തലക്കുളത്തൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്

എലത്തൂർ: തലക്കുളത്തൂരിൽ ഗുഡ്സ് ടെമ്പോയും സ്വകാര്യബസും കൂട്ടിയിടിച്ചു. അപകടത്തിൽ ടെമ്പോ ഡ്രൈവറും സഹായിയും ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട്‌ മൂന്നുമണിയോടെ തലക്കുളത്തൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപമാണ് അപകടം.

 

സാരമായി പരിക്കേറ്റ ഡ്രൈവർ തിരൂരങ്ങാടി വെന്നിയൂർ കെ.എം. നിവാസിൽ സർജിൻ (24), സഹായി മൂക്കൻവീട്ടിൽ ഇസ്മയിൽ (18) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ ബസ് യാത്രക്കാരായ 13 പേരെ തലക്കുളത്തൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. ഇവരെ പ്രഥമശുശ്രുഷ നൽകിയശേഷം വിട്ടയച്ചു.

 

കോഴിക്കോട്ടുനിന്ന് ഉള്ളിയേരിയിലേക്ക് പോവുകയായിരുന്ന മിനർവ ബസും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന തിരൂരങ്ങാടി വെന്നിയൂരിലെ കെ.എം. ട്രേഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള ടെമ്പോ ഗുഡ്‌സുമാണ് കൂട്ടിയിടിച്ചത്. ഗുഡ്സ് വണ്ടി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇയാളുടെ ദേഹമാസകലം സാരമായ പരിക്കേറ്റിട്ടുണ്ട്. തലയും മൂക്കും പൊട്ടി രക്തമൊഴുകി.

 

അപകടത്തെത്തുടർന്ന് ഏതാണ്ട് ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. തലക്കുളത്തൂർ ഗ്രാമപ്പഞ്ചായത്ത് അംഗം പി.ടി. അമർജിത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. എലത്തൂർ സി.ഐ. സി. അനിതകുമാരി, എ.എസ്.ഐ. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു.
Comments

COMMENTS

error: Content is protected !!