വിറപ്പിച്ച് കൊറോണ: ലക്ഷണങ്ങൾ ഇവ; എങ്ങനെ ബാധിക്കും, മരുന്നുണ്ടോ?

ചൈനീസ് നഗരമായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ് ബാധ, ഇതിനകം ആറു പേരുടെ ജീവനെടുത്തു കഴിഞ്ഞു. ചൈനയുടെ മറ്റ് പ്രദേശങ്ങളിലും തായ്‌ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും കേസുകൾ റിപ്പോർ‌ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൃത്യമായ മരുന്നുകളും വാക്സിനും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഈ വൈറസും വലിയ അപകടകാരിയായി മാറിയേക്കാം എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ഇരുൾമൂടിക്കിടക്കുന്ന കാർപാത്യൻ മലനിരകളിൽനിന്ന് ഒരിക്കൽക്കൂടി രക്തദാഹിയായ വവ്വാൽ പറന്നുയരുകയാണ്. പ്രാചീന ചൈനീസ് – ഈജിപ്ഷ്യൻ ശവകുടീരങ്ങളിൽ കുടിപാർക്കുന്ന ആ പറക്കും സസ്തനികൾ, ചോര മരവിപ്പിക്കുന്ന പ്രേതകഥയിലെ ഡ്രാക്കുള പ്രഭുവിന്റെ അനുചരന്മാരല്ല. മനുഷ്യരാശിയുടെ മൂന്നിലൊന്നിനെയും സംഹരിക്കാൻ ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തിയ, പുതിയ കൊറോണ വൈറസിന്റെ (2019- nCoV) സ്രഷ്ടാക്കളും വാഹകരുമായ നിക്ടീരിസ് വവ്വാലുകളാണ് (Nycteris Bats). അറേബ്യൻ മരുഭൂമിയിലെ ഏറ്റവും ഉയരംകൂടിയ, ഒറ്റ പൂഞ്ഞയുള്ള ഒട്ടകങ്ങളിലേക്കു കൊറോണ വൈറസിന്റെ ആദ്യ രൂപങ്ങൾ അവ പകർന്നുനൽകി.

 

