ആ” കൈകൾ’ കൊണ്ടെത്തിച്ചത്‌ ഇരട്ട കൊലപാതകത്തിൽ; നായാട്ടുശീലം തുണയായി, വഴിതെറ്റിക്കാൻ ബസുമതി അരിയും

കോഴിക്കോട്‌ > മൂന്ന്‌ വർഷത്തോളമായി തുമ്പില്ലാതെ കിടന്ന കേസിലേക്ക്‌ വെളിച്ചം വീഴുമ്പോൾ തെളിയുന്നത്‌ സമാനതകളില്ലാത്ത ക്രൂരതയാണ്‌.  2017  ജൂൺ 28നാണ്‌ ചാലിയത്തുനിന്ന്‌  ഇടതുകൈയും ജൂലൈ ഒന്നിന്‌ വലതുകൈയും ലഭിച്ചത്‌. ജൂലൈ ആറിന്‌ മുക്കത്തുനിന്ന്‌ കൈയും കാലും വേർപെട്ടഉടൽ ചാക്കിൽ കെട്ടിയ നിലയിലും ആഗസ്‌ത്‌ 13ന്‌ ചാലിയത്തുനിന്ന്‌ തിരിച്ചറിയാനാവാത്ത തലയും കിട്ടി. ബേപ്പൂർ, മുക്കം പൊലീസ്‌ രജിസ്റ്റർചെയ്‌ത നാല്‌ കേസ്‌ 2017 ഒക്ടോബറിൽ ക്രൈംബ്രാഞ്ച്‌ ഏറ്റടുത്തു. തുടർന്ന്‌ രേഖാചിത്രം തയ്യാറാക്കി. ഫിംഗർ പ്രിന്റ്‌ വിഭാഗവും പൊലീസിനെ സഹായിച്ചു.

 

ഇസ്‌മയിൽ നിരവധി കേസിൽ പ്രതി
മുമ്പ്‌ പല കേസുകളിൽ ഉൾപ്പെട്ടയാളാണ്‌ കൊല്ലപ്പെട്ട ഇസ്‌മായിൽ. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കരുവാരക്കുണ്ട്‌ സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ നാല്‌ കേസുണ്ട്‌. ഇയാളുടെ കൈരേഖകൾ നേരത്തെ പൊലീസ്‌ ശേഖരിച്ചിരുന്നു.  പല ഭാഗങ്ങളിൽ നിന്നായി കണ്ടെടുത്ത ശരീര ഭാഗങ്ങൾ ഒരാളുടേതാണെന്ന്‌ ഉറപ്പിച്ചശേഷം സംസ്ഥാനത്ത്‌ തങ്ങൾ ശേഖരിച്ച മുഴുവൻ കൈരേഖകളും പൊലീസ്‌ പരിശോധിച്ചു. ആദ്യഘട്ടത്തിൽ ഇസ്‌മായിലിന്റെ കൈരേഖകൾ ഇതുമായി പൊരുത്തപ്പെട്ടിരുന്നില്ല. ഹൈ ഡെഫനിഷൻ പ്രിന്റർ സഹായത്തോടെ വീണ്ടും പരിശോധിച്ചപ്പോഴാണ്‌ കൊല്ലപ്പെട്ടത്‌ ഇസ്‌മായിലാണെന്ന്‌ തിരിച്ചറിഞ്ഞത്.  ഉറപ്പാക്കാൻ ഇയാളുടെ ഉമ്മയുടെയും ഡിഎൻഎ പരിശോധിക്കാനായി  ശ്രമം. ആദ്യം ഇതിന്‌ അവർ സമ്മതിച്ചില്ല. കിടപ്പുരോഗിയായ ഇവരെ ചികിത്സക്ക്‌ എന്ന ഭാവേനയാണ്‌ മെഡിക്കൽ കോളേജിൽ എത്തിച്ച്‌ രക്തസാമ്പിൾ ശേഖരിച്ചത്‌. ഇതോടെ കൊല്ലപ്പെട്ടത്‌ ഇസ്‌മായിൽ തന്നെയെന്ന്‌ ഉറപ്പായി.

