ഗവ.കോളെജ് വികസനത്തിന്റെ പാതയിൽ

കൊയിലാണ്ടി: ഗവ കോളേജ്  കൊയിലാണ്ടി കഴിഞ്ഞ നാല് വർഷം കൊണ്ട് മുമ്പൊന്നുമില്ലാത്ത വിധം വികസനത്തിന്റെ  പാതയിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതയെ ഒന്നൊന്നായി മറികടന്ന്,  കേരളത്തിലെ  ‘മാതൃകാ സർക്കാർ കോളേജ് ‘ആയി ഈ സ്ഥാപനത്തെ ഉയർത്തുന്നതിനുള്ള   പ്രവർത്തനങ്ങൾ അതിന്റെ പൂർണതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇതിനായി സമഗ്രമായ ഒരു അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.
 1975 ൽ  കൊയിലാണ്ടി ബോയ്സ് സ്കൂളിന്റെ കെട്ടിടങ്ങളിലൊന്നിൽ  പ്രവർത്തനമാരംഭിച്ച കൊയിലാണ്ടി ഗവൺമെന്റ് കോളേജ് 1985ലാണ്  മുചുകുന്നിലെ  സ്വന്തം  കെട്ടിടത്തിലേക്ക്  മാറുന്നത്. അക്കാലത്ത് രണ്ട് ഷിഫ്റ്റുകളിലായി  തേഡ്,  ഫോർത്ത് ഗ്രൂപ്പുകൾ മാത്രം  ഉൾപ്പെടുന്ന 4 ബാച്ച് പ്രീഡിഗ്രി കോഴ്സാണ് കോളേജിൽ ഉണ്ടായിരുന്നത്.  1991ൽ ബികോം ആരംഭിച്ചു.  പ്രീഡിഗ്രി ഡീലിംഗ് ചെയ്യുന്ന സമയത്താണ് കോളേജിൽ പിന്നീട്  ഡിഗ്രി കോഴ്സുകൾ വരുന്നത്. ഇപ്പോൾ മൂന്ന് ഡിഗ്രി (കോമേഴ്‌സ്, ഹിസ്റ്ററി, ഫിസിക്സ്‌ ) കോഴ്സുകളും രണ്ട് പിജി(ഫിസിക്സ്‌, കോമേഴ്‌സ് ) കോഴ്സുകളുമാണ്  കോളേജിൽ പ്രവർത്തിക്കുന്നത്.
  2016ൽ  ഭൗതിക സൗകര്യവികസനസമിതി (CIDAC) രൂപീകരിച്ചതോടെ ആണ് കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്ക് ദിശാബോധവും വേഗവും കൈവരുന്നത്. സിഡാക് ന്റെ ചെയർമാൻ എം എൽ എയും വൈസ് ചെയർമാൻ  പ്രിൻസിപ്പലും കോ ഓഡിനേറ്റർ അധ്യാപകനായ  സി വി ഷാജിയുമാണ്.    2016ൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി യുടെ സഹായത്തോടെ കോളേജിന്റെ ഭൗതിക മാസ്റ്റർപ്ലാൻ തയ്യാറാക്കി.വിഷൻ 2025എന്ന  ഈ മാസ്റ്റർപ്ലാൻ മുൻനിർത്തിയാണ് കോളേജിലെ വികസന പ്രവർത്തനങ്ങൾ പിന്നീട് മുന്നോട്ടു പോയിട്ടുള്ളത്.നിർമ്മാണത്തിലിരിക്കുന്നതും പൂർത്തീകരിച്ചതുമായ  ഏകദേശം 26 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്.    സർക്കാരിന്റെ പ്ലാൻ ഫണ്ടുകൾ, എംഎൽഎയുടെ ആസ്തി വികസന ഫണ്ട് എന്നിവക്ക് പുറമേ  കിഫ്ബി,  റൂസ, യുജിസി, നബാർഡ്  തുടങ്ങി വിവിധ ഏജൻസികളിൽ നിന്നുള്ള  ഫണ്ട്‌ ലഭ്യമാക്കി  കോളേജിലെ വികസന പ്രവർത്തനത്തിന് ഉപയോഗിക്കാൻ കഴിഞ്ഞു എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്.
 മനോഹരമായ കവാടം,  കൂടിയ ചുറ്റുമതിൽ,  ആംഫി തിയേറ്റർ,  വനിതാ ഹോസ്റ്റൽ, ജലവിതരണപദ്ധതി എന്നിവ  പൂർത്തീകരിച്ചു കഴിഞ്ഞു .   MLA ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിക്കുന്ന,  വിശാലമായ ഇരിപ്പിട സൗകര്യങ്ങളുള്ള  സ്റ്റേഡിയം പണി  അവസാന ഘട്ടത്തിലാണ്.
 ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന്  ബൃഹത്തായ പദ്ധതികൾ കൂടി  തുടക്കം കുറിക്കുകയാണ്. എട്ടു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അക്കാദമിക് ബ്ലോക്കും  രണ്ട് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മെൻസ് ഹോസ്റ്റലുംഅഞ്ച് കോടി രൂപയുടെ ലൈബ്രറി സമുച്ചയവും.  അക്കാഡമിക് ബ്ലോക്കിന്റെയും  മെൻസ് ഹോസ്റ്റലിന്റെയും  കെട്ടിടശിലാസ്ഥാപനം  ഫെബ്രുവരി 22ന് ഉച്ചയ്ക്ക് 2 30 ന് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ കെ ടി ജലീൽ നിർവഹിക്കുന്നു. ചടങ്ങിൽ  കൊയിലാണ്ടി എംഎൽഎ ശ്രീ കെ ദാസൻ അധ്യക്ഷനായിരിക്കും. ജനപ്രതിനിധികൾ,  സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവർ ചടങ്ങിന്റ ഭാഗമാകും. ശിലാസ്ഥാപനകർമം പ്രാദേശിക ഉത്സവമാക്കി മാറ്റുക എന്നതാണ് നാട്ടുകാരുടെ  ലക്ഷ്യം.അതിനായി മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സൻ  ആയും പ്രിൻസിപ്പൽ വൈസ് ചെയർപേർസനായും CIDAC കോഡിനേറ്റർ കൺവീനർ ആയും സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
 ലൈബ്രറിയുടെ നിർമ്മാണം   ടെണ്ടർ നടപടി പൂർത്തീകരിച്ചു മാർച്ച്‌ മാസത്തോടെ പണി ആരംഭിക്കാവുന്ന അവസ്ഥയിലാണ്.  ഈ കെട്ടിടങ്ങളുടെ നിർമ്മാണം കഴിയുന്നതോടെ  മാസ്റ്റർപ്ലാൻ വിഭാവനം ചെയ്ത മുഴുവൻ വികസന പ്രവർത്തനങ്ങളും പൂർണമാവും. 2025 ൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പ്രവൃത്തികളാണ് 2021ഓടെ പ്രവർത്തനസജ്ജമാകുന്നത്.
 ഭൗതിക സൗകര്യങ്ങളിൽ ബഹുദൂരം മുന്നേറിയെ ങ്കിലും കോഴ്സുകളുടെ അഭാവം കോളേജിന്റെ  അപര്യാപ്തയാ യി തുടരുകയാണ്. 2012ന് ശേഷം  ആരംഭിച്ച കോളേജുകളിൽ പോലും നാലും  അഞ്ചും  കോഴ്സുകൾ അനുവദിച്ചപ്പോൾ 45 വർഷത്തെ പഴക്കമുള്ള കൊയിലാണ്ടി ഗവൺമെന്റ് കോളേജിൽ മൂന്ന് ഡിഗ്രി കോഴ്സുകൾ മാത്രമാണ് ഇപ്പോഴും ഉള്ളത്.   കഴിഞ്ഞ  NAAC സന്ദർശനസമയത്ത്  കോളേജിന്റെ വികസനപ്രവർത്തനങ്ങൾ മൂല്യനിർണ്ണയ സമിതിയുടെ പ്രശംസക്ക് പത്രമായെങ്കിലും കോഴ്‌സുകളുടെ അഭാവം ഉയർന്ന ഗ്രേഡ് ലഭിക്കുന്നതിന് തടസ്സമായി.   കൂടുതൽ  കോഴ്‌സുകൾ  ഉണ്ടെങ്കിൽ നാക് ന്റെ എ. ഗ്രേഡ് നേടിയെടുക്കാൻ കോളേജിനു കഴിയും. അതോടെ ദേശീയ തലത്തിൽ തന്നെ വലിയ സാമ്പത്തിക പിന്തുണ ലഭ്യമാകും.  2021ൽ നാക് സംഘം വീണ്ടും  കോളേജ് സന്ദർശിക്കുകയാണ്.  നാക്, സംഘത്തിന് മുമ്പാകെ കൂടുതൽ കോഴ്‌സുകളോടെ  കോളേജിന്റെ മികവ് പ്രദർശിപ്പിക്കാൻ കഴിയുമെന്നും ഉയർന്ന ഗ്രേഡ് നേടാമെന്നുമുള്ള   പ്രതീക്ഷയിലാണ് ജനപ്രതിനിധികളും അക്കാദമിക് സമൂഹവും നാട്ടുകാരും.
 :
കെ.ദാസൻ എം.എൽ.എ,  അൻവർ സാദത്ത്(പ്രിൻസിപ്പൽ ) സി.വി.ഷാജി. കെ. ഡി. സിജു. പങ്കെടുത്തു
Comments

COMMENTS

error: Content is protected !!