കൊറോണ വൈറസ് കുടുംബത്തിലെ 6 വൈറസുകൾ മാത്രമാണു മനുഷ്യനെ ബാധിക്കുന്നത്. 2012ൽ സൗദി അറേബ്യയിൽ മെർസ് – കൊറോണ (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം – കൊറോണ) വൈറസ് അങ്ങനെ ഒട്ടകങ്ങളിൽനിന്നു മനുഷ്യനിലേക്കു പ്രവേശിച്ചു. തുടർന്ന് ഫ്രാൻസും ജർമനിയും ഈജിപ്തുമടക്കം 27 രാജ്യങ്ങളിൽ കണ്ടെത്തിയ ഈ വൈറസ്, അവ ബാധിച്ച 35% മനുഷ്യരുടെയും മരണത്തിനു കാരണമായി (2500 പേരിൽ തൊള്ളായിരത്തോളം പേർ).
2003ൽ മധ്യ ചൈനയിൽനിന്നാരംഭിച്ച സാർസ് – കൊറോണ (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം – കൊറോണ) 37 രാജ്യങ്ങളിൽ പടർന്നുകയറി ആയിരത്തോളം പേരെ കൊന്നു. ഇപ്പോഴിതാ, 2019ന്റെ അവസാനനാളുകളിൽ ചൈനീസ് നഗരമായ വുഹാനിൽ നിന്നാരംഭിച്ച പുതിയ കൊറോണ വൈറസ് ബാധ, ഇതിനകം 1700ൽ ഏറെ ആളുകളിലേക്കു പടരുകയും ആറു പേരെ മരണത്തിലെത്തിക്കുകയും ചെയ്തുകഴിഞ്ഞു. തായ്‌ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും കേസുകൾ റിപ്പോർ‌ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2019 ഡിസംബർ 31നാണു ചൈനീസ് അധികൃതർ ന്യുമോണിയ രോഗമുണ്ടാക്കുന്ന അജ്ഞാത വൈറസിനെക്കുറിച്ചു ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. ചൈനയിലെ ഹ്യുബെ പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി രോഗം ശ്രദ്ധയിൽപെട്ടത്. ഒന്നിൽനിന്നു പത്തിലേക്കും അൻപതിലേക്കും ആയിരത്തിലേക്കും രോഗം അതിവേഗം പടർന്നുകയറി. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന, ലോകാരോഗ്യ സംഘടനയുടെ ഉപദേശക സംഘടനയായ ‘എംആർസി സെന്റർ ഫോർ ഗ്ലോബൽ ഇൻഫെക്‌ഷ്യസ് ഡിസീസസ്’ 1723 പേരിൽ പുതിയ കോറോണ വൈറസ് രോഗം ബാധിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തി.
ഉടന്‍ ഉണർന്ന് ചൈന
വുഹാനിലെ പ്രശസ്ത മാംസ – കടൽവിഭവ മാർക്കറ്റായ ഹ്വനാനിലെ കച്ചവടക്കാരിലാണു രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. ആയിരത്തിലധികം കച്ചവടസ്ഥാപനങ്ങളുള്ള ഈ മാർക്കറ്റിൽ മാംസത്തിനൊപ്പം, ജീവനുള്ള കോഴി, മുയൽ, പൂച്ച എന്നിവയെയും വിൽക്കാറുണ്ട്. മൃഗങ്ങളിൽനിന്നും പക്ഷികളിൽനിന്നും മനുഷ്യനിലേക്കു പകരുന്ന രോഗം (Zoonotic Disease) ആണോ എന്ന സംശയമുയർന്നത് ഇതിനാലാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മാർക്കറ്റ് അടച്ചുപൂട്ടാൻ അധികൃതർ നോട്ടിസ് നൽകി. 17 വർഷം മുൻപു സാർസ് രോഗം വേണ്ടത്ര ഗൗരവമായി പരിഗണിച്ചില്ല എന്ന പരാതി വീണ്ടും ആവർത്തിക്കാൻ അവരൊട്ടും ഇഷ്ടപ്പെട്ടില്ല.
1.1 കോടി ജനസംഖ്യയുള്ള വുഹാൻ, ലണ്ടനിലേക്കും പാരിസിലേക്കും റോമിലേക്കുമൊക്കെ നേരിട്ടു വ്യോമഗതാഗതമുള്ള പട്ടണമാണ്. ഏറ്റവും കൂടുതൽ ഇന്ത്യൻ, മലയാളി മെഡിക്കൽ വിദ്യാർഥികൾ പഠിക്കുന്ന നഗരം കൂടിയാണിത്. ജനുവരി 20 മുതൽ ഫെബ്രുവരി ഒന്നുവരെ നീളുന്ന ചൈനീസ് പുതുവത്സരാഘോഷങ്ങൾക്കായി കോടിക്കണക്കിനു ജനങ്ങൾ ഒന്നിച്ചു തെരുവിലേക്കിറങ്ങാൻ കാത്തുനിൽക്കുമ്പോഴുണ്ടായ ഈ ദുരന്തം ചൈനയെ നടുക്കിക്കളഞ്ഞു.
പക്ഷേ, സാർസിന്റെ ഓർമകൾ തൂത്തെറിയാൻ പ്രതിജ്ഞാബദ്ധമായ ഭരണകൂടവും ജനങ്ങളും ഒറ്റക്കെട്ടായി മികച്ച പ്രതിരോധ സംവിധാനങ്ങൾ വളരെ പെട്ടെന്നുതന്നെ ഒരുക്കി. ജനുവരി 20നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ വാക്കുകളിൽ ആ ആത്മവിശ്വാസമുണ്ടായിരുന്നു: ‘സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണത്തിലാണ്’.
ലക്ഷണങ്ങൾ ഇവയൊക്കെ
ശാസ്ത്രീയമായി പറഞ്ഞാൽ കൊറോണ വൈറിഡേ (coronaviridae) കുടുംബത്തിലെ ബീറ്റാ കൊറോണ വൈറസിന്റെ ജനിതക രൂപരേഖയുമായി 70% സാമ്യമുള്ളതാണു പുതിയ ചൈനീസ് വൈറസ് (2019 nCoV). പനി, കടുത്ത ചുമ, അസാധാരണ ക്ഷീണം, ശ്വാസതടസ്സം എന്നിവയാണു മുഖ്യ ലക്ഷണങ്ങൾ. ന്യുമോണിയയ്ക്കു പുറമേ, പല രോഗികളിലും ശ്വാസകോശ നീർക്കെട്ടും (Pleural effusion) കാണപ്പെടുന്നുണ്ട്. മുഖ്യമായി മൃഗങ്ങളിൽനിന്നാണു പകരുന്നതെന്നു കണക്കാക്കപ്പെടുന്നുവെങ്കിലും മനുഷ്യനിൽനിന്നു മനുഷ്യനിലേക്കു പകരാനുള്ള സാധ്യതയെക്കുറിച്ചും ഏറ്റവും ഒടുവിലത്തെ പത്രക്കുറിപ്പിൽ ലോകാരോഗ്യ സംഘടന ഓർമിപ്പിക്കുന്നു.
[Image: കൊറോണ വൈറസ്: കൊച്ചി വിമാനത്താവളത്തിലും ജാഗ്രത]
India

