കൊറോണ വ്യാപനം തടയുന്നതിന്  ആശുപത്രികളില്‍ ട്രിയാജ് സംവിധാനം

ജില്ലയില്‍ കൊറോണ വ്യാപനം തടയുന്നതിന്  വിപുലമായ സംവിധാനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ആദ്യഘട്ടമെന്ന നിലയില്‍  എല്ലാ പ്രധാന ഹോസ്പിറ്റലുകളിലും ത്രിതല ട്രിയാജ് (TRIAGE) സിസ്റ്റവും  പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ദ്വിതല ട്രിയാജ് സിസ്റ്റവും നടപ്പിലാക്കി കഴിഞ്ഞതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നിന്ന് എത്തിയ രോഗബാധിതരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഓരോ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പരിധിയിലെത്തുന്ന സംശയാസ്പദമായ കേസുകള്‍ ട്രിയാജ് -1 ല്‍  പരിശോധിക്കുകയും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ട്രിയാജ്- 2 ല്‍ തുടര്‍ പരിശോധനകള്‍ക്ക്  വിധേയരാക്കുകയും, ചികില്‍സ ആവശ്യമുള്ളവരെ  പ്രത്യേക വാഹനങ്ങളില്‍ റഫറല്‍ ആശുപത്രികളിലേക്ക് അയക്കുകയും ചെയ്യും.
പ്രധാന ആശുപത്രികളില്‍ ട്രിയാജ് പോയിന്റ് / ഏരിയ 1 ല്‍ പൊതുവായ ഒപി / കാഷ്വാലിറ്റി സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കൊറോണ ലക്ഷണങ്ങള്‍ ഇല്ലാത്തവരൊക്കെ ചികിത്സയ്ക്ക് ബന്ധപ്പെടേണ്ടത്  ട്രിയാജ് 1 പോയന്റിലാണ്.
കൊറോണ ബാധിച്ച സ്ഥലങ്ങളില്‍ നിന്ന് യാത്ര ചെയ്തവരോ അല്ലെങ്കില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളവരുമായി പുലര്‍ത്തിയിട്ടുള്ളവരോ ആയ ആളുകള്‍  നേരിട്ട്  ട്രിയാജ്  പോയിന്റ് /  ഏരിയ 2 ലേക്കാണ് പോകേണ്ടത്. ട്രിയാജ്  2 വിലെ പരിശോധനകള്‍ക്കു ശേഷം സംശയമുള്ളവരെ വിദഗ്ധ പരിശോധനകള്‍ക്കായി ട്രിയാജ് പോയിന്റ് / ഏരിയ 3 യിലേക്ക് അയക്കും
ട്രിയാജ് പോയിന്റ് / ഏരിയ 3 യില്‍ കൊറോണ സ്‌ക്രീനിംഗ്/ ഐസൊലേഷന്‍ വാര്‍ഡ് ആണ്. വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരുടെയും  പരിചരണം ആവും ഇവിടെ ലഭ്യമാവുക. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സിക്കും. ഇല്ലാത്തവരെ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ വെക്കുകയും ചെയ്യും.  പൊതുജനങ്ങള്‍ ആശുപത്രിയില്‍  ഒരുക്കിയിരിക്കുന്നു ട്രിയാജ് സിസ്റ്റം കര്‍ശനമായി പാലിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. ഡോക്ടര്‍മാരും, ആരോഗ്യ വകുപ്പ് അധികൃതരും നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
Comments

COMMENTS

error: Content is protected !!