ഭൂഗർഭ ജലം കുറയുന്നു

കോഴിക്കോട്‌: വരൾച്ചയുടെയും സൂര്യാതപത്തിന്റെയും ഭീതിയുണർത്തി  ജില്ലയിൽ  ചൂട്‌ കനക്കുന്നു. ശനിയാഴ്‌ച കോഴിക്കോട്ടെ കൂടിയ ചൂട്‌ 35.2 ഡിഗ്രി സെൽഷ്യസും കുറഞ്ഞ ചൂട്‌ 24.2 ഡിഗ്രി സെൽഷ്യസുമാണ്‌ രേഖപ്പെടുത്തിയത്‌.  കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ 32വരെയായിരുന്നു ചൂടിന്റെ തോത്‌‌.
ജില്ലയിലെ ജലാശയങ്ങളെയും ഭൂഗർഭ ജലത്തെയും ഉയർന്ന ചൂട്‌ ബാധിച്ച്‌ തുടങ്ങി. പലയിടത്തും വരൾച്ച തലപൊക്കി. ഈ സീസണിൽ  ഉണ്ടാകേണ്ട അളവിൽനിന്ന്‌ ഭൂഗർഭ ജലവിതാനം 50 സെ. മീ താഴ്‌ന്നുവെന്ന് സിഡബ്ല്യുആർഡിഎമ്മിലെ മുൻ ശാസ്‌ത്രജ്ഞൻ വി പി ദിനേശൻ പറഞ്ഞു.
ഇടനാട്‌, മലനാട്‌ മേഖലകളിലാണ്‌ വെള്ളം വറ്റിത്തുടങ്ങിയത്‌. തീരദേശ മേഖലകളിൽ ഭൂഗർഭ ജലവിതാനത്തിൽ കാര്യമായ പ്രശ്‌നം കാണുന്നില്ല. 300 മുതൽ 400 മില്ലീ മീറ്റർ വരെയാണ്‌ ജില്ലയിൽ വേനൽ മഴ ലഭിക്കേണ്ടത്‌. ഈ മാസം അവസാനമെങ്കിലും ചെറിയ വേനൽ മഴ ലഭിച്ചിലെങ്കിൽ വരൾച്ചയുണ്ടാകും.
കാലവർഷവും തുലാവർഷവും വേണ്ട അളവിൽ കൂടുതൽ ലഭ്യമായെങ്കിലും നവംബറിന്‌ ശേഷം ഇതുവരെ മഴ കിട്ടിയില്ലെന്നതാണ്‌ വരൾച്ചക്ക്‌ ആക്കം കൂട്ടിയത്‌.
അതേസമയം കുറ്റ്യാടി ജലസേചനപദ്ധതി  കനാൽ തുറന്നത്‌ കൊയിലാണ്ടി, കോഴിക്കോട്‌, വടകര താലൂക്ക്‌ മേഖലകളിൽ വരൾച്ചാരൂക്ഷത കുറക്കുമെന്നാണ്‌ കരുതുന്നത്‌. വെള്ളം തുറന്നുവിട്ടത്‌ ഈ മേഖലയിലെ ഭൂഗർഭ ജല പരിപോഷണത്തെ സഹായിക്കുമെന്നാണ്‌ വിലയിരുത്തൽ.
Comments

COMMENTS

error: Content is protected !!