Download WordPress Themes, Happy Birthday Wishes

നഗരകേന്ദ്രീകൃത  മാലിന്യ സംസ്കരണത്തിന് ലോക ബാങ്കിന്റെ 2100 കോടി രൂപ – മന്ത്രി എ.സി മൊയ്തീന്‍

നഗര പ്രദേശത്തെ മാലിന്യ സംസ്കരണത്തിനു
ലോക ബാങ്കിന്റെ 2100 കോടി രൂപ   ലഭ്യമായതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ  സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നാടിന്റെ വികസന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാലിന്യ പ്രശ്നം. സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം 200 കോടിയിൽപരം നിർമ്മാണപ്രവർത്തനങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ടെണ്ടർ നടപടി പൂർത്തിയാക്കി നടപ്പിലാക്കി വരുന്നത്. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ആശുപത്രി നൽകിയ  600 കോടി രൂപയുടെ പ്രൊപ്പോസൽ കിഫ്ബി  പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ വളർന്നുവരുന്ന നഗരങ്ങളിൽ ഒന്നാണ് കോഴിക്കോട്. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ മികച്ച  സേവനം നൽകുന്ന ആശുപത്രികളിൽ ഒന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. നിപ്പയുടെ  സമയത്ത് ലോകത്തിനു തന്നെ മാതൃക സൃഷ്ടിക്കുന്ന പ്രവർത്തനമാണ് ആരോഗ്യരംഗത്ത് ജില്ല കാഴ്ചവെച്ചത്.  ഖര മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്രീകൃത പ്ലാന്റ്, മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി കോഴിക്കോട് ഞെളിയൻ പറമ്പിൽ സ്ഥാപിക്കുകയാണ്. ഏറ്റവും ആധുനികമായ ടെക്നോളജി ഉപയോഗിച്ച് പരിസരവാസികൾക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാത്ത വിധം മാലിന്യ സംസ്കരണത്തെ കുറിച്ച് പഠിക്കാൻ കഴിയുന്ന ഒരു കേന്ദ്രമായിട്ടാണ് ഞെളിയൻപറമ്പ് വേസ്റ്റ് ടു എനർജി സ്ഥാപിക്കുന്നത്. കേരളത്തിൽ എട്ട് സ്ഥലങ്ങളിൽ ഇത്തരത്തിൽ കേന്ദ്രീകൃത പ്ലാന്റുകൾ  സ്ഥാപിക്കണമെന്നാണ് സർക്കാർ തീരുമാനമെന്നും മന്ത്രി അറിയിച്ചു.

വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് സർക്കാർ വലിയ മുൻതൂക്കം നൽകുന്നുണ്ട്. എന്നാൽ
മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ജനങ്ങളിൽ നിന്നും അനുകൂല സമീപനം ഉണ്ടാവുന്നില്ല. ഏറ്റവും ശാസ്ത്രീയമായ രീതിയിൽ മാലിന്യം സംസ്കരിക്കാനുള്ള പദ്ധതിയാണ് മെഡിക്കൽകോളേജിൽ തയ്യാറാക്കിയത്. ഈ  സർക്കാരിന്റെ ഭരണകാലത്തു തന്നെ എട്ട് മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നും  ഇതിനാവശ്യമായ സൂക്ഷ്മനിരീക്ഷണം സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടന്ന ചടങ്ങിൽ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എ എ. പ്രദീപ്കുമാര്‍ വിശിഷ്ടാതിഥിയായി.

കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്    സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ഇതിനായി 14 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്. റാം ബയോളജിക്കൽസ് എന്ന സ്ഥാപനമാണ് ഡിപിആർ തയ്യാറാക്കിയിട്ടുള്ളത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ വി.ഡി ജലജാമണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ പി.സി. രാജന്‍, കെ. വി. ബാബുരാജ്, എം.സി. അനില്‍കുമാര്‍, ടി.വി. ലളിതപ്രഭ, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി. ആര്‍ രാജേന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ. ഷെറീന വിജയന്‍, കൗണ്‍സിലര്‍മാരായ അഡ്വ. പി. എം. സുരേഷ്ബാബു, പി. കിഷന്‍ചന്ദ്, എന്‍, പി. പത്മനാഭന്‍, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ, ആര്‍.എസ്. ഗോപകുമാര്‍, മെഡിക്കല്‍കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.  സുനിൽ, സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ കുര്യാക്കോസ്, ചെസ്റ്റ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ രാജഗോപാൽ, നഴ്സിങ് കോളേജ് പ്രിൻസിപ്പൽ കെ.എ പൊന്നമ്മ തുടങ്ങിയവര്‍ സംസാരിച്ചു. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് സ്വാഗതവും അഡീഷണല്‍ സെക്രട്ടറി പി.കെ സജീവ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*