വ്യായാമം ചെയ്യുന്നതിനു മുൻപ് ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ച് പലരും മുൻപത്തേക്കാൾ ബോധവാന്മാരായി മാറിയിരിക്കുന്നു. ഡോക്ടർമാരോട് പലർക്കും ചോദിക്കാനുള്ള സംശയങ്ങളാണ് എത്രനേരം വ്യായാമം ചെയ്യണം എപ്പോൾ വ്യായാമം ചെയ്യണം എന്നുള്ളത്. നിങ്ങൾ വ്യായാമം ചെയ്യുന്ന സമയം ആരോഗ്യനിലയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്ന് ഡോക്ടർമാർ ഓർമപ്പെടുത്തുന്നു.

 

∙ പ്രഭാതഭക്ഷണത്തിനു മുൻപേ വ്യായാമം ചെയ്യുന്നതാണത്രേ അമിതവണ്ണമുള്ളവരിൽ ഏറ്റവും ഗുണകരമായി കണ്ടുവരുന്നത്. യുകെയിലെ ബിർമിങ്ഹാം സർവകലാശാലയിലാണ് വ്യായാമവും ഭക്ഷണനേരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനം നടത്തിയത്. വർക്ക് ഔട്ടിനും ഭക്ഷണത്തിനും ഇടയ്ക്കുള്ള സമയം ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ടത്രേ.

 

∙ അമിതവണ്ണമുള്ള 30 പേരിൽ ആറാഴ്ച സമയമെടുത്താണ് ഇവർ പഠനം നടത്തിയത്. പ്രഭാതക്ഷണത്തിനുശേഷം വ്യായാമം ചെയ്തവർ, മുൻപ് ചെയ്തവർ, ഒരു വ്യായാമവും ചെയ്യാത്തവർ എന്നിങ്ങനെ 3 വിഭാഗമായി തരംതിരിച്ചുകൊണ്ടായിരുന്നു പഠനം. പ്രാതലിനു മുൻപേ ചെയ്യുന്ന വ്യായാമം ശരീരത്തിലെ കൂടുതൽ കാലറി ഊർജം കത്തിച്ചുകളയാൻ സഹായിക്കുന്നുണ്ടത്രേ. പ്രാതലിനു ശേഷം വ്യായാമം ചെയ്തവരേക്കാൾ ഇരട്ടിഗുണം ഇവരുടെ ശരീരത്തിൽ പ്രകടമായതായി ഗവേഷണത്തിൽനിന്നു വ്യക്തമായി.

 

∙ ശരീരത്തിൽ അടിഞ്ഞുകൂടിയ ദുർമേദസ് ഫലപ്രദമായി കുറയ്ക്കാൻ പ്രാതലിനു മുൻപേയുള്ള വ്യായാമം ഉപകരിക്കുന്നു. ഇവരുടെ പേശികൾക്ക് കൂടുതൽ കരുത്ത് ലഭിക്കുന്നതായും വ്യക്തമായി. ഇവരുടെ ശരീരം ഇൻസുലിൻ ഉൽപാദനത്തോട് പോസിറ്റീവ് ആയി പ്രതികരിക്കുകയും പ്രമേഹനില ക്രമാനുസൃതമായി കുറയുകയും ചെയ്തുവത്രേ. അമിതഭാരം കുറയുകയും ശരീരം കൂടുതൽ ഫിറ്റ് ആകുകയും ചെയ്തു.

 

∙ രാവിലെ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞാൽ വൈകാതെ വ്യായാമം ചെയ്യണം. എന്നു കരുതി വെറുംവയറ്റിൽ കഠിനവ്യായാമങ്ങൾ ചെയ്യാൻ പാടില്ലെന്നും പറയുന്നു. രാവിലെ ഒരു ഗ്ലാസ് വെള്ളമോ ഗ്രീൻ ടീയോ കഴിച്ചതിനുശേഷം വ്യായാമം ചെയ്തുനോക്കൂ. കൂടുതൽ പ്രയോജനം ലഭിക്കുമെന്നുമാത്രമല്ല, വ്യായാമം ചെയ്യാനുള്ള ഉന്മേഷം ലഭിക്കുകയും ചെയ്യും. വ്യായാമത്തിനിടയിൽ ആവശ്യമെങ്കിൽ വെള്ളം കുടിക്കാം.

 

∙ പ്രാതലിനുശേഷമാണ് വ്യായാമത്തിനു നീക്കിവയ്ക്കുന്നതെങ്കിൽ രാവിലെ വയറുനിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു. പ്രഭാതഭക്ഷണത്തിൽ വളരെയധികം കാർബോഹൈഡ്രേറ്റുകൾ ഉൾപ്പെടുത്തുന്നവർ ആയാസമേറിയ വ്യായാമം ചെയ്യുന്നതു നല്ലതാണ്. പക്ഷേ ഹൃദയത്തിന്റേതുൾപ്പെടെ ആരോഗ്യനില പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ കഠിന വ്യായാമങ്ങൾ ചെയ്യാൻ പാടുള്ളൂ.
Comments

COMMENTS

error: Content is protected !!