭിക്കണം. 10-15 ദിവസം തുടര്‍ച്ചയായി ജലസേചനം നല്‍കിയാണ് നഴ്‌സറികളില്‍ കുരുമുളകുവള്ളി വേരുപിടിപ്പിക്കുന്നത്. രോഗബാധയ്‌ക്കെതിരേ മുന്‍ കരുതലുകള്‍ സ്വീകരിച്ചുവേണം ഇങ്ങനെ ചെയ്യാന്‍. ഉയര്‍ന്ന ഉത്പാദനശേഷിയുള്ള കരിമുണ്ട, പന്നിയൂര്‍, ശുഭകര ഇനങ്ങള്‍ നടാന്‍ ശ്രദ്ധിക്കണം.

നടീല്‍ വസ്തുക്കളുടെ ഗുണമേന്മയ്ക്കും ആവശ്യത്തിനു തൈകള്‍ ലഭിക്കാനും ഒരേ സമയത്തു കൃഷിയിറക്കാനും നഴ്‌സറികളില്‍ ഉത്പാദിപ്പിക്കുന്ന തൈകള്‍ നല്ലതാണ്.

താങ്ങുകാലുകളുടെ വടക്കു ഭാഗത്ത് തടം തയാറാക്കി ജൈവവളങ്ങള്‍ ചേര്‍ത്തിളക്കണം. താങ്ങുകാലിനോടു ചേര്‍ത്തുവേണം തൈകള്‍ നടാന്‍.

നടുന്ന സമയത്തും വേനല്‍ ആരംഭിക്കുമ്പോഴും തെങ്ങോലയോ കമുങ്ങിന്റെ ഓലയോ ഉപയോഗിച്ച് തണല്‍ നല്‍കണം. ആദ്യ രണ്ടുവര്‍ഷത്തെ വേനലാരംഭത്തില്‍ 50 ശതമാനം തണല്‍ ഉറപ്പാക്കണം.

തൈകള്‍ നട്ട തടത്തിനു ചുറ്റും മണ്ണുകൊണ്ട് പിള്ളത്തടം ഉണ്ടാക്കണം. ഉണങ്ങിയ കരിയിലയോ പുല്ലോ ഉപയോഗിച്ച് തടത്തില്‍ പുതയിടണം. ചെടികളുടെ ചുവട് തൂമ്പയോ മറ്റായുധങ്ങളോ ഉപയോഗിച്ച് ഇളക്കരുത്. വളരുന്ന വള്ളികള്‍ താങ്ങുകാലുകളില്‍ ചേര്‍ത്തുകെട്ടണം.

വശങ്ങളിലേക്കുവരുന്ന ചെറുവള്ളികളിലാണ് കായ പിടിക്കുന്നത്. ഇതുണ്ടാകാതെ കുരുമുളകുവള്ളി നേരേ പോകാം. ഇങ്ങനെ കണ്ടാല്‍ താങ്ങുകാലിലെ ബന്ധം വേര്‍പ്പെടുത്തണം. വള്ളി താഴെ ഇറക്കി വളച്ചു മണ്ണോടു ചേര്‍ത്തു അതേ മരത്തില്‍ കെട്ടണം. ഇങ്ങനെ ചെയ്യുമ്പോള്‍ ചെടിയുടെ ചുവടിളകാതെ ശ്രദ്ധിക്കണം.

മഴക്കാലം തുടങ്ങുന്നതിനുമുമ്പ് ജൂണ്‍ ആദ്യവാരം, കുരുമുളകു ചെടികളുടെ ചുവട്ടിലെ കളകള്‍ കൈക്കൊണ്ട് നീക്കം ചെയ്തതിനുശേഷം ജൈവവളങ്ങളായ ചാണകം, എല്ലുപൊടി, കടലപിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഇട്ടുകൊടുക്കണം. കരിയിലയോ ഉണങ്ങിയ പുല്ലോ ഇട്ടു തടം മൂടണം. വളരെ നേര്‍ത്ത അളവില്‍ മണ്ണിടാം. എന്നാല്‍ വെട്ടിമൂടരുത്.

കുരുമുളക് ചെടിച്ചട്ടികളില്‍ വരെ വളര്‍ത്തത്തക്ക രീതിയില്‍ നടീല്‍ വസ്തുക്കള്‍ ലഭ്യമാണ്. ഒരു ചെടിച്ചട്ടിയില്‍ ഒരു കുറ്റിക്കുരുമുളക് എന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക്: വി.ഒ. ഔതക്കുട്ടി
ഫോണ്‍: 94461 25632, 94476 60449.

Comments

COMMENTS

error: Content is protected !!