ഇരട്ടക്കൊലക്കേസ്‌ പ്രതി ബിർജുവിനെ അന്വേഷിച്ച്‌ നീലഗിരിയിലെത്തിയ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥർ കണ്ടത്‌ ‘ജീവകാരുണ്യ പ്രവർത്തക’നെ

ഇരട്ടക്കൊലക്കേസ്‌ പ്രതി ബിർജുവിനെ അന്വേഷിച്ച്‌ നീലഗിരിയിലെത്തിയ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥർ കണ്ടത്‌ ‘ജീവകാരുണ്യ പ്രവർത്തക’നെ. ജോർജുകുട്ടി എന്ന പേരിൽ ഇയാൾ അവിടെ അറിയപ്പെട്ടത്‌. പള്ളിയിലെ പ്രാർഥനകളിലും മറ്റും സജീവമായ ‘സത്യക്രിസ്‌ത്യാനി’. പാട്ടവയലിനടുത്ത മാങ്ങവയലിലെ ഒരു പള്ളിയിൽ സഹായിയുമായിരുന്നു ഇയാൾ.

 

കോഴിക്കോട്ടുനിന്ന്‌ വസ്‌ത്ര വ്യാപാരശാലകളിലേക്ക്‌ തുണികൾ എത്തിച്ചാണ്‌ ബിർജു നീലഗിരിയിൽ നിലയുറപ്പിച്ചത്‌. ഭാര്യക്കും കുട്ടികൾക്കും ഒപ്പം ആദ്യമെത്തിയത്‌ ലവ്‌ ഷോർ അഗതിമന്ദിരത്തിലാണ്‌. ഇതിന്റെ നടത്തിപ്പുകാരനായ ഒരാൾ ബിർജുവിന്‌ പരിചയമുള്ളതായിരുന്നു. അഗതി മന്ദിരത്തിൽ താമസിക്കുമ്പോൾ ചില ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി. ഇത്‌ മറയാക്കി ജീവകാരുണ്യ പ്രവർത്തകൻ എന്ന മേൽവിലാസവും നേടിയെടുത്തു. ഭാര്യ നേഴ്‌സിങ്‌ പൂർത്തിയാക്കിയിരുന്നെങ്കിലും ജോലിക്ക്‌ പോയിരുന്നില്ല. ഇവരും  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. കോയമ്പത്തൂരിൽ ജോലിചെയ്യവേയാണ്‌ ഇവർ വിവാഹിതരായത്‌. പിന്നീട്‌  ക്രിസ്‌തീയ ആചാരങ്ങൾ പിന്തുടർന്നതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല.

നാട്ടിൽ സജീവമായിരുന്നെങ്കിലും ‘ജോർജുകുട്ടിയും കുടുംബവും’ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്‌ക്കുന്നതിൽ വിമുഖത കാട്ടിയിരുന്നതായി നാട്ടുകാർ പറയുന്നു.  ജീവകാരുണ്യ പ്രവർത്തനങ്ങളിലും പള്ളിയിലെ സഹായിയായും നിന്ന ‘ജോർജുകുട്ടി’യെക്കുറിച്ച്‌ നാട്ടുകാർക്ക്‌   മതിപ്പായിരുന്നു. ഫോട്ടോ കണ്ട പലരും ജോർജുകുട്ടി എന്ന പേരിലാണ്‌ ഇദ്ദേഹത്തെ അഭിസംബോധന ചെയ്‌തതും. എന്നാൽ  കൊലക്കേസ്‌ പ്രതിയാണെന്ന അറിവ്‌ പലർക്കും അവിശ്വസനീയമായി.
Comments

COMMENTS

error: Content is protected !!