ഒടുവിൽ അവനറിഞ്ഞു, അവർ മയക്കം വിട്ടുണരില്ല… ഇനി യാത്രാമൊഴി

കോഴിക്കോട്: ‘‘നേപ്പാൾ എനിക്കൊട്ടും ഇഷ്ടമായില്ല മിസേ, അവിടെ വല്ലാത്ത തണുപ്പായിരുന്നു…’’ -അപ്രതീക്ഷിതമായി വീട്ടിലെത്തിയ പ്രിയപ്പെട്ട ക്ലാസ് ടീച്ചറോട് യാത്രാവിശേഷങ്ങൾ വിവരിക്കുകയായിരുന്നു മാധവ്. കേട്ടുനിന്നവരുടെയെല്ലാം കണ്ണുകൾ നനഞ്ഞു. നേപ്പാളിൽ വിനോദസഞ്ചാരത്തിനുപോയ അച്ഛനും അമ്മയും കുഞ്ഞനുജനും ഇനിയുണരില്ലെന്ന് അപ്പോൾ അവനറിയില്ലായിരുന്നു. എല്ലാമറിഞ്ഞിട്ടും ആ കുഞ്ഞിനോട് ഒന്നും പറയാനാവാതെ ഉള്ളുവിങ്ങിയിരിക്കുകയായിരുന്നു മൊകവൂരിലെ ശ്രീ പദ്മം വീട്ടിൽ എല്ലാവരും.

 

രാവിലെ മുതൽ കണ്ണേട്ടനും അച്ചൂട്ടിക്കുമൊപ്പം കളിയിലായിരുന്നു മാധവ്. അച്ഛൻ രഞ്ജിത് പണിയുന്ന വീടും പരിസരവും വൃത്തിയാക്കുന്നതും കസേരകളിടുന്നതും കണ്ടപ്പോൾ, എന്തിനാണതെന്ന് അവൻ ചോദിച്ചിരുന്നു. വരുന്നവരിൽ പലരും തന്റെ ചിത്രമെടുക്കുന്നതെന്തിനെന്നും അവൻ അന്വേഷിച്ചു. അമ്മ ഇന്ദുലക്ഷ്മിയുടെ പിതാവ് പീതാംബരനും ബന്ധുക്കളും നാട്ടുകാരുമൊക്കെ വിങ്ങലടക്കി ആ കുരുന്നിന്റെ ശ്രദ്ധ മാറ്റാനായി പലതും പറഞ്ഞുകൊണ്ടിരുന്നു.

 

വീടിനുപുറത്ത് കളിക്കുമ്പോൾ പെട്ടെന്നാണ് സിൽവർ ഹിൽസ് സ്കൂളിലെ രണ്ടാംക്ലാസിലെ തന്റെ പ്രിയപ്പെട്ട അധ്യാപിക സിമി എസ്. നായരെ അവൻ കണ്ടത്. ടീച്ചറെ കണ്ടതും ഓടിച്ചെന്ന് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. പ്രിൻസിപ്പൽ ഫാ. ബിജുവും അധ്യാപികയായ അനുപമാ സുനിലും സ്കൂൾ കൗൺസലർ രഹനയും സിമിക്കൊപ്പമുണ്ടായിരുന്നു.

 

ഡൽഹിയൊക്കെ നന്നായി ഇഷ്ടമായെന്നും നേപ്പാളിൽ ഭയങ്കര തണുപ്പായിരുന്നെന്നും മാധവ് അധ്യാപികയോട് വിശദീകരിച്ചു. അവിടെനിന്ന് ഗ്യാസ് ഉള്ളിൽ ചെന്നതുകൊണ്ട് അച്ഛനും അമ്മയ്ക്കും അനുജനും മയക്കം വന്നെന്നും അവൻ പറഞ്ഞു. ആ മയക്കത്തിൽനിന്ന് അവരുണരില്ലെന്ന യാഥാർഥ്യം പതുക്കെപ്പതുക്കെ അവനെ ബോധ്യപ്പെടുത്തുകയായിരുന്നു പിന്നെ.

