Download WordPress Themes, Happy Birthday Wishes

കുറഞ്ഞ ചെലവില്‍ തുടങ്ങാം ഒരു കുടുംബ സംരംഭം

ഇന്ത്യയുടെ നാലാം വ്യവസായവിപ്ലവത്തിന് വഴികാട്ടാൻ കേരളത്തിനാകുമെന്ന നിക്ഷേപകരുടെ പ്രഖ്യാപനത്തോടെയാണ് കൊച്ചിയിൽ നടന്ന ദ്വിദിന നിക്ഷേപകസം​ഗമം ‘അസെൻഡ് കേരള 2020’ സമാപിച്ചത്. കേരളം ഒറ്റക്കെട്ടായി ഒരേമനസ്സോടെ നീങ്ങിയാൽ തൊഴിലില്ലായ്മ തീർത്തും ഇല്ലാതാക്കാൻ കേരളത്തിന് കഴിയുമെന്നതിൽ സംശയമില്ലെന്നും സംരംഭകർക്ക് സർക്കാരിന്റെ പരിപൂർണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച്‌ പറഞ്ഞു. ചെറുകിടവ്യവസായ മേഖലയ്ക്ക് പുത്തൻ കരുത്തായിരിക്കുകയാണ് ഈ പ്രഖ്യാപനം.

ലൈസൻസ് നേടാതെതന്നെ സംരംഭം തുടങ്ങാമെന്ന സർക്കാർപ്രഖ്യാപനം ചെറുകിട സംരംഭകർക്കുമുന്നിലെ വലിയൊരു തടസ്സം ഇല്ലാതാക്കിയിരിക്കുകയാണ്.  വീട്ടമ്മമാർക്കും പാർട്‌ടൈം ജോലി ചെയ്യുന്നവർക്കുമെല്ലാം വീട്ടിൽത്തന്നെ ലഘു കുടുംബസംരംഭങ്ങൾ തുടങ്ങുക ഇപ്പോൾ എളുപ്പമായിരിക്കുന്നു.  വീട്ടിൽ ലഭ്യമായ വൈദ്യുതി ഉപയോഗിക്കുന്നതിനാലും വാടക അനുബന്ധ ചെലവുകൾ ഇല്ലാത്തതുകൊണ്ടും ഉൽപ്പന്നങ്ങൾ കുറഞ്ഞ ചെലവിൽ വിപണിയിൽ ഇറക്കി ലാഭമുണ്ടാക്കാൻ കുടുംബസംരംഭങ്ങൾക്കാകും.

ജ്യൂസ്… ജ്യൂസ്… ജ്യൂസ്…

കുറഞ്ഞ മുതൽമുടക്കിൽ, എളുപ്പത്തിൽ തുടങ്ങി ലാഭമുണ്ടാക്കാവുന്ന ഒരു കുടുംബസംരംഭമാണ് ​ഗ്രാമീൺ ഫ്രെഷ് ജ്യൂസ് യൂണിറ്റുകൾ. പാഷൻ ഫ്രൂട്ട്, പേരയ്ക്ക, ജാതിക്ക, പൈനാപ്പിൾ, പപ്പായ, മാങ്ങ തുടങ്ങി കേരളത്തിൽ സുലഭമായ പഴങ്ങൾ ഇതിനായി ഉപയോ​ഗപ്പെടുത്താം. ഡിസംബർമുതൽ മെയ് വരെ നീണ്ടുനിൽക്കുന്ന ചൂടുകാലാവസ്ഥയിൽ ശീതളപാനീയങ്ങൾക്ക് വൻ വിൽപ്പനയാണുള്ളത്. കൃത്രിമ ജ്യൂസുകളോട് ആളുകൾക്ക് താൽപ്പര്യം കുറയുകയും ചെയ്യുന്നു.
ഓരോ സീസണിലും വിലക്കുറവിൽ ധാരാളമായി ലഭിക്കുന്ന പഴങ്ങളാണ് ഇത്തരത്തിലുള്ള ജ്യൂസുകളുടെ നിർമാണത്തിന് ഉപയോഗിക്കേണ്ടത്. പഴങ്ങൾ പൾപ്പുകളാക്കിമാറ്റി സൂക്ഷിച്ചുവയ്‌ക്കുകയും പിന്നീട്  അതുകൊണ്ട് ഗ്രാമീൺ ഫ്രെഷ് ജ്യൂസുകൾ ഉണ്ടാക്കി വിപണിയിലെത്തിക്കുകയും ചെയ്യാം.

 

സംഭരണവും രജിസ്‌ട്രേഷനും

 

പഴങ്ങൾ കർഷകരിൽനിന്ന് നേരിട്ട് സംഭരിച്ചാൽ കർഷകർക്ക് കൂടിയ വില കിട്ടും, സംരംഭകർക്ക് വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഉൽപ്പന്നം ലഭ്യമാകുകയും ചെയ്യും. ​ഗ്രാമീൺ ഫ്രെഷ് ജ്യൂസ് യൂണിറ്റുകൾ തുടങ്ങാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ രജിസ്ട്രേഷൻ, ഉദ്യോഗ്‌ ആധാർ എന്നിവ സംരംഭകൻ നേടേണ്ടതാണ്.

