Download WordPress Themes, Happy Birthday Wishes

കൊറോണ വൈറസ് വായുവിലൂടെ പകരുമോ?

കോവിഡ് –19 പടർന്നു പിടിക്കുമ്പോൾ രോഗം പകരുന്ന സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകൾ പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് സാഹചര്യം മുതലാക്കി പരക്കുന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജസന്ദേശങ്ങൾ. ഇത്തരം അബദ്ധ ധാരണകൾ തിരുത്തുകയാണ് ഇൻഫോക്ലിനിക്കിലൂടെ ഡോക്ടർമാരായ ദീപു സദാശിവനും നവ്യ തൈക്കാട്ടിലും.

 

കൊറോണ വൈറസുകൾ വായുവിലൂടെ പടർന്ന് പിടിച്ച് ( Air borne transmission) സാധാരണ ജനങ്ങൾക്കിടയിൽ രോഗം പരത്തുമോ?

 

ഇല്ല

 

ലോകാരോഗ്യ സംഘടന അത്തരമൊരു മുന്നറിയിപ്പ് പൊതുജനങ്ങൾക്ക് നൽകിയോ?

 

ഇല്ല, ഇല്ല, ഇല്ല

 

ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഇങ്ങനെ സംഭവിക്കും എന്ന് പറയുന്നുണ്ടല്ലോ? ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ അങ്ങനെ പറയുന്നുണ്ടല്ലോ?

 

തെറ്റായ റിപ്പോർട്ടിങ്ങ് മുഖേന ഒരു തെറ്റിദ്ധാരണ വിപുലമായി എങ്ങനെ പടരാമെന്നതിന്റെ മകുടോദാഹരണമാണീ വാർത്ത. വാർത്ത ശരിയായി വായിച്ചു ഗ്രഹിക്കുകയോ, വാർത്തയിൽ ഉദ്ധരിച്ച പഠനം വായിക്കുകയോ ചെയ്യാതെ പലരും തലക്കെട്ടുകളിൽ അഭിരമിച്ച് ഫോർവേർഡ് ചെയ്തു കാണുന്നത് ഖേദകരമാണ്.

 

വാർത്തയിലെ വസ്തുതകൾ എന്ത്? ലോകാരോഗ്യ സംഘടന പറഞ്ഞതെന്ത്,

 

ഒരു പഠനത്തെ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടന “ആരോഗ്യ പ്രവർത്തകർക്ക് മാത്രം” കൊടുത്ത മുന്നറിയിപ്പാണ് പ്രതിപാദ്യം.

 

ആശുപത്രികളിൽ കൊറോണബാധിതരിൽ ചെയ്യുന്ന ചില ചികിത്സാ പ്രക്രിയകളിൽ എയറോസോളുകൾ രൂപപ്പെടാം.

 

ആ എയറോസോളുകൾ പ്രസ്തുത പ്രക്രിയ ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ബാധിക്കാനുള്ള സാധ്യതയുണ്ട്.

 

ഇൻട്യുബേഷൻ, നെബുലൈസേഷൻ പോലുള്ള പ്രക്രിയ ചെയ്യുന്ന വിദഗ്ദർ N95 മാസ്ക് ധരിക്കണം.

 

സാധാരണ പൊതു സമൂഹത്തിൽ ഇത്തരം ഒരു രോഗവ്യാപന സാധ്യതയില്ല എന്നും WHO വക്താവ് അർഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞിരുന്നു.

 

എന്താണ് ഈ സാങ്കേതിക പദങ്ങളുടെ അർത്ഥം ?

 

ശ്വാസകോശരോഗങ്ങൾ എല്ലാം തന്നെ, എയർബോൺ പകർച്ചയുണ്ടാക്കുന്നവയാണെന്ന തെറ്റായ ധാരണ പലർക്കും ഉണ്ട്. എന്നാൽ ശ്വാസകോശത്തെയോ, ശ്വസനവ്യവസ്ഥയെയോതന്നെ ബാധിക്കുന്ന നല്ലൊരു ശതമാനം രോഗങ്ങളും ഡ്രോപ്‌ലെറ്റ് രീതിയിൽ പടരുന്നവയാണ്. ശ്വാസനവ്യവസ്‌ഥയെ ബാധിക്കുന്ന രോഗാണുക്കളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ്, “മുഖ്യമായും എയർബോൺ’ (preferential airborne) രീതിയിൽ പകരുന്നവ. മീസിൽസ് വൈറസ്, ചിക്കൻപോക്‌സ് വൈറസ് എന്നിവയാണ് വായുവിൽ ദീർഘനേരം തങ്ങി നിന്ന്, മറ്റൊരു വ്യക്തിയിലേക്ക് പകരുന്നത്.

 

മറ്റു മിക്ക രോഗാണുക്കളും ഡ്രോപ്‌ലെറ്റ് അല്ലെങ്കിൽ പ്രത്യേക സാഹചര്യങ്ങളിൽ (ഓപ്പർച്ചുനിസ്റ്റിക്) മാത്രം എയർബോൺ വ്യാപനം ഉണ്ടാക്കിയേക്കാവുന്നവയാണ്.

 

വത്യാസം മനസ്സിലാക്കാൻ ഒരു ഉദാ: ചിക്കൻ‌പോക്‌സിന് കാരണമാകുന്ന വൈറസിന്, രോഗബാധിതനായ ഒരാളിൽ നിന്ന് 9 കിലോമീറ്ററോളം വായുവിൽ സഞ്ചരിക്കാനും മറ്റെവിടെയെങ്കിലും അണുബാധകൾക്കു കാരണമാവാനും കഴിയും, മാത്രമല്ല അവ പുറത്തുവിട്ട വ്യക്തി പോയതിനുശേഷവും ഒരു പ്രദേശത്ത് തുടരാം.

 

എന്നാൽ കൊറോണ വൈറസുകൾ ശ്വസന സ്രവങ്ങളുടെ വലിയ തുള്ളികൾ മുഖേനയാണ് പടരുന്നതെന്നാണ് ഇപ്പോഴത്തെ ശാസ്ത്രീയ സമവായം.” “തുള്ളികൾ, ഭാഗ്യവശാൽ, വളരെ ദൂരം സഞ്ചരിക്കാത്തത്ര ഭാരം കൂടിയവയാണ്”, പകരം കുറച്ച് അടി മാത്രം സഞ്ചരിച്ച ശേഷം വായുവിൽ നിന്നു വീഴുന്നു.

 

കൊറോണ ഗ്രൂപ്പിൽ പെട്ട സാർസ് അടക്കമുളള മുൻ വൈറസുകൾ, ഇത്തരത്തിൽ ഓപ്പോർച്ചുനിസ്റ്റിക് എയർബോൺ പകർച്ചയുള്ളവയാണ്. അതായത്, പ്രധാനമായും ഡ്രോപ്‌ലെറ്റ് രീതിയിൽ പകരുകയും, ആശുപത്രി സാഹചര്യങ്ങളിൽ നടത്തുന്ന ചില പ്രക്രിയകളിലുണ്ടാവുന്ന ചെറുകണങ്ങളിലൂടെ(aerosol), എയർബോൺ പകർച്ചയ്ക്ക് നേരിയ സാധ്യതയുമുള്ളവ.

 

നെബുലൈസേഷൻ, ശ്വാസകോശത്തിൽ നേരിട്ട് കുഴൽ ഇറക്കുന്ന ഇന്റുബേഷൻ പ്രക്രിയ, പോസ്റ്റ്‌മോർട്ടം, ശ്വാസകോശത്തിൽ നിന്ന് സ്രവങ്ങൾ വലിച്ചെടുക്കുന്ന പ്രക്രിയ തുടങ്ങിയവയിലൊക്കെ, ഇത്തരം ചെറുകണങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഈ എയറോസോളുകൾ, മണിക്കൂറുകളോളം അന്തരീക്ഷത്തിൽ തങ്ങി നിൽക്കാൻ സാധിക്കുന്നവയായതു കൊണ്ടുതന്നെ, പിന്നീട് അവിടെ എത്തുന്ന മറ്റൊരു വ്യക്തിയ്ക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്.

 

എന്താണ് നിലവിലെ പഠനങ്ങൾ പറയുന്നത് ?

 

കോവിഡ് 19 എന്ന ഈ നൂതന കൊറോണ വൈറസ്, ജനിതകമായ ചെറിയ വ്യത്യാസങ്ങൾ ഒഴിച്ചാൽ, രൂപശാസ്ത്രപരമായും, മറ്റു ഭൗതിക സവിശേഷതകൾ കൊണ്ടും, ഏറെക്കുറെ മുൻ കൊറോണ വൈറസുകളെപ്പോലെ തന്നെയാണ്. ഇതിൽ നിന്നു വിഭിന്നമായി വായുവിലൂടെ