 

ആദ്യത്തെ ഞെട്ടൽ കഴിഞ്ഞപ്പോൾ മാധവ് വിങ്ങിപ്പൊട്ടി കരഞ്ഞു. സങ്കടമൊന്നടങ്ങിയപ്പോൾ, അവനുവേണ്ടി വാങ്ങിയ പുത്തൻ സൈക്കിൾ കാട്ടിക്കൊടുത്തു. പിന്നെ, അത് എല്ലാവർക്കും കാട്ടിക്കൊടുക്കുന്ന തിരക്കിലായി ആ കുരുന്ന്.

 

ദുരന്തത്തിൽ പൊലിഞ്ഞവർക്ക് ഇന്ന് ജന്മനാട് വിടചൊല്ലും

 

ന്യൂഡൽഹി/തിരുവനന്തപുരം/കോഴിക്കോട്: നേപ്പാളിലെ ഹോട്ടലിൽ ടവർ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ചുമരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീൺ കൃഷ്ണൻനായർ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങൾ ഡൽഹിവഴി വ്യാഴാഴ്ച രാത്രിയോടെ തിരുവനന്തപുരത്തെത്തിച്ചു.

 

കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്കുമാർ, ഭാര്യ ഇന്ദുലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച വൈകീട്ട് ആറുമണിക്കുശേഷമാണ് എയർഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20-ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. മൊകവൂരിൽ ഇവർ പണിത പുതിയ വീട്ടിലേക്കാണ് ആദ്യം കൊണ്ടുപോവുക. അവിടെ പൊതുദർശനത്തിനുശേഷം കുന്ദമംഗലത്തെ തറവാട്ടുവീട്ടിലേക്ക് കൊണ്ടുവരും.

 

തറവാടുവീടിന്റെ തെക്കുഭാഗത്തുള്ള പറമ്പിലാണ് ചിതയൊരുക്കുന്നത്. രഞ്ജിത്തിന്റെയും ഇന്ദുലക്ഷ്മിയുടെയും മധ്യത്തിൽ വൈഷ്ണവിനെ കിടത്തി ചിതയൊരുക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ മൊകവൂരിലെയും കുന്ദമംഗലത്തെയും വീടുകൾ സന്ദർശിച്ചു.

 

കേരളസർക്കാരിനു കീഴിലെ നോർക്കയുടെ ചെലവിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. ഇതിനിടെ, ഹോട്ടൽ അനധികൃതരുടെ അനാസ്ഥയാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യൻ എംബസിക്കു പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ദുരന്തത്തിൽ നേപ്പാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ ഇഴഞ്ഞുനീങ്ങുകയാണെന്ന സംശയവും ഉയർന്നിട്ടുണ്ട്.

 

ദുരന്തവിവരം അറിഞ്ഞ് തളർന്ന്…

 

ദുരന്തവിവരം രഞ്ജിത്തിന്റെ രക്ഷിതാക്കളായ മാധവൻ നായരെയും പ്രഭാവതിയെയും വ്യാഴാഴ്ച രാവിലെയാണ് അറിയിച്ചത്. സംഭവം നടന്ന് മൂന്നുദിവസമായിട്ടും ഇരുവരെയും ഒന്നും അറിയിച്ചിട്ടില്ലായിരുന്നു. ഭക്ഷ്യവിഷബാധയേറ്റുവെന്നാണ് അവരോട് പറഞ്ഞത്. മക്കൾ ഇനിയും തിരിച്ചുവരാത്തതിനാൽ ഇവർക്കായി വഴിപാട് കഴിപ്പിക്കാൻ ഇവർ വ്യാഴാഴ്ച രാവിലെ വീടിനടുത്തുള്ള അമ്പലത്തിൽ പോയിരുന്നു. ഈരംഗം കണ്ടവരെല്ലാം വിങ്ങിപ്പൊട്ടി. വീട്ടിലെത്തിയ ഉടനെ ബന്ധുവായ മുരളിയാണ് ദുരന്തവിവരം ഇരുവരെയും അറിയിച്ചത്. വിവരമറിഞ്ഞതോടെ ഇരുവരും തളർന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മാധവൻനായരെ കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ച് ശുശ്രൂഷ നൽകി.
Comments
error: Content is protected !!