കൊറോണ വൈറസ്: കൊച്ചി വിമാനത്താവളത്തിലും ജാഗ്രത

61 വയസ്സുള്ള വുഹാൻ നിവാസിയായിരുന്നു പുതിയ കൊറോണ വൈറസിന്റെ ആദ്യ ഇര. ജനുവരി 9ന് ആണ് ആ മരണം റിപ്പോർട്ട് ചെയ്തത്. സാർസ് – മെർസ് എന്നിവയ്ക്കു കാരണമായ വൈറസുകളോളം അപകടകാരിയല്ല പുതിയ വൈറസ് എന്നാണു ശാസ്ത്രലോകം വിലയിരുത്തുന്നതെങ്കിലും ഈ ശുഭാപ്തിവിശ്വാസം പതുക്കെ നഷ്ടപ്പെടുകയാണ്. ലോകാരോഗ്യ സംഘടന ചൈനയിലേക്കുള്ള യാത്രകൾ ഇതുവരെ നിരോധിച്ചിട്ടില്ല. ശാസ്ത്രീയമായ അടിസ്ഥാന രോഗനിയന്ത്രണ സംവിധാനങ്ങൾ (കൃത്യമായ ഇടവേളകളിലെ കൈകഴുകൽ, മാസ്ക് ഉപയോഗം, രോഗികളുമായും രോഗസാധ്യതയുള്ളവരുമായുമുള്ള അടുത്ത സമ്പർക്കം ഒഴിവാക്കൽ തുടങ്ങിയവ) അവലംബിക്കാനാണ് ഇപ്പോഴത്തെ നിർദേശം.
വൈറസിന്റെ ചാട്ടം
നോട്ടിങ്ങാം സർവകലാശാലയിലെ പ്രശസ്ത വൈറോളജിസ്റ്റ് പ്രഫ. ജൊനാതൻ ബോൾ, മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കുള്ള കൊറോണ വൈറസുകളുടെ ചാട്ടത്തെക്കുറിച്ചു (jumping) ഉത്കണ്ഠ പങ്കുവയ്ക്കുന്നുണ്ട്. വെരുകിൽ (Civet Cat) നിന്നു സാർസ് വൈറസ് മനുഷ്യനിലേക്കെത്തി; ഒട്ടകങ്ങളിൽനിന്നു മെർസ് വൈറസും. പുതിയ കൊറോണ വൈറസിന്റെ ചാട്ടം കൃത്യമായി എവിടെനിന്നാണെന്നു ശാസ്ത്രലോകം അറിയാനിരിക്കുന്നതേയുള്ളൂ.
മൃഗങ്ങളിൽനിന്നു മനുഷ്യനിലെത്തുന്നതാണു വൈറസുകളുടെ ഏറ്റവും വിഷമകരവും പ്രധാനപ്പെട്ടതുമായ കടമ്പ. 2019 – nCoV ആ കടമ്പ കടന്നുകഴിഞ്ഞു. അതുകഴിഞ്ഞാൽ അവയ്ക്കു മനുഷ്യകോശങ്ങളിൽ പെരുകി, ആവശ്യമായ ജനിതക തിരുത്തലുകൾ (Genetic Mutation) വരുത്തി ലക്ഷക്കണക്കിനു മനുഷ്യരിലേക്ക് എളുപ്പത്തിൽ പടർന്നുകയറാനാവും. ശാസ്ത്രലോകം ഈയൊരു സാധ്യതയെയാണ് ഏറെ ഭയക്കുന്നത്.
[Image: ജലദോഷത്തിൽ തുടങ്ങുന്ന ലക്ഷണം; കൊറോണ വൈറസിനെതിരെ വേണം അതീവ ജാഗ്രത]
Health News

