കൃഷി ലളിതമാക്കാം: ഈവഴി വരൂ

കോഴിക്കോട്‌:തടമെടുക്കാനും പുല്ലുവെട്ടാനും കൊയ്യാനും മെതിക്കാനും അടയ്‌ക്ക പറിക്കാൻ വരെ യന്ത്രം വാങ്ങി. അതിന്റെ ടെക്‌നിക്കും പഠിച്ചു. ‘ഇനി ജോലിയെല്ലാം സിമ്പിളാകും’- വേങ്ങേരിയിലെ കാർഷിക വിപണന കേന്ദ്രത്തിൽ കൃഷി ഉപകരണങ്ങളുടെ പ്രവർത്തനവും അറ്റകുറ്റപ്പണികളും പഠിക്കാനെത്തിയവരുടെ ആത്മഗതം ഇങ്ങനെയായിരുന്നു.
കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി (എസ്‌എംഎഎം)യുടെ ഭാഗമായി കാർഷികോപകരണങ്ങൾ വാങ്ങിയവർക്കാണ്‌ കൃഷി അസി. എക്‌സിക്യുട്ടീവ്‌ എൻജിനിയർ ഓഫീസിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയത്‌.
ജില്ലയിൽ 533 പേർക്കാണ്‌ പദ്ധതി പ്രകാരം കാർഷികയന്ത്രങ്ങൾ വാങ്ങാൻ അനുമതിയായിട്ടുള്ളത്‌. 400 പേർ ഇതുവരെ ഉപകരണം സ്വന്തമാക്കി. 50 ശതമാനംവരെ സബ്‌സിഡി നിരക്കിലാണ്‌ യന്ത്രങ്ങൾ വാങ്ങിയത്‌. പുല്ലുവെട്ടൽ യന്ത്രം, പവർ ടില്ലർ, വീൽബാരോ, അടക്കപറി യന്ത്രം, മരം കയറൽ യന്ത്രം, മരച്ചില്ല വെട്ടാനുള്ള മെഷീൻ, കൊയ്‌ത്ത്‌ യന്ത്രം തുടങ്ങിയവയുടെയെല്ലാം പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ കർഷകർക്ക്‌ വിശദീകരിച്ചു. ഒരേ യന്ത്രം പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവിധവും ചെറിയ അറ്റകുറ്റപ്പണികളും പഠിപ്പിച്ചു. രജിസ്‌റ്റർചെയ്‌ത 70 പേർക്കാണ്‌ പരിശീലനം നൽകുന്നത്‌. ആദ്യബാച്ചിൽ 30 പേർ പരിശീലനം പൂർത്തിയാക്കി. ബാക്കിയുള്ളവർ വ്യാഴാഴ്‌ച ക്യാമ്പിലെത്തും.
കൃഷി അസി. എൻജിനിയർ അമ്പിളി വി കുമാർ ഉദ്‌ഘാടനംചെയ്‌തു. അസി. എക്‌സിക്യുട്ടീവ്‌ എൻജിനിയർ അബ്ദുൾ വഹാബ്‌ സംസാരിച്ചു. ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ യു ബിനോയ്‌, പി ജയകൃഷ്‌ണൻ, നിഷാദ്‌ അലി, കെ പി ബിജു എന്നിവർ ക്ലാസെടുത്തു.
കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളെക്കുറിച്ചും ഇതോടനുബന്ധിച്ച്‌ പരിശീലനം നടക്കുന്നുണ്ട്‌. സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷനും കൃഷിവകുപ്പ്‌ എൻജിനിയറിങ്‌ വിഭാഗവും ആത്മ ഓഫീസും ചേർന്നാണ്‌ പരിശീലനം നൽകുന്നത്‌. ജില്ലയിലെ തെരഞ്ഞെടുത്ത എട്ട്‌ അഗ്രോ സർവീസ്‌ സെന്ററുകളിൽനിന്നും നാല്‌ കാർഷിക കർമ സേനകളിൽനിന്നും എത്തിയവർക്കാണ്‌ പരിശീലനം. 12 ദിവസം നീളുന്ന ക്യാമ്പ്‌ 22ന്‌ സമാപിക്കും.
Comments

COMMENTS

error: Content is protected !!