ശിശുദിനത്തില്‍ ഡോക്ടറെ ആദരിച്ച് വിദ്യാര്‍ത്ഥികള്‍


കൊയിലാണ്ടി: രാജ്യ സേവനത്തിലും ചികിത്സാരംഗത്തും സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച് പ്രശസ്തനായ ഡോ. കെ ഗോപിനാഥനെ കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘വിദ്യാലയം പ്രതിഭകളിലേക്ക്’ പദ്ധതിയുടെ ഭാഗമായാണ് യു പി-ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി- വി എച്ച് എസ് ഇ വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപകരും റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഡോക്ടറുടെ വീട്ടില്‍ ആദരിക്കാന്‍ എത്തിയത്.

നാലു വര്‍ഷത്തോളം കശ്മീരിലെ കുപ് വാരയില്‍ സൈനിക ഡോക്ടറായി സേവനം അനുഷ്ഠിച്ച അനുഭവങ്ങളും ചികിത്സാ രംഗത്ത് പതിറ്റാണ്ടുകള്‍ പിന്നിട്ട തന്റെ അനുഭവ സമ്പത്തും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. ഡോക്ടര്‍ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയും പുതിയ തലമുറയ്ക്കുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ പി വല്‍സല, ഹെഡ് മിസ്ട്രസ് പി ഉഷാകുമാരി, മീഡിയ ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ സാജിദ് അഹമ്മദ്, വി എം രാമചന്ദ്രന്‍, എം ഊര്‍മ്മിള, സുചീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Comments

COMMENTS

error: Content is protected !!