ജലദോഷത്തിൽ തുടങ്ങുന്ന ലക്ഷണം; കൊറോണ വൈറസിനെതിരെ വേണം അതീവ ജാഗ്രത

കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, പരിസ്ഥിതിയിൽ ഏൽപിക്കുന്ന കടുത്ത ആഘാതങ്ങൾ, അശാസ്ത്രീയമായ മാലിന്യസംസ്കരണം, രോഗപ്രതിരോധ സംവിധാനത്തിലെ അപാകതകൾ, രോഗാണുക്കളുടെ ജനിതകഘടനയിൽ വരുന്ന അപ്രതീക്ഷിത വ്യതിയാനങ്ങൾ, പ്രതിരോധ കുത്തിവയ്പുകൾക്കെതിരെയുള്ള വ്യാപകമായ അശാസ്ത്രീയ സമീപനങ്ങൾ, മനുഷ്യരുടെ രോഗപ്രതിരോധശേഷിയിൽ വരുന്ന അഭികാമ്യമല്ലാത്ത മാറ്റങ്ങൾ, മാറുന്ന സാമൂഹിക കാഴ്ചപ്പാടുകൾ എന്നിവയൊക്കെ ഇത്തരം പുതിയ രോഗാണുക്കളെ സൃഷ്ടിക്കുന്നതും സംക്രമിപ്പിക്കുന്നതും ഗുരുതര വെല്ലുവിളിയാണ്.
കൃത്യമായ മരുന്നുകളും വാക്സിനും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പുതിയ വൈറസും വലിയ അപകടകാരിയായി മാറിയേക്കാം എന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഇതോടു ചേർത്തു വായിക്കണം.
പിൻകുറിപ്പ്:  ചൈനയിലേക്കുള്ള യാത്രകൾക്ക് ഇന്ത്യ മാർഗരേഖ പ്രഖ്യാപിച്ചു. കഴിയുന്നതും യാത്ര ഒഴിവാക്കുക, അഥവാ സന്ദർശനം അനിവാര്യമാണെങ്കിൽ മാംസ മാർക്കറ്റുകൾ, പക്ഷിമൃഗാദികളെ വളർത്തുന്ന കേന്ദ്രങ്ങൾ, ആളുകൾ സമ്മേളിക്കുന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക, ചുമ, ജലദോഷം എന്നിവ ഉള്ളവരിൽനിന്ന് അകലം പാലിക്കുക, മാസ്ക് ഉപയോഗിക്കുക എന്നിവയാണു പ്രധാന നിർദേശങ്ങൾ.
Comments

COMMENTS

error: Content is protected !!