ഭിന്നശേഷി ജീവനക്കാര്‍ ജില്ലാ കലക്ടറെ കണ്ടു

 
പരാതികളും  പരിഭവങ്ങളുമായാണ് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍  ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിനെ കാണാന്‍ എത്തിയത്. കലക്ടറുമായി സംവദിക്കാനുള്ള അവസരം അവര്‍ നന്നായി വിനിയോഗിച്ചു. വിനീതക്കും, അഖിലിനും ആവലാതികള്‍പറഞ്ഞിട്ടും തീരുന്നില്ല. എല്ലാം ശ്രദ്ധയോടെ  കേട്ട് പരിഹാരിക്കാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കി. ജോലി സ്ഥലം സന്ദര്‍ശിക്കാന്‍ വരുമോയെന്ന് കലക്ടറോട് ചോദിക്കാനും ഇവര്‍ മറന്നില്ല.
യുഎല്‍സിസിഎസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ എരഞ്ഞിപ്പാലം യുഎല്‍ കെയര്‍ നായനാര്‍ സദനത്തില്‍ നിന്നും  പരിശീലനം നേടി, ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, ബാങ്കുകള്‍ തുടങ്ങി വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ബുദ്ധിപരമായി വെല്ലുവിളികള്‍  നേരിടുന്ന 75 ഭിന്നശേഷിയുള്ളവരും രക്ഷിതാക്കളും തൊഴില്‍ദാതാക്കളുമായാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍ സാംബശിവ റാവുമായി മുഖാമുഖം നടത്തിയത്. ബുദ്ധിപരമായ വെല്ലുവിളികള്‍  നേരിടുന്നവര്‍ സമൂഹത്തിനൊരു ഭാരമാണെന്ന പൊതുബോധം തിരുത്തിക്കുറിക്കുന്ന അനുഭവങ്ങളാണ്, ഭിന്നശേഷിയുള്ളവരും  രക്ഷിതാക്കളും, തൊഴില്‍ദാതാക്കളും പങ്കുവെച്ചത്.
ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സാമൂഹ്യപുനരിധിവാസം ഉറപ്പുനല്‍കുന്ന സമഗ്ര പദ്ധതി ജില്ലയില്‍ നടപ്പാക്കിവരികയാണെന്ന് കലക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു. വിവിധ സന്നദ്ധ സംഘടനകള്‍, വിദഗ്ദ്ധര്‍ ജില്ലാ, ബ്ലോക്ക് ഗ്രാമപഞ്ചായത്തുകള്‍ തുടങ്ങിയവരുടെ സംയുക്ത ശ്രമഫലമായി ബഡ്‌സ് സ്‌ക്കൂള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശാക്തീകരിച്ച് ഭിന്നശേഷിയുള്ളവരെ പ്രത്യേകിച്ച് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന വിഭാഗങ്ങളുടെ പുനരധിവാസം സാധ്യമാക്കാന്‍ കഴിയുമെന്ന് കലക്ടര്‍ അറിയിച്ചു. യുഎല്‍സിസിഎസ് ഫൗണ്ടേഷണ്‍ ഡയറക്ടര്‍ ഡോ. എം. കെ ജയരാജ്, യുഎല്‍സിസിഎസ് ഡയറക്ടര്‍ ഷിജിന്‍ ടി ടി എന്നിവര്‍ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!