 

തുണയായി ഫെയ്‌സ്‌ബുക്കും
കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതോടെ കൊലയാളിയെക്കുറിച്ചായി അന്വേഷണം. ഇസ്‌മയിൽ മുക്കം ഭാഗത്ത്‌ തോട്ടക്കാരനായിനിന്നിരുന്നു എന്ന വിവരം ലഭിച്ചു. ഇതിനെ പിന്തുടർന്നപ്പോഴാണ്‌ ജയവല്ലിയുടെ കൊലപാതകത്തിലെ പങ്ക്‌ വെളിപ്പെട്ടത്‌. ബിർജുവിലേക്ക്‌ എത്താനുള്ള സൂചന പലതും ലഭിച്ചെങ്കിലും കൃത്യമായ തെളിവ്‌ കിട്ടിയശേഷമാണ്‌ ഇയാളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചത്‌. അമ്മയുടെ മരണശേഷം സ്ഥലംവിറ്റ്‌ നാടുവിട്ടതുമാത്രമാണ്‌ അയൽവാസികൾക്ക്‌ അറിയാമായിരുന്നത്‌. ഫെയ്‌സ്‌ബുക്കിൽ ബിർജുവിന്‌ അക്കൗണ്ടില്ല എന്ന്‌ ഉറപ്പാക്കിയ പൊലീസ്‌ ഇയാളുടെ ചിത്രം ഫെയ്‌സ്‌ബുക്കിൽ പ്രസിദ്ധീകരിച്ചു. ഇത്‌ വയനാട്ടിലും നീലഗിരിയിലുമുള്ളവർ തിരിച്ചറിഞ്ഞതോടെയാണ്‌ ഇയാൾ പിടിയിലായത്‌.

 

കൈ വിറച്ചില്ല, നായാട്ടുശീലം തുണയായി
വലിയ ഭൂസ്വത്തിന്‌ ഉടമയായിരുന്ന പിതാവിനൊപ്പം ബിർജുവും ചെറുപ്പത്തിൽ  നായാട്ടിന്‌ പോയിരുന്നു. മൃഗങ്ങളെ വേട്ടയാടാനും ശരീരഭാഗങ്ങൾ അറുക്കാനും പഠിച്ചു. ഇസ്‌മായിലിനെ കൊന്നശേഷം ശരീരഭാഗങ്ങൾ അറുത്ത്‌ മാറ്റിയത്‌ ഇതേ ലാഘവത്തോടെയായിരുന്നു.മുറിവേറ്റല്ല ഇസ്‌മായിലിന്റെ കൊലപാതകമെന്നും കഴുത്തിലേറ്റ ക്ഷതമാണ്‌ മരണകാരണമെന്നും പൊലീസ്‌  കണ്ടെത്തിയിരുന്നു. മൂർച്ചയേറിയ ബ്ലേഡുപയോഗിച്ചാണ്‌ ശരീരഭാഗങ്ങൾ അറുത്തതെന്നും വ്യക്തമായി.

 

പിടിയിലായതോടെയാണ്‌ ബിർജു കൊല നടത്തിയ രീതികൾ വിവരിച്ചത്‌. എൻഐടി പരിസരത്തുനിന്ന്‌ വാങ്ങിയ സർജിക്കൽ ബ്ലേഡ്‌ ഉപയോഗിച്ചാണ്‌ തലയും കൈകാലുകളും മുറിച്ചുമാറ്റിയത്‌. കൈയും കഴുത്തും നിസ്സാരമായി മുറിച്ചുമാറ്റി.  കാൽ മുറിച്ചുമാറ്റാൻ പ്രയാസം നേരിട്ടു. ആരുടെയും സഹായം ലഭിച്ചില്ലെന്നാണ്‌ ഇയാൾ പറയുന്നതെങ്കിലും പൊലീസ്‌ പൂർണമായി വിശ്വസിച്ചിട്ടില്ല.

