മണ്ണില്ലാതെ വീട്ടിൽ കൃഷിയൊരുക്കാം

നഗരങ്ങളില്‍ വീട്ടിലോ ഫ്‌ളാറ്റിലോ കൃഷിയൊരുക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. അഥവാ, പച്ചക്കറികൃഷി നടത്തിയാല്‍ത്തന്നെ മണ്ണ് നല്ലതല്ലെങ്കില്‍ എല്ലാം നശിച്ചുപോകും. എന്നാല്‍, മണ്ണില്ലാതെ കൃഷി ചെയ്താലോ… വീട്ടിനുള്ളിലോ ടെറസിലോ എവിടെയും മണ്ണില്ലാതെ കൃഷിയൊരുക്കാനുള്ള സംവിധാനം ലഭ്യമാക്കിയിരിക്കുകയാണ് ‘ഇള സസ്റ്റെയ്നബിള്‍ സൊലൂഷന്‍’എന്ന സംരംഭം. എറണാകുളം സ്വദേശി അമല്‍ മാത്യു, തിരുവനന്തപുരം സ്വദേശിയും കോളേജ് അധ്യാപകനുമായിരുന്ന വി.എസ്. ഷിജിന്‍ എന്നിവരാണ് സംരംഭത്തിന്റെ അമരക്കാര്‍.

 

ഹൈഡ്രോപോണിക്‌സ്, എയ്‌റോപോണിക്‌സ് തുടങ്ങിയ ആധുനിക കൃഷിരീതികള്‍ കേരളത്തിലെ കാലാവസ്ഥയിലേക്ക് കൊണ്ടുവരികയാണ് സംരംഭം ചെയ്യുന്നത്. മണ്ണിന് പകരം ട്രീറ്റ് ചെയ്ത ക്ലേ ബോളുകളാണ് ഉപയോഗിക്കുന്നത്. വീടുകളുടെ ടെറസുകളിലും കൃഷിയൊരുക്കുന്നുണ്ട്. പച്ചക്കറികളും മറ്റും വീട്ടില്‍ത്തന്നെ ഉത്പാദിപ്പിക്കാനായി വീട്ടമ്മമാര്‍, വിവിധ സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

 

കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ സാധ്യമാക്കുന്ന ‘വെര്‍ട്ടിക്കല്‍’ കൃഷിരീതിയാണ് വീടുകളില്‍ ഒരുക്കുന്നത്. കൂടാതെ, ടെറസുകള്‍ ഉണ്ടെങ്കില്‍ അവിടെ ഗ്രീന്‍ ഹൗസ് മോഡല്‍ കൃഷിരീതിയായാണ് സംരംഭം ഒരുക്കുന്നത്. ചെടി വളര്‍ത്താനുള്ള സഹായവും മറ്റും ‘ഇള’ തന്നെ നല്‍കും. കൂടെ പ്രത്യേക ട്രെയിനിങ്ങും ഇവര്‍ നല്‍കുന്നുണ്ട്.

[Image: amel]   അമല്‍ മാത്യു, വി.എസ്. ഷിജിന്‍

വീടുകളുടെയോ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയോ ടെറസുകളില്‍ 1,000 ചതുരശ്രയടിക്ക് മുകളിലുള്ള കൃഷി യൂണിറ്റുകള്‍ ഒരുക്കാനാകും. വീട്ടമ്മമാര്‍ക്കാണെങ്കില്‍ വീട്ടിലേക്ക് പച്ചക്കറി ലഭിക്കുന്നതിനോടൊപ്പം മാസം ഏതാണ്ട് 15,000 രൂപ വരുമാനം ലഭിക്കുമെന്ന് സാരഥി ഷിജിന്‍ പറഞ്ഞു.

 

നിലവില്‍ സംരംഭം വഴി പച്ചക്കറികള്‍ വില്‍ക്കുന്നുണ്ട്. ബോക്‌സുകളായി നേരിട്ട് വിവിധ സ്റ്റോറുകളിലാണ് നല്‍കുന്നത്. ഇതില്‍ കൂടുതലും ബ്രോക്കോളി, കെയില്‍ പോലുള്ള ഇംഗ്ലീഷ് പച്ചക്കറികളാണ്. വീട്ടമ്മമാരും ‘ഇള’യുമായി ചേര്‍ന്ന് പച്ചക്കറി വില്‍പ്പന നടത്തുന്നുണ്ട്.

 

ശരാശരി മൂന്നു ലക്ഷം രൂപ വരെയാണ് 1,000 ചതുരശ്രയടിയില്‍ കൃഷിയൊരുക്കാന്‍ വരുന്ന ചെലവ്. സ്ഥലത്തിനനുസരിച്ച് ചെലവില്‍ വ്യത്യാസം വരും. എന്‍ജിനീയറിങ് പഠിക്കുമ്പോള്‍ അമലിന്റെ പ്രോജക്ടിനെ സഹായിച്ചത് ഷിജിനായിരുന്നു. അവിടെ നിന്നുള്ള സൗഹൃദമാണ് ഇവരെ ‘ഇള’ എന്ന സംരംഭത്തിലേക്ക് എത്തിച്ചത്. രണ്ടുവര്‍ഷം കൊണ്ടാണ് ഇത് വികസിപ്പിച്ചത്. കേരളത്തിലും ബെംഗളൂരുവിലും അടക്കം 53 പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. അടുത്തുതന്നെ ഓണ്‍ലൈന്‍ വഴി പച്ചക്കറി വില്‍പ്പന വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്.
Comments

COMMENTS

error: Content is protected !!