 

പരിശീലനം

 

ഗ്രാമീണ ഫ്രെഷ് ജ്യൂസ് നിർമാണത്തിനുള്ള പരിശീലനം കാർഷിക ഭക്ഷ്യസംസ്‌കരണ രംഗത്തെ ഇൻക്യൂബേഷൻ സെന്ററായ പിറവം അഗ്രോ പാർക്കിൽ ലഭ്യമാണ്.  വിവരങ്ങൾക്ക് ഫോൺ:  0485–-2242310

 

പ്ലാസ്റ്റിക് നിരോധനം അവസരമാക്കാം

 

ശീതളപാനീയങ്ങൾ പായ്‌ക്ക് ചെയ്‌തിരുന്ന ചെറിയ പെറ്റ് ബോട്ടിലുകളും പ്ലാസ്റ്റിക്‌ കപ്പുകളുമെല്ലാം നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു . ഈ നിരോധനം ഒരവസരമാക്കിമാറ്റാൻ സംരംഭകർക്ക്  സാധിക്കും.

 

സംസ്‌കരിച്ച് പായ്‌ക്ക് ചെയ്‌ത, ദീർഘകാലം സൂക്ഷിപ്പുകാലാവധിയുള്ള ശീതളപാനീയങ്ങളേക്കാൾ പഴങ്ങളിൽനിന്ന് നേരിട്ട് നിർമിച്ച് തണുപ്പിച്ച് സൂക്ഷിക്കുന്ന ശീതളപാനീയങ്ങൾക്കാണ് ഇപ്പോൾ വിപണിയിൽ ഡിമാൻഡുള്ളത്. 10 ലിറ്റർവീതം സ്റ്റീൽ ബോണികളിൽ നിറച്ച് ഫ്രീസറുകളിൽ സൂക്ഷിച്ച് ചില്ലുഗ്ലാസുകളിലാണ് ഈ പാനീയങ്ങൾ ഉപഭോക്താവിലേക്കെത്തുന്നത്. അതിനാൽ പ്ലാസ്റ്റിക് പാക്കിങ്‌ മെറ്റീരിയലുകൾ പൂർണമായി ഒഴിവാക്കാം.

 

ഉണ്ടാക്കാൻ വളരെ എളുപ്പം

 

പഴങ്ങൾ ശേഖരിച്ചശേഷം നന്നായി കഴുകി വൃത്തിയാക്കിയെടുക്കണം. തുടർന്ന് പുറംതൊലി നീക്കംചെയ്യേണ്ടവ നീക്കംചെയ്ത് പൾപ്പർ ഉപയോഗിച്ച് പൾപ്പുകളാക്കി മാറ്റണം. പിന്നീട് നിശ്ചിത ഗാഢതയുള്ള പഞ്ചസാര ലായനി ഉണ്ടാക്കി അതിൽ 15 മുതൽ 20 ശതമാനംവരെ പഴത്തിന്റെ പൾപ്പ് ചേർക്കുകയും പിന്നീട് ശുദ്ധീകരിച്ച് വെള്ളം ചേർത്ത് നേർപ്പിക്കുകയും ചെയ്യണം.  റിഫ്രക്റ്റോ മീറ്റർ ഉപയോഗിച്ച് ബ്രിക്‌സ് ലെവൽ നോക്കിയാണ് ഈ പ്രക്രിയ പൂർത്തീകരിക്കേണ്ടത്.

 

വിൽക്കാം ആരോഗ്യ ജ്യൂസ്

 

10 ലിറ്റർവീതമുള്ള സ്റ്റീൽ ബോണികളിൽ നിറയ്ക്കാം. നാലുമണിക്കൂർ തണുപ്പിച്ചശേഷം ബേക്കറികൾ, ഹോട്ടലുകൾ, ചില്ലറവിൽപ്പന കേന്ദ്രങ്ങൾ തുടങ്ങിയവയിൽ എത്തിക്കാം. വിൽപ്പനക്കാർക്ക്‌ ഇത് ഫ്രീസറുകളിൽ സൂക്ഷിച്ച് വിൽപ്പന നടത്താം.
ആവശ്യക്കാർക്ക് 250 മില്ലീ ലിറ്റർവീതം പകർന്നുനൽകാം. 10 ലിറ്റർ ജ്യൂസിൽനിന്ന് 50 ഗ്ലാസ് വിൽപ്പന നടത്താം. പഴങ്ങളുടെ അരോമ നിലനിൽക്കുന്ന ആരോഗ്യദായകമായ ജ്യൂസാണ് ഉപഭോക്താവിന് ലഭിക്കുന്നത്. കാലിയാകുന്ന സ്റ്റീൽ ബോണികൾ തിരിച്ചെടുത്ത് നന്നായി കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

*