യാത്രയയപ്പ് അടിപൊളിയാക്കാന്‍ ഒന്നരയേക്കറില്‍ ‘ബിരിയാണിപ്പാടം’ റെഡി

പി രിഞ്ഞുപോകുന്ന ചങ്കന്മാര്‍ക്ക് അടിപൊളിയായി യാത്രയയപ്പ് കൊടുക്കണം. എന്നാപ്പിന്നെ അന്ന് എല്ലാര്‍ക്കും ബിരിയാണി കൊടുത്താലോ?’ അനസ് ചോദിച്ചപ്പോള്‍ അജ്മലിനൊരു സംശയം: ‘സ്‌കൂളിലെ 2600 പേര്‍ക്കും ബിരിയാണി കൊട്ക്കാനോ? ന്നാപ്പിന്നെ മ്മള് തെണ്ടി കുത്തുപാളയെടുക്കും’

 

പക്ഷേ, തെണ്ടാതെയും കുത്തുപാളയെടുക്കാതെയും മുഴുവന്‍പേര്‍ക്കും ബിരിയാണിയുണ്ടാക്കാന്‍ അവരൊരു വഴി കണ്ടുപിടിച്ചു: ‘ബിരിയാണിയരി കൃഷിചെയ്യുക’ അങ്ങനെയാണ് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ സ്‌കൂളിലെ കുട്ടികള്‍ ആറുമാസം മുമ്പ് സ്‌കൂളിനടുത്തുള്ള ഒന്നരയേക്കര്‍ പാടത്ത് ‘ഗന്ധകശാല’ വിതച്ചത്. ബിരിയാണിക്കുപറ്റിയ ഒന്നാന്തരം നെല്ലാണ് ഗന്ധകശാല.

 

ട്രാക്ടര്‍കൊണ്ട് ഉഴുതശേഷമുള്ള എല്ലാ ജോലികളും ‘ടൈംടേബിള്‍’ വെച്ച് അവര്‍തന്നെ ചെയ്തു. ഇപ്പോള്‍ പച്ച പിടിച്ചുനില്‍ക്കുന്ന ഈ പാടം ഫെബ്രുവരിയോടെ കൊയ്യാം. മാര്‍ച്ചില്‍ പത്താംതരത്തിലെയും പ്ലസ്ടുവിലെയും ‘ചങ്കന്മാര്‍ക്ക്’ യാത്രയയപ്പുനല്‍കുന്ന ദിവസം മുഴുവന്‍കുട്ടികള്‍ക്കും ബിരിയാണിവെക്കാം.

 

ഹയര്‍സെക്കന്‍ഡറിയിലെ എന്‍.എസ്.എസ്. ടീമും സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സും ചേര്‍ന്നാണ് കൃഷി നടത്തുന്നതെന്ന് പ്രിന്‍സിപ്പല്‍ കെ.ടി. മുനീബ് പറഞ്ഞു. നാലുവര്‍ഷമായി ഇവിടെ സാധാരണ നെല്ലിനങ്ങള്‍ കുട്ടികള്‍ കൃഷിചെയ്യുന്നുണ്ട്. നൗഷിര്‍ കല്ലട എന്ന യുവകര്‍ഷകന്‍ വിട്ടുനല്‍കിയ സ്ഥലത്താണ് കൃഷി. ആവശ്യമായ നിര്‍ദേശങ്ങളുമായി നൗഷിര്‍ എപ്പോഴും അവര്‍ക്കൊപ്പമുണ്ടാവുകയും ചെയ്യും. കൃഷി ഓഫീസര്‍ അജിത്കുമാറിന്റെ സഹായങ്ങളുമുണ്ട്. എന്‍.എസ്.എസ്.കോ-ഓര്‍ഡിനേറ്റര്‍മാരായ അനസും അജ്മലും ആണ് കുട്ടിപ്പടയുടെ ലീഡര്‍മാര്‍.

 

2600 കുട്ടികള്‍ക്ക് രണ്ടുദിവസത്തെ ഊണിനുള്ള നെല്ല് മുന്‍വര്‍ഷങ്ങളില്‍ കിട്ടിയിരുന്നതായി അധ്യാപകന്‍ കെ.കെ. നസീര്‍ പറഞ്ഞു. എന്‍.എസ്.എസ്.കോ-ഓര്‍ഡിനേറ്റര്‍ മുഹ്സിന്‍ ചോലയില്‍, നിസാര്‍ കടൂരാന്‍, കെ.വി. കാമില്‍ എന്നീ അധ്യാപകരും ‘കട്ടസപ്പോര്‍ട്ടു’മായി കൂടെയുണ്ട്.

 

വയനാട്ടിലെ ചെറുവയല്‍രാമന്റെ കൈയില്‍നിന്നാണ് ‘ഗന്ധകശാല’യുടെ വിത്ത് കൊണ്ടുവന്നത്. രാസവളവും കീടനാശിനിയുമില്ലാതെ ജൈവമായിത്തന്നെ കൃഷി നടത്തി. ട്രാക്ടര്‍വാടക, വളം തുടങ്ങിയ ചെലവുകള്‍ക്കുള്ള പണം രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് സമാഹരിച്ചു.

 

നെല്ലിനുപുറമെ മുപ്പതുസെന്റില്‍ വാഴക്കൃഷിയുമുണ്ട്. നേന്ത്ര, പൂവന്‍, മൈസൂരി എന്നിവയാണ് കൃഷി ചെയ്യുന്നത്. മാതൃഭൂമി സീഡ് ക്ലബ്ബും സ്‌കൂളില്‍ സജീവമാണ്. കഴിഞ്ഞവര്‍ഷം നാലുമണിക്കൂര്‍ നേരത്തെ ഭക്ഷ്യമേള നടത്തി സ്‌കൂള്‍ 24 ലക്ഷം നേടിയിരുന്നു. ഈ തുകകൊണ്ട് സ്‌കൂളിലെ പാവപ്പെട്ട നാലു കുട്ടികളുടെ കുടുംബങ്ങള്‍ക്ക് വീടുവെച്ചുകൊടുക്കുകയും ചെയ്തു.
Comments

COMMENTS

error: Content is protected !!