പോലൂർ കൊലപാതകം : കൊല്ലപ്പെട്ടത് മലയാളിയെന്ന് ക്രൈംബ്രാഞ്ച്

കോഴിക്കോട് : പോലൂർ പയന്പ്രയിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ പുരുഷന്‍റെ മൃതദേഹം മലയാളിയുടേതാണെന്ന് ക്രൈംബ്രാഞ്ച് ഐ.ജി ഇ.ജെ. ജയരാജ്.

 

വെസ്റ്റ്ഹിൽ ശ്മശാനത്തിൽ മറവുചെയ്ത യുവാവിന്റെ മൃതദേഹം പുറത്തെടുക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

2017 സെപ്റ്റംബർ 14-നാണ് പറമ്പിൽ ബസാർ പയമ്പ്ര പോലൂർ റോഡിലെ ചെറുവറ്റ സായിബാബ ആശ്രമത്തിന് സമീപത്തെ പറമ്പിൽനിന്ന് 32-40 വയസ്സിനിടയിൽ പ്രായമുള്ള യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയാത്തതിനെത്തുടർന്ന് മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ മറവുചെയ്യുകയായിരുന്നു.

 

അന്നു നടത്തിയ പോസ്റ്റുമോർട്ടത്തിൽ പ്ലാസ്റ്റിക്‌ കയർ ഉപയോഗിച്ച് കഴുത്തുമുറുക്കി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. കേസിൽ കാര്യമായ പുരോഗതിയില്ലാത്തതിനാൽ 2018 ജനുവരിയിൽ ക്രൈംബ്രാഞ്ചിന് കൈമാറി. ആളെ തിരിച്ചറിഞ്ഞാൽ അന്വേഷണം കൂടുതൽ എളുപ്പത്തിലാകുമെന്ന നിഗമനത്തിലാണ് മൃതദേഹം വീണ്ടും പുറത്തെടുക്കാൻ തീരുമാനിച്ചത്.

 

ഫേഷ്യൽ റീ കൺസ്ട്രക്‌ഷനിലൂടെ മരിച്ചയാളെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷ. പോലൂർ പയമ്പ്ര ഭാഗവുമായി ബന്ധപ്പെട്ടിട്ടുള്ളവർ തന്നെയാണ് കൊലയ്ക്കുപിന്നിൽ. കൊലപാതകം നടത്തിയവരെന്ന് സംശയിക്കുന്നവർ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണെന്നും ഐ.ജി. പറഞ്ഞു. കത്തിച്ചുകളയുന്നതിന്റെ രണ്ടുദിവസംമുമ്പ് കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഫൊറൻസിക് മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടി.എം. പ്രജിത്ത് പറഞ്ഞു.
Comments

COMMENTS

error: Content is protected !!