നമ്മുടെ മുരിങ്ങ നാളെയുടെ ഡോളർ വിള

കന്യാകുമാരിയിലെ സ്റ്റെല്ല മാരിസ് കന്യാസ്ത്രീ മഠത്തിന്റെ മുറ്റത്ത് രാവിലെ ഏഴു മണിക്കുതന്നെ യാത്രയ്ക്കുള്ള ജീപ്പ് തയാർ. കൂടംകുളം ആണവനിലയം കഴിഞ്ഞ് കിലോമീറ്ററുകൾ അകലെ തിരുനൽവേലി ജില്ലയിലെ രാധാപുരം, വള്ളിയൂർ ബ്ലോക്കുകളിലേക്കും പിന്നെ കുട്ടത്തേയ്ക്കുമെല്ലാമായി യാത്ര പോകുന്ന ജീപ്പിൽ യാത്രക്കാർ മാത്രമല്ല പായ്ക്കറ്റ് കണക്കിനു മുരിങ്ങവിത്തുകളും അവ പാകി മുളപ്പിക്കാനുള്ള പോളിത്തീൻ കവറുകളുമുണ്ട്.

 

സ്റ്റെല്ല മാരിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ (SMIDS) എക്സിക്യൂട്ടീവ് ഡയറക്ടർ സിസ്റ്റർ അർച്ചനാ ദാസും ക്ലാസ്സുകളും പരിശീലനങ്ങളുമായി കാർഷികമേഖലയിൽ ദീർഘകാല  അനുഭവസമ്പത്തുള്ള ഡോ. കമലാസനൻപിള്ളയും സഹപ്രവർത്തകരും ഉൾപ്പെടുന്ന യാത്രാസംഘം പോകുന്നത് തിരുനൽവേലിയിലെ കൃഷിയിടങ്ങളിലേക്കാണ്.

 

‘‘ആഭ്യന്തരവിപണിക്കപ്പുറം രാജ്യാന്തരവിപണിതന്നെ ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ വൻവളർച്ച നേടുന്ന മുരിങ്ങയിലപ്പൊടി–മുരിങ്ങയെണ്ണ സംരംഭങ്ങൾ സാധാരണ കർഷകർക്കു കൂടി പ്രയോജനപ്രദമാക്കുക, സുനാമി ബാധിത മേഖലകളിലെ മൽസ്യത്തൊഴിലാളി സ്ത്രീകളെ മുരിങ്ങയിലൂടെ അധിക വരുമാനം നേടാൻ പ്രാപ്തരാക്കുക; നാളുകളായി തുടരുന്ന ഈ യാത്രകളുടെ ലക്ഷ്യം ഇതാണ്’’, സ്മിഡ്സിന്റെ ‘സെന്റർ ഓഫ് എക്സലൻസ് ഇൻ മുരിങ്ങ’ മേധാവി ഡോ. കമലാസനൻപിള്ള പറയുന്നു.

 

കൃഷിയിലൂടെ ദരിദ്ര ഗ്രാമീണമേഖലയുടെ സുസ്ഥിതി ലക്ഷ്യമിടുന്ന യുഎൻ ഏജൻസി ഐഫാഡി(IFAD)ന്റെയും നബാർഡിന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന സ്മിഡ്സിന്റെ ദൗത്യങ്ങളിൽ ഏറ്റവും പ്രാധാന്യം മുരിങ്ങക്കൃഷിക്കും മുരിങ്ങ വ്യവസായം ലക്ഷ്യമിട്ടുള്ള കർഷക കമ്പനിക്കും തന്നെയെന്ന് സിസ്റ്റർ അർച്ചനാദാസ്. സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള സിസ്റ്റർ അർച്ചന, തീരപ്രദേശങ്ങളിലെ ഗ്രാമീണ വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് മുഖ്യവഴിയായി കാണുന്നതും ഇല ലക്ഷ്യമിട്ടുള്ള മുരിങ്ങക്കൃഷിതന്നെ.

 

കർഷകർക്ക് മുരിങ്ങ വിത്ത് വിതരണം ചെയ്യുന്നു

മുരിങ്ങയിലൂടെ മുന്നേറാം

 

കന്യാകുമാരി കോട്ടക്കരി റോഡിലുള്ള ഡോട്ടേഴ്സ് ഓഫ് മേരി കോൺഗ്രിഗേഷന്റെ കീഴിലുള്ള സ്റ്റെല്ല മാരിസ് കോൺവെന്റാണ് സ്മിഡ്സിന്റെ ആസ്ഥാനം. മുരിങ്ങ സംരംഭങ്ങൾ ലക്ഷ്യമിട്ട് സ്മിഡ്സ് ആരംഭിച്ച സെന്റർ ഓഫ് എക്സലൻസ് ഇൻ മുരിങ്ങ ഇവിടെയൊരു രാജ്യാന്തര സെമിനാർ നടത്തിയിരുന്നു. കേരളത്തിലെ കൃഷി വിദഗ്ധരോ പഠിതാക്കളോ കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും ഒട്ടേറെ സംരംഭകരും ഗവേഷകരും സെമിനാറിനെത്തി. പ്രബന്ധാവതരണങ്ങളും ചർച്ചകളുമെല്ലാം കഴിഞ്ഞപ്പോൾ ഒരു കാര്യം ഉറപ്പായെന്ന് ഡോ. കമലാസനൻപിള്ള, ‘നമ്മുടെ മുരിങ്ങ നാളെയുടെ ഡോളർ വിള തന്നെ.’
Comments

COMMENTS

error: Content is protected !!