ആരോഗ്യമേഖലയില്‍ ജില്ലയില്‍ 236 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു; മന്ത്രി കെ.കെ ശൈലജ ടീച്ചര്‍


ആരോഗ്യമേഖലയില്‍ ജില്ലയില്‍ 236 പുതിയ തസ്തികകള്‍ സൃഷ്ടിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വപ്‌നതുല്യമായ മാറ്റങ്ങളാണ് ആരോഗ്യരംഗത്തുണ്ടായിരിക്കുന്നത്. ജില്ലയില്‍ ആദ്യഘട്ടത്തില്‍ല 13 പി.എച്ച്.സി കളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാന്‍ തെരഞ്ഞടുത്തത്. രണ്ടാംഘട്ടത്തില്‍ 37 എണ്ണവും തെരഞ്ഞടുത്തു. കിടത്തിചികിത്സയേക്കാള്‍ മികച്ച സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നത്. മികച്ച ആരോഗ്യശീലം പഠിപ്പിക്കാന്‍ ആരോഗ്യവകുപ്പ് മുന്നിട്ടിറങ്ങുകയാണ്. അവനവന്‍ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ ഡെങ്കിപനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ തടയാന്‍ കഴിയും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും പകര്‍ച്ചവ്യാധികള്‍ കുറക്കാന്‍ ആരോഗ്യമേഖലക്ക് കഴിഞ്ഞിട്ടുണ്ട്. ജീവിതശൈലി രോഗങ്ങളെ കുറിച്ച് പ്രാഥമിക അറിവ് നല്‍കുന്ന കേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മാറണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

ജോര്‍ജ് എം തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. 108 ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫും ഈ ഹെല്‍ത്ത് യു.എച്ച്.ഐഡി കാര്‍ഡ് വിതരണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഡി.എം.ഒ ഡോ. വി. ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കുട്ടിയമ്മ മാണി, ജില്ലാ പഞ്ചായത്ത് അംഗം വി.ഡി ജോസഫ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ നവീന്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. ആശാ ദേവി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഐബി റെജി, എം.ഇ ജലീല്‍, പഞ്ചായത്ത് അംഗം ആര്‍.എം അബ്ദുല്‍ റസാക്ക്, പുതുപ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി വേലായുധന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ്‌കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ രാകേഷ് സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ സഫീന മുസ്തഫ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!