രണ്ടാംവിള പച്ചക്കറി പനങ്ങാട്ടിരിയിൽ നൂറുമേനി വിളവ്‌

കൊല്ലങ്കോട്
രണ്ടാംവിള പച്ചക്കറി കൃഷിയിലും എലവഞ്ചേരി പനങ്ങാട്ടിരിയിലെ കർഷകർക്ക് നൂറുമേനി വിളവ്.
ഓണം വിപണിയോടെ ഒന്നാംവിളപച്ചക്കറി വിളവെടുപ്പ് പൂർത്തിയാക്കിയാണ് കർഷകർ ഒക്ടോബർ ആദ്യം രണ്ടാംവിള ഇറക്കിയത്.
പനങ്ങാട്ടിരി സ്വാശ്രയ സമിതിക്കുകീഴിൽ 350 ഏക്കറിൽ പാവൽ, പടവലം, പീച്ചിങ്ങ, പയർ എന്നിവയാണ് കൃഷിയിറക്കിയത്.
ജനുവരി ആദ്യവാരം വരെ 4,400 ടൺ വിളവെടുത്തു. ജനുവരി അവസാനമായാൽ 5,500 ടൺ വിളവെടുക്കാൻ കഴിയും. കീടബാധ കുറഞ്ഞതും അനുകൂല കാലാവസ്ഥയുമാണ്‌ രണ്ടാംവിള കർഷകർക്ക് ഗുണകരമായത്‌. സമിതിയിലൂടെ വിപണനം നടത്തിയതിനാൽ വിലക്കുറവ് അനുഭവപ്പെട്ടില്ല.
ജനുവരിയിൽ വിളവെടുപ്പ് പൂർത്തിയാക്കി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തരിശിട്ട്, ഏപ്രിൽ മാസത്തിലെ ആദ്യ വേനൽമഴയിൽ തന്നെ ഓണം വിപണി ലക്ഷ്യമാക്കി ഒന്നാംവിള പച്ചക്കറി വിളവിറക്കും.
അടുത്ത ഒന്നാംവിള കൃഷിക്കായി വിത്ത് ശേഖരിക്കുന്നതും ഇപ്പോഴത്തെ വിളവെടുപ്പിലൂടെയാണ്. സ്വാശ്രയ സമിതി തന്നെയാണ് കർഷകരിൽനിന്ന് പച്ചക്കറിവിത്ത് ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നത്. അത്യുൽപ്പാദന ശേഷിയുള്ള പച്ചക്കറിവിത്തുകൾ അംഗീകരിച്ച ഫാമുകളിൽനിന്ന് വാങ്ങി പനങ്ങാട്ടിരിയിലെ കർഷകർക്ക് സമിതി വിതരണം ചെയ്യും.
നഷ്ടങ്ങളില്ലാത്ത ഒരു കാർഷിക വർഷത്തിന്റെ അവസാനഘട്ട പച്ചക്കറി വിളവെടുപ്പ് തിരക്കിലാണ് പനങ്ങാട്ടിരിയിലെ പച്ചക്കറി കർഷകർ.
Comments

COMMENTS

error: Content is protected !!