കൂടത്തായി കൊലപാതക പരമ്പര: ശാസ്ത്രീയ സ്ഥിരീകരണത്തിന് ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് യോഗം

കൂടത്തായി കൊലപാതക പരമ്പര ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് യോഗം ചേരും. മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരും അന്വേഷണ ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊലപാതക പരമ്പരയിലെ ടോം തോമസ് വധക്കേസിൽ ജോളിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.

 

വിഷം ഉള്ളിൽ ചെന്നുള്ള കൊലപാതകങ്ങളെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് യോഗം ചേരുന്നത്. മെഡിക്കൽ കോളജിലെ ന്യൂറോ സർജൻമാർ ഫൊറൻസിക് സർജൻമാർ, ജനൽ മെഡിസിൻ വിഭാഗം ഡോക്ടർമാർ, ന്യൂറോളജി വകുപ്പ് വിദഗ്ധർ തുടങ്ങിയവരും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

 

കഴിഞ്ഞ ദിവസം ടോം തോമസ് വധക്കേസിൽ ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വടകര ഡിവൈഎസ്പി പ്രിൻസ് അബ്രഹാം, ടോം തോമസ് കേസ് അന്വേഷിക്കുന്ന കുറ്റ്യാടി സിഐ എൻ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ജോളിയെ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂറോളം തെളിവെടുപ്പ് നടത്തിയാണ് അന്വേഷണ സംഘം മടങ്ങിയത്.

 

ഈ മാസം 18 വരെയാണ് സുപ്രധാന കേസായ പൊന്നാമറ്റം ടോം തോമസ് വധക്കേസിൽ ജോളിയെ കസ്റ്റഡിയിൽ വാങ്ങിയത്. ഇത് കൂടാതെ വ്യാജ ഒസ്യത്തിന്മേലുള്ള അന്വേഷണവും ഊർജിതമാക്കി.

 

കൂടാതെ മാത്യു മഞ്ചാടിയിൽ കൊലക്കേസിൽ എംഎസ് മാത്യുവിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചു.കൊയിലാണ്ടി സിഐയാണ് മാത്യു മഞ്ചാടിയിൽ വധക്കേസ് അന്വേഷിക്കുന്നത്.
Comments

COMMENTS

error: Content is protected !!