കൊറോണവൈറസ്; സൗദിയില്‍ 30 മലയാളി നഴ്‌സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റി

റിയാദ്: സൗദി അറേബ്യയിലെ അബഹയില്‍ കൊറോണവൈറസ് ബാധിച്ച ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച 30 മലയാളി നഴ്‌സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റി. ഇവര്‍ക്ക് മതിയായ ചികിത്സയോ കൃത്യമായ ഭക്ഷണമോ കിട്ടുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

 

ഇതിനിടെ ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച ഒരു നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധ. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലെ ജീവനക്കാരിയാണ് ഇവര്‍.

 

ഫിലിപ്പീന്‍ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപെട്ടതെന്ന് ആശുപത്രിയിലെ മറ്റു മലയാളി നഴ്സുമാര്‍ പറയുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂര്‍ സ്വദേശിനിയിലേക്ക് വൈറസ് പടര്‍ന്നത്.

 

വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്തുന്നില്ല. രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതരെന്നും നഴ്‌സുമാര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് നഴ്സുമാര്‍ പറഞ്ഞു.

 

പ്രത്യേക മുറിയിലടച്ച 30 നഴ്‌സുമാരുടെ മൂക്കില്‍ നിന്നെടുത്ത സ്രവം പരിശോധനയക്കച്ചു. ഇതിന്റെ ആദ്യ ഘട്ട ഫലം പുറത്ത് വന്നപ്പോള്‍ ഇവര്‍ക്ക് രോഗബാധയേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം രോഗബാധയുള്ള ഏറ്റുമാനൂര്‍ സ്വദേശിയെ സൗദിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി വിദഗദ്ധ ചികിത്സ ലഭ്യമാക്കുന്നുമുണ്ട്.
Comments

COMMENTS

error: Content is protected !!