വൈറ്റമിന്‍ ഡി കുറവ് എങ്ങനെ പരിഹരിക്കാം

വൈ റ്റമിന്‍ ഡി-യെക്കുറിച്ചു കേള്‍ക്കാത്തവരുണ്ടാകില്ല. ഇന്ന് വളരെ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് വൈറ്റമിന്‍ ഡിയുടെ കുറവ്! കുട്ടികളില്‍ മാത്രമല്ല, മുതിര്‍ന്നവരിലും ഇതൊരു പ്രശ്‌നം തന്നെയാണ്.

 

ഇത് ശരീരത്തിന് ആവശ്യമുള്ളതാണോ?

 

സംശയമുണ്ടോ? അത്യാവശ്യം തന്നെ! നമ്മള്‍ പലരും കാത്സ്യത്തെപ്പറ്റി കേട്ടിട്ടുണ്ട് അല്ലേ? എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് അത് അത്യാവശ്യമാണ്. എന്നാല്‍, ഈ കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വൈറ്റമിന്‍ ഡി. അതായത് നമ്മള്‍ എത്ര കാത്സ്യം ഉള്ള ഭക്ഷണങ്ങള്‍ കഴിച്ചിട്ടും കാര്യമില്ല, വൈറ്റമിന്‍ ഡി ഇല്ലെങ്കില്‍ അതൊന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല. അത് തന്നെയാണ് പ്രാധാന്യവും.

 

എവിടെ നിന്നാണ് വൈറ്റമിന്‍ ഡി കിട്ടുന്നത്?

 

മറ്റു വൈറ്റമിനുകള്‍ പോലെ ഭക്ഷണം മാത്രമല്ല വൈറ്റമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും കിട്ടും. സൂര്യരശ്മികള്‍ നമ്മുടെ ത്വക്കിന്റെ അടിയിലെ കൊഴുപ്പുപാളികളില്‍ വീഴുന്നതിന്റെ ഫലമായി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന രണ്ടു അവയവങ്ങളാണ് കരളും വൃക്കകളും.

 

എന്തുകൊണ്ട് വിറ്റാമിന്‍ ഡി കുറയുന്നു?

 

അതിനുള്ള കാരണം വളരെ ലളിതമാണ്. ഇന്ന് ആരാണ് വെയില്‍ കൊള്ളുന്നത്? അധികം ചെറുപ്പക്കാരും എ.സി. മുറികളില്‍ ആണ് ജോലിചെയ്യുന്നത്. കുട്ടികളാകട്ടെ, പുറത്തു പോയി വെയിലത്തു കളിക്കാറുമില്ല. എല്ലാവരും മൊബൈല്‍ ഫോണില്‍ ഗെയിം കളികളും മറ്റുമായി വീട്ടില്‍ത്തന്നെ ഒതുങ്ങുന്നു. നമ്മുടെ പ്രധാന വരുമാനമാര്‍ഗം കൃഷിയായതിനാല്‍ പണ്ടെല്ലാവരും വെയിലത്തു പണിയെടുക്കുന്നവരായിരുന്നു. കുട്ടികളോ? സ്‌കൂള്‍ വിട്ടു വന്നാല്‍ തൊടിയിലും പറമ്പിലുമായി കളിയോട് കളി! അതുകൊണ്ട് തന്നെ അവര്‍ക്കെല്ലാം വേണ്ടത്ര വൈറ്റമിന്‍ ഡി യും ഉണ്ടായിരുന്നു. ഇന്നത്തെ ജീവിതശൈലി തന്നെയാണ് വൈറ്റമിന്‍ ഡി കുറവിന് പ്രധാനകാരണം.

 

ജനിച്ച ഉടന്‍ കുഞ്ഞിന് വൈറ്റമിന്‍ ഡി കൊടുത്തു തുടങ്ങണോ?

 

അതെ, ജനിച്ചതു മുതല്‍ ഒരു വയസ്സ് വരെ കുഞ്ഞിന് വൈറ്റമിന്‍ ഡി തുള്ളിമരുന്നുകള്‍ കൊടുക്കേണ്ടതാണ്. പൊതുവേ അമ്മമാരില്‍ വൈറ്റമിന്‍ ഡി കുറവാണെന്നാണ് ലോകത്തുടനീളം നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയത്.

 

ഇന്ത്യയിലെ അമ്മമാരിലാണ് കൂടുതല്‍ പ്രശ്‌നം. അമ്മമാരില്‍ നിന്ന് കുഞ്ഞുങ്ങളിലേക്കു കൈമാറപ്പെടുന്ന വൈറ്റമിന്‍ ഡി യുടെ അളവും വളരെ കുറവായിരിക്കും. സ്വന്തം ശരീരത്തില്‍ത്തന്നെ കുറവായ ഒരു വസ്തു അമ്മമാര്‍ എങ്ങനെയാണ് മക്കളിലേക്ക് പകരുക അല്ലേ? അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളും ജന്മനാ രക്തത്തില്‍ വൈറ്റമിന്‍ ഡി യുടെ അളവ് കുറഞ്ഞാണ് പിറക്കുന്നത്.

 

ഇതിന്റെ ഫലമോ? അവരുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാത്സ്യത്തിന്റെ അളവ് കുറയും. അങ്ങനെ പല പ്രശ്‌നങ്ങളും അവര്‍ക്കുണ്ടാകുകയും ചെയ്യും.

 

ഇതെല്ലാം പ്രതിരോധിക്കാനാണ് ജനിച്ചതു മുതല്‍ ഒരു വയസ്സ് വരെ വൈറ്റമിന്‍ ഡി തുള്ളിമരുന്ന് അവര്‍ക്ക് നല്‍കണമെന്ന് പറയുന്നത്.

 

സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടോ?

 

സൂര്യപ്രകാശമേല്‍ക്കാത്തവരില്‍ വൈറ്റമിന്‍ ഡി കുറവായിരിക്കും. അതു കൊണ്ട് മുകളില്‍ പറഞ്ഞ ഭക്ഷണസാധനങ്ങള്‍ നല്ലവണ്ണം കഴിക്കാന്‍ ശ്രമിക്കുക. ആര്‍ത്തവം നിന്ന മധ്യവയസ്സു കഴിഞ്ഞവര്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഭാഗമായി എല്ലുകള്‍ സ്വാഭാവികമായി തന്നെ ക്ഷീണിക്കും. അപ്പോള്‍ വൈറ്റമിന്‍ ഡി കൂടി കുറഞ്ഞാല്‍ കൂനിന്മേല്‍ കുരു വന്ന പോലാകും. കാത്സ്യം ഒട്ടും തന്നെ ശരീരത്തില്‍ ഉണ്ടാകില്ല. ഫലമോ എല്ലുകള്‍ ഒടിയാന്‍ വരെ കാരണമാകാം.

 

അപ്പോള്‍ ഈ രണ്ടുവിഭാഗവും ഭക്ഷണശീലങ്ങളിലും ജീവിതചര്യകളിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. ദിവസവും ഒരു 15 മിനിറ്റ് എങ്കിലും വെയില്‍ കൊള്ളുക.

 

കാത്സ്യവും വൈറ്റമിന്‍ ഡി യും ധാരാളമായി ഉള്ള ആഹാരസാധനങ്ങള്‍ കഴിക്കുക. 40 വയസ്സ് കഴിഞ്ഞാല്‍ കാത്സ്യം ഗുളികകള്‍ ആവശ്യമെങ്കില്‍ കഴിക്കേണ്ടതാണ്.

 

കാത്സ്യം കുറയുമ്പോഴുള്ള പ്രശ്‌നങ്ങള്‍?

 

നവജാതശിശുക്കളില്‍ കാത്സ്യം കുറയുന്നതിന്റെ ഫലമായി അപസ്മാരമോ, അല്ലെങ്കില്‍ കൈയുംകാലും വിറയലോ ഉണ്ടാവുന്നു.

 

കുട്ടികളില്‍ റിക്കറ്റ്‌സ് എന്ന രോഗമുണ്ടാക്കുന്നു. പേശീവലിവ്, പേശിവേദന, ഉയരക്കുറവ്, തൂക്കക്കുറവ്, കാലുകള്‍ക്ക് വളവ്, നടക്കാനുള്ള ബുദ്ധിമുട്ട്, കുഞ്ഞിന്റെ ബുദ്ധി വികാസത്തിലുള്ള കാലതാമസം, തലയിലെ നിറുകയിലെ പതപ്പ് അടയാന്‍ വൈകുക (ഒന്നരവയസ്സിനു മേലെ), വയര്‍ വീര്‍ത്തിരിക്കുക, പൊക്കിള്‍ പുറമേക്ക് തള്ളിവരുക, വാരിയെല്ലുകള്‍ പുറമേക്ക് ചെറിയ ഉണ്ടകളായി തള്ളി ഇരിക്കല്‍ (മാലയിലെ മുത്തുകള്‍ പോലെ), നെഞ്ചിന്‍കൂട് കൂര്‍ത്തിരിക്കല്‍ (ഒരു പക്ഷിയെപ്പോലെ) അപസ്മാരമുണ്ടാവുക.

 

മുതിര്‍ന്നവരില്‍ ക്ഷീണം, പേശീവലിവ്, പേശിവേദന, കോച്ചിപ്പിടുത്തം, നടുവേദന, എല്ലുവേദന എന്നിവയാണ് ഉണ്ടാവുക.

 

എങ്ങനെ ചികിത്സിക്കാം?

 

ചികിത്സ പല വിധമാണ്. അത് വൈറ്റമിന്‍ ഡി എത്രത്തോളം കുറഞ്ഞിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

 

വല്ലാതെ കുറഞ്ഞ അവസ്ഥകളില്‍ പെട്ടെന്ന് കൂട്ടുവാനായി ഇഞ്ചക്ഷന്‍ ചെയ്യേണ്ടിവരും. അതിനുശേഷം മരുന്നും കഴിക്കേണ്ടിവരും. പക്ഷേ മരുന്നുകൊണ്ട് മാത്രം കാര്യമില്ലെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

 

നമ്മുടെ ജീവിതരീതികളിലെ മാറ്റങ്ങളും നല്ല ഭക്ഷണശീലങ്ങളും ശരിയായ ചികിത്സയുടെ ഭാഗങ്ങളാണ്.

 

വൈറ്റമിന്‍ ഡി കിട്ടുന്ന ഭക്ഷണപദാര്‍ഥങ്ങള്‍

 

  • മുട്ടയുടെ മഞ്ഞക്കരു
  • മത്സ്യങ്ങള്‍
  • മീന്മുട്ട
  • മീനെണ്ണ
  • പാല്‍
  • പാലുത്പന്നങ്ങള്‍, വെണ്ണക്കട്ടി മുതലായവ
  • ഓറഞ്ച്
  • ധാന്യങ്ങള്‍
  • സോയാബീന്‍
  • കൂണ്‍ (mushroom)
Comments

COMMENTS

error: Content is protected !!