കേരള പൊലീസിന്റെ “കൈ കഴുകൽ” ഡാൻസ് അമേരിക്കയിലും ഹിറ്റ്‌; ഫോക്സ് ന്യൂസ് ടിവിയിൽ വാർത്ത

കൊച്ചി > കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയ്‌ൻ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്ന സ്ഥലങ്ങളിലൊന്നാണ്‌ കേരളം. ലോകത്ത്‌ പലഭാഗങ്ങളിലും ഇതിന്റെ പ്രാധാന്യം ഗൗരവമായി എടുക്കാത്ത സാഹചര്യത്തിലും നമ്മുടെ സംവിധാനങ്ങളെല്ലാം ക്യാമ്പയ്‌ൻ കൃത്യമായി ജനങ്ങളിലേക്കെത്തിക്കുകയും അത്‌ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്‌.

 

കേരള പൊലീസ്‌ കൈ കഴുകലിന്റെ പ്രാധാന്യവും അതിന്റെ രീതിയും വിശദീകരിച്ച്‌ ഇറക്കിയ ഡാൻസ്‌ വീഡിയോ ആണ്‌ അമേരിക്കൻ മാധ്യമമായ “ഫോക്‌സ്‌ ന്യൂസ്‌ ടിവി’ യിൽ വാർത്തയായത്‌.പൃഥിരാജും ബിജുമേനോനും പ്രധാനതാരങ്ങളായി വന്ന അയ്യപ്പനും കോശിയും എന്ന സിനിമയില്‍ നഞ്ചമ്മ എന്ന ആദിവാസി സ്ത്രീയുടെ കലക്കാതെ എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണ് കേരള പൊലീസ് ബ്രെയ്ക്ക് ദ ചെയിന്‍ കൈ കഴുകല്‍ പ്രചരണ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വൈറസിനെ ചെറുക്കുന്നതിന്‍റെ ഭാഗമായി കൈ വൃത്തിയായി കഴുകുന്നതിന്‍റെ വിവിധ ഘട്ടങ്ങള്‍ ഗാനത്തിന്‍റെ അകമ്പടിയോടെ കാണിക്കുന്നതാണ് കേരള പൊലീസ് വീഡിയോ. “എതിരവൻ കതിരവൻ’ എന്ന ഫെയ്‌സ്‌ബുക്ക്‌ ഐഡിയിൽ നിന്നാണ്‌ വാർത്തയുടെ വീഡിയോ സഹിതം പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

 

രതീഷ് ചന്ദ്രന്‍, ഷിഫിന്‍ സി രാജ്, അനൂപ് കൃഷ്ണ വി.വി, ജഗദ് ചന്ദ് ബി, രാജീവ് സി.പി, ഹരിപ്രസാദ് എം.വി എന്നിവരാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ബ്രെയ്ക്ക് ദ ചെയിന്‍ വീഡിയോ ഒരു ലക്ഷത്തിന് മുകളില്‍ ആളുകളാണ് ആദ്യ ഒരു മണിക്കൂറിനുള്ളില്‍ കണ്ടത്.
Comments
error: Content is protected !!