പാടങ്ങളിലേക്കെത്തും നെല്ലുപുഴുങ്ങി ഉണക്കിക്കുത്തുന്ന യന്ത്രവണ്ടി

കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍നിന്ന് ഇനി നെല്ല് മില്ലുകളിലേക്ക് കൊണ്ടുപോകേണ്ട. നെല്ല് പുഴുങ്ങി ഉണക്കിക്കുത്തുന്ന മില്ല് പാടങ്ങളിലേക്ക് കര്‍ഷകരെ തേടിയെത്തും. തൃശ്ശൂരില്‍ നടക്കുന്ന വൈഗ കാര്‍ഷിക മേളയില്‍ യന്ത്രം പ്രദര്‍ശിപ്പിച്ചു.

 

ഈ സംവിധാനമുപയോഗിച്ച് 600 കിലോഗ്രാം നെല്ല് പുഴുങ്ങി ഉണക്കി കല്ലുനീക്കി തവിടുപോകാതെ കുത്തിയെടുക്കാന്‍ 20 മണിക്കൂര്‍മതി. മഴയോ മഞ്ഞോ കൊടുംവേനലോ എന്തുമാകട്ടെ, യന്ത്രം നിര്‍ത്താതെ പ്രവര്‍ത്തിപ്പിക്കാം.

 

കൊടും മഴയിലും പുഴുങ്ങിക്കുത്തി ഉണക്കിയെടുക്കാം. വരരുചി എന്നാണ് യന്ത്രത്തിന് പേരിട്ടിരിക്കുന്നത്. പുഴുങ്ങാനും നനയ്ക്കാനും ഉണക്കാനുംവേണ്ടി ഒരു അറയാണ്. കുത്തിയെടുക്കാനാണ് രണ്ടാമത്തെ അറ. ട്രാക്ടറിലാണ് യന്ത്രം ഘടിപ്പിച്ചിരിക്കുന്നത്.

 

ഡീസലും ഗ്യാസും ഉപയോഗിച്ചാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം. പാലക്കാട് ഷൊര്‍ണൂര്‍ പനമണ്ണ കോതകുറിശ്ശിയിലെ ശ്രീജേഷ് പി. നെടുങ്ങാടിയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍.

 

കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് യന്ത്രം വികസിപ്പിച്ചത്. 38 ലക്ഷം ചെലവിട്ടു. 30 ലക്ഷത്തില്‍ യന്ത്രം നിര്‍മിച്ചുനല്‍കാനാകും. വിവരങ്ങള്‍ക്ക്: 09847743007
Comments

COMMENTS

error: Content is protected !!