വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മ്മാണത്തിന് സര്‍ക്കാര്‍ 2020 കോടി രൂപ ചെലവഴിച്ചു- മന്ത്രി ടി.പി രാമകൃഷ്ണന്‍

ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കി മാറ്റുന്നതിന് 2020 കോടി രൂപ ചെലവഴിച്ചെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മൂടാടി വീമംഗലം യു.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കാട്ടുകോയത്ത് ഗോപാലന്‍ നായര്‍ സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലാഭത്തിന്റെയും നഷ്ടത്തിന്റെയും തോത് അനുസരിച്ചല്ല വിദ്യാലയങ്ങളെ പരിഗണിക്കേണ്ടത്. പൊതുവിദ്യാലയങ്ങളില്‍ വലിയതോതില്‍ മാറ്റങ്ങള്‍ വരുത്തി ഗവണ്‍മെന്റിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.

മാനേജ്‌മെന്റ് സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. വീമംഗലം യു.പി സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് നിലവിലുള്ള മാനേജ്‌മെന്റ് മാതൃകാപരമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. സമ്പൂര്‍ണ്ണ വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വന്ന മാറ്റങ്ങള്‍ ജനങ്ങളുടെ സഹകരണത്തിന്റെ ഭാഗം കൂടിയാണെന്ന് മന്ത്രി പറഞ്ഞു.

കുട്ടികളെ പൊതു വിഷയങ്ങളിലും ബോധവാന്മാരാക്കി മാറ്റുന്നതിന് വേണ്ടി നാനാ പദ്ധതികള്‍ കൊണ്ടുവരും. കാര്‍ഷിക മേഖലയെ കൂടി പരിഗണിച്ച് കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കാനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കഴിയുന്ന രീതിയില്‍ കുട്ടികളില്‍ കൃഷിയെ സംബന്ധിച്ചുള്ള അറിവ് നല്‍കുന്നതിനും പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ശോഭ സ്റ്റേജ് ഉദ്ഘാടനവും ഹൈടെക് വിദ്യാലയപ്രഖ്യാപനവും നടത്തി. ജില്ലാ സബ്ജില്ലാ പ്രതിഭകളെ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാലകൃഷ്ണന്‍ ക്ലാസ് റൂം ലൈബ്രറിയിലേക്കുള്ള പുസ്തകം സ്‌കൂള്‍ ലീഡര്‍ക്ക് കൈമാറി. സ്‌കൂള്‍ മാനേജറായിരുന്ന കാട്ടുകോയത്ത് കുഞ്ഞിരാമന്‍ ഗുരുക്കള്‍ കാട്ടുകോയത്ത് ഗോപാലന്‍ നായര്‍ ഫോട്ടോ അനാച്ഛാദനം മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജീവാനന്ദന്‍ നിര്‍വഹിച്ചു. ആര്‍.വി കുമാരന്‍ സ്മാരക ഐ.ടി അധിഷ്ഠിത ക്ലാസ് റൂം ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.വി ഗംഗാധരന്‍ നിര്‍വഹിച്ചു. പൂര്‍വ്വാധ്യാപകരെയും അനുമോദിച്ചു. എല്‍.എസ്.എസ് യു.എസ്.എസ് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം സോമലത, മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി. രാജന്‍ മാസ്റ്റര്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ പപ്പന്‍ മൂടാടി, കണ്‍വീനര്‍ പി.വി സോമന്‍, സ്‌കൂള്‍ മാനേജര്‍ ദാക്ഷായണി അമ്മ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എം.വി സന്തോഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.ടി ഷിജിത്ത് നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!