കലബുർഗിയിൽ പഠിക്കുന്നവരെ എത്തിക്കും സംസ്ഥാനത്ത്‌ 3 പേർക്കുകൂടി കോവിഡ്‌ 19 ; 5294 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം:സംസ്ഥാനത്ത്‌ വെള്ളിയാഴ്‌ച മൂന്നുപേർക്കുകൂടി കോവിഡ്‌–-19  സ്ഥിരീകരിച്ചു. വർക്കല റിസോർട്ടിൽ താമസിച്ച ഇറ്റലിക്കാരനും ബ്രിട്ടനിൽനിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കുമാണ്‌ പുതുതായി രോഗം ബാധിച്ചത്‌. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷനിലുള്ളയാളുടെ സാമ്പിൾ ആലപ്പുഴ എൻഐവിയിൽ പരിശോധിച്ചതും പോസിറ്റീവായി. ഇതോടെ സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി.

 

5294 പേർ നിരീക്ഷണത്തിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചു. 5191 പേർ വീട്ടിലും 277 പേർ ആശുപത്രിയിലുമാണ്‌. വെള്ളിയാഴ്‌ച 69 പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1715 സാമ്പിൾ പരിശോധനയ്‌ക്കയച്ചതിൽ ഫലം ലഭിച്ച 1132 എണ്ണവും നെഗറ്റീവാണ്‌.

 

സംസ്ഥാനത്ത്‌ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി മുന്നേറുകയാണ്‌. തദ്ദേശസ്ഥാപനങ്ങൾ യോഗം വിളിച്ച്‌ നടപടി ശക്തമാക്കി. റിസോർട്ട്‌, ഹോംസ്‌റ്റേ എന്നിവിടങ്ങളിൽ താമസിക്കുന്നവരെ കണ്ടെത്തി രോഗമില്ലെന്ന്‌ ഉറപ്പാക്കി. സംശയമുള്ളവരെ താമസസ്ഥലങ്ങളിൽ നിരീക്ഷണത്തിലാക്കി. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക്‌ മാറ്റുന്നുണ്ട്‌.

 

കലബുർഗിയിൽ പഠിക്കുന്നവരെ എത്തിക്കും
ആദ്യ കോവിഡ്‌ മരണം റിപ്പോർട്ട്‌ചെയ്‌ത കർണാടകയിലെ കലബുർഗിയിൽ പഠിക്കുന്ന മലയാളികൾ നാട്ടിലേക്ക്‌ വരുമ്പോൾ എല്ലാ സംവിധാനവും ഒരുക്കും. അതിർത്തിയിൽ എല്ലാ പരിശോധനയും ഏർപ്പെടുത്തും. ഇതിന്‌ പൊലീസിന്റെ സഹായവും തേടും. വിമാനത്തിൽ എത്തുന്ന എല്ലാവരെയും പരിശോധിക്കും. ട്രെയിനുകളിൽ അനൗൺസ്‌മെന്റിനുള്ള സൗകര്യം ഒരുക്കും.

 

നിയന്ത്രണങ്ങൾ ഭീതി പരത്തുമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്‌. സമൂഹത്തിനാകെ അപകടം പകരുന്ന സാഹചര്യം ഒഴിവാക്കാനാണ്‌ വ്യക്തികൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തുന്നത്‌. ഇതിന്‌ നല്ല സഹകരണമാണ്‌ ലഭിക്കുന്നത്‌. എന്നാൽ, ബോധമുള്ളവർതന്നെ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതുകൊണ്ടാണ്‌ ഇക്കാര്യം ആവർത്തിച്ച്‌ പറയുന്നതെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്‌തീൻ, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

Comments

COMMENTS

error: Content is protected !!