കേരളത്തിന് പുറത്ത് മലയാള സിനിമകളുടെ റിലീസ് വൈകും

സംസ്ഥാനത്ത് റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം മാത്രമായിരിക്കും ഇനി മുതല്‍ മറ്റ് സംസ്ഥാനങ്ങളില്‍ മലയാള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുക. കുറച്ചുകാലമായി മേഖലയെ ബാധിക്കുന്ന സിനിമാ പൈറസി പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ തീരുമാനം.

 

ബംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി എന്നി നഗരങ്ങള്‍ കൂടാതെ ഉത്തര്‍പ്രദേശ്, ഹൈദരബാദ്, കൊല്‍ക്കത്ത തുടങ്ങിയ കേന്ദ്രങ്ങളിലും ഇപ്പോള്‍ മലയാള സിനിമ റിലീസ് ചെയ്യാറുണ്ട്. അടുത്തിടെ ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളായ മാമങ്കം, ലൂസിഫര്‍ എന്നിവയുടെ വ്യാജ പതിപ്പ് വ്യാപകമായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് വലിയ തിരിച്ചടിയായി. ഇതിന് മുന്‍പും പകര്‍പ്പവകാശ സംരക്ഷണ നിയമ പ്രകാരം 300 ലെറെ കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

 

മലയാള സിനിമകളുടെ വ്യാജ പതിപ്പ് കൂടുതലായും ഇറങ്ങിരുന്നത് ബംഗളൂരുവില്‍ നിന്നായിരുന്നു. എന്നാല്‍, മറ്റ് അന്യസംസ്ഥാന നഗരങ്ങളിലും പൈറസി മാഫിയ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലായതായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

 

അതേസമയം, അന്യസംസ്ഥാന താരങ്ങള്‍ അഭിനയിക്കുന്ന മലയാള ചിത്രങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും ഒരേസമയം റിലീസ് ചെയ്യുന്നതിന് തടസമുണ്ടാകില്ല. റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാറില്‍’ തമിഴ് താരങ്ങളായ അര്‍ജുന്‍, പ്രഭു, ബോളിവുഡ് താരം സുനില്‍ ഷെട്ടി തുടങ്ങിയവര്‍ മുഖ്യ വേഷം കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ഇളവ്. ചെന്നൈ, ബംഗളൂരു, ഹൈദരബാദ് തുടങ്ങിയ നഗരങ്ങളിലെ മലയാളി പ്രേക്ഷകര്‍ക്ക് ഇനി പുതിയ മലയാള ചിത്രങ്ങള്‍ കാണാന്‍ കാത്തിരിക്കേണ്ടിവരും.
Comments

COMMENTS

error: Content is protected !!