ജീവിതദുരിതം പേറി സജിതയും കുടുംബവും…. സജിത ശാരീരികമായി തളർന്നത് പ്രസവത്തിനുശേഷം

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പുത്തൂർവട്ടത്ത് തേവരപറമ്പിൽ സജിത ശാരീരികമായി തളർന്നത് പ്രസവത്തെത്തുടർന്നാണ്. അതോടെയാണ് അവരുടെ ജീവിതത്തിന്റെ താളംതെററിയത്. ഇപ്പോൾ സജിതയ്ക്ക് സ്വന്തമായി ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയാണ്…. ഒന്നാംക്ലാസിൽ പഠിക്കുന്ന അലനും ഒന്നരവയസ്സുള്ള അലംകൃതയും മക്കളായുണ്ട്. അമ്മയുടെ സ്നേഹം എന്തെന്നറിയാതെയാണ് രണ്ടുമക്കളും വളരുന്നത്. ഭർത്താവായ പരമാനന്ദൻ കൂലിപ്പണിക്ക് പോയി കിട്ടുന്ന പണംകൊണ്ട് സജിതയുടെ ചികിത്സയ്ക്കും കുടംബത്തിന്റെ പട്ടിണിമാറ്റാനും കഴിയാത്ത സ്ഥിതി. വിവിധയിടങ്ങളിലായി സജിതയെ ചികിത്സിച്ചെങ്കിലും അസുഖത്തിന് ശമനമുണ്ടായിട്ടില്ല. പരമാനന്ദൻ ജോലിക്ക് പോകുമ്പോൾ കൊച്ചുകുഞ്ഞിനെ നോക്കാനാളില്ല . മിക്ക ദിവസങ്ങളിലും അലൻ സ്കൂളിൽ പോകാതെ കൊച്ചനുജത്തിയെ നോക്കുകയാണ് പതിവ്.

 

കൈകാലുകൾ സദാ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന സജിതയ്‌ക്ക് പലപ്പോഴും ഭക്ഷണം നൽകുന്നതും ടോയ്‌ലറ്റിൽ എത്തിക്കുന്നതും അഞ്ചുവയസ്സുകാരനായ അലനാണ്. മക്കളെ പരിചരിക്കാൻ കഴിയാത്തതിന്റെ വേദന ഈ അമ്മയ്ക്കുണ്ട്.

 

സജിതയുടെ വീടിന്റെ പണി ഇനിയും പൂർത്തികരിച്ചിട്ടില്ല. ടോയ്‌ലറ്റിന്റെ പണിയും പാതിവഴിയിലാണ്. ജനെെമത്രി പോലീസ്, വിവിധ സാംസ്കാരിക സംഘടനകൾ, നാട്ടുകാർ എന്നിവർ പലപ്പോഴും സജിതയുടെ കുടുംബത്തെ താത്‌കാലികമായി സഹായിച്ചിട്ടുണ്ട്. വീടുപണി പൂർത്തീകരിക്കാനും സജിതയുടെ ചികിത്സയ്‌ക്കും വലിയതുകതന്നെ ആവശ്യമാണ്. ഉദാരമതികളുടെ സഹായം ലഭിച്ചാൽ മാത്രമേ ഈ കുടുംബത്തെ രക്ഷപ്പെടുത്താൻ കഴിയുകയുള്ളൂ.
Comments

COMMENTS

error: Content is protected !!