 

കൊലപാതകം നടത്തിയതിന്റെ പിറ്റേന്ന്‌ രാവിലെ ബ്ലേഡും  വേസ്‌റ്റ്‌ കവറും നാല് പ്ലാസ്റ്റിക്‌ ചാക്കും വാങ്ങി. പോളിത്തീൻ കവറിൽ പൊതിഞ്ഞ ശരീരഭാഗങ്ങൾ മൂന്ന് ചാക്കുകളിലായി മോട്ടോർ സൈക്കിളിന്റെ പിറകിൽ കെട്ടി അഗസ്ത്യൻമുഴി പാലത്തിലെത്തി പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഉടൽ ഭാഗം നിറച്ച ചാക്ക് പുഴയിലേക്ക് എറിയുന്നതിനായി അഗസ്ത്യൻമുഴി പാലത്തിൽ എത്തിയപ്പോൾ നാട്ടുകാരെ കണ്ടു. തൊണ്ടിമ്മൽ റോഡരികിൽ ആളുകൾ മാലിന്യമിടുന്ന സ്ഥലത്ത് ചാക്കുകെട്ട്‌ വലിച്ചെറിഞ്ഞു. ഇവിടെ കോഴിമാലിന്യശല്യം ഏറിയതിനാൽ നാട്ടുകാർ തിരയുന്നതിനിടെയാണ് ഉടൽഭാഗം കണ്ടെടുത്തത്.

 

വഴിതെറ്റിക്കാൻ ബസുമതി അരി
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ബിർജു അമ്മയെയും വാടകക്കൊലയാളി ഇസ്‌മായിലിനെയും കൊലപ്പെടുത്തിയത്‌. ജയവല്ലിയെ കൊലപ്പെടുത്തിയ അന്ന്‌ പകൽ പലതവണ ഇരുവരും വീട്ടിൽ എത്തിയെങ്കിലും കൊലപാതകം നടത്താൻ സാധിച്ചില്ല. തുടർന്ന്‌ രാത്രി ഏഴ്‌ വരെ കാത്തിരുന്നാണ്‌  കൃത്യം നിർവഹിച്ചത്‌.

 

പറഞ്ഞുറപ്പിച്ച രണ്ടുലക്ഷം രൂപ ചോദിച്ച്‌ എത്തിയതോടെയാണ്‌ ഇസ്‌മായിലിനെയും കൊലപ്പെടുത്താൻ ബിർജു തീരുമാനിച്ചത്‌. വീട്ടിൽ വിളിച്ചുവരുത്തി ഇയാൾക്ക്‌ ബിർജു മദ്യത്തിനൊപ്പം മാമ്പഴച്ചാറും നൽകി. ഭക്ഷണമായി ബസുമതി അരി ഉപയോഗിച്ചുണ്ടാക്കിയ ഉപ്പുമാവും  ഉരുളക്കിഴങ്ങ്‌ ഉൾപ്പെടെയുള്ള കറികളും നൽകി. കൊല്ലപ്പെട്ടയാളുടെ പോസ്‌റ്റ്‌മോർട്ടം നടത്തുമ്പോൾ ബസുമതി അരിയുടെ ചോറ്‌ കഴിച്ചുവെന്ന്‌ കണ്ടാൽ ഉത്തരേന്ത്യൻ സ്വദേശിയെന്ന ധാരണയുണ്ടാകും എന്ന്‌ മുൻകൂട്ടിക്കണ്ടായിരുന്നു ഇത്‌. ഇസ്‌മായിലിന്റെ പല്ലിലെ ബീഡിക്കറകൾകൂടി കണ്ടതോടെ ഉത്തരേന്ത്യൻ സ്വദേശിയെന്ന സംശയം ബലപ്പെട്ടു.

 

കൊല്ലപ്പെട്ടത്‌ ഇതര സംസ്ഥാന തൊഴിലാളിയെന്ന നിലയിൽ അന്വേഷണം എങ്ങുമെത്താതെ അവസാനിക്കും എന്ന പ്രതിയുടെ പ്രതീക്ഷകൾ പാളിയത്‌ ഫിംഗർ പ്രിന്റ്‌ ബ്യൂറോയിലെ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലാണ്‌.
Comments

COMMENTS

error: Content is protected !!