കൊയിലാണ്ടി നഗരസഭയില്‍ സംഘര്‍ഷം

കൊയിലാണ്ടി: നഗര മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുക,പ്ലാസ്റ്റിക് ഉള്‍പ്പടെയുളള മാലിന്യം കത്തിക്കുന്നതും ജനവാസ മേഖലകളില്‍ കുഴിച്ചു മൂടുന്നതും തടയുക എന്നി മുദ്രാവാക്യവുമായി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേത്യത്വത്തില്‍ നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. നൂറോളം പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് നഗരസഭ ഓഫീസിന് മുന്നില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞിരുന്നു. പോലീസിനെ തളളി നീക്കി പ്രവര്‍ത്തകര്‍ ഓഫീസിനുളളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുന്നിലെ വലിയ ചില്ലു വാതില്‍ തകര്‍ന്നു്. എസ്.ഐ.കെ.സേതുമാധവന് പരിക്കുപറ്റി.

മാര്‍ച്ച് നഗരസഭ പ്രതിപക്ഷ നേതാവ് യൂ.രാജീവന്‍ ഉദ്ഘാടനം ചെയ്ത ശേഷം ചില്ലു തകര്‍ത്തതുമായി ബന്ധപ്പെട്ട് ഏതാനും നേതാക്കളെയും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചത് പോലീസും പ്രവര്‍ത്തകും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടാക്കി. ബലം പ്രയോഗിച്ച് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി.വി.സുധാകരന്‍, മനോജ് പയറ്റുവളപ്പില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റാഷിദ് മുത്താമ്പി, രജീഷ് വെങ്ങളത്ത്കണ്ടി, പി.വി.വേണുഗോപാല്‍,അജയ് ബോസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു. സംഘര്‍ഷത്തിനിടയില്‍ നഗരസഭയിലുണ്ടായിരുന്ന സി.പി.എം കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളും നടന്നു. നഗരസഭ കൗണ്‍സിലര്‍മാരെ ആക്രമിക്കുകയും ഓഫീസിന്റെ വാതില്‍ തകര്‍ത്തതിലും പ്രതിഷേധിച്ച് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രകടനം നടത്തുകയും ചെയ്തു. ആക്രമത്തില്‍ പ്രതിഷേധിച്ച് വൈകീട്ട് നഗരത്തിലും എല്‍.ഡി.എഫ് പ്രകടനം നടത്തി.


തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് സമരാഭാസം നടത്തി ഇല്ലാത്ത പ്രശ്നങ്ങള്‍ കുത്തിപൊക്കുകയാണെന്ന് നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ കുറ്റപ്പെടുത്തി. എന്നാല്‍ നഗരസഭ ഓഫീസ് തകര്‍ക്കുകയും കൗണ്‍സിലര്‍മാരെ ദേഹോപദ്രവം ഏല്‍പ്പിക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് ചെയര്‍മാന്‍ പറഞ്ഞു. മികച്ച മാലിന്യ സംസ്‌ക്കരണത്തിന് അവാര്‍ഡുകള്‍ വാരികൂട്ടിയ നഗരസഭയാണ് കൊയിലാണ്ടിയെന്നും ചെയര്‍മാന്‍ അവകാശപ്പെട്ടു.
മാര്‍ച്ച് നഗരസഭ പ്രതിപക്ഷ നേതാവ് യൂ.രാജീവന്‍ ഉദ്ഘാടനം ചെയ്തു. വി.വി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. പി.രത്നവല്ലി,വി.ടി.സുരേന്ദ്രന്‍എം.സതീഷ് കുമാര്‍,നടേരി ഭാസ്‌ക്കരന്‍,കെ.വിജയന്‍,കെ.പി.പ്രഭാകരന്‍, എന്നിവര്‍ സംസാരിച്ചു. കെ.പി.വിനോദ് കുമാര്‍,തന്‍ഹീര്‍ കൊല്ലം,രാമകൃഷ്ണന്‍ മൊടക്കല്ലൂര്‍,യു.കെ.രാജന്‍, ശ്രീജാറാണി,രമ്യ മനോജ്,ലാലിഷ ഷീബ സതിശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Comments

COMMENTS

error: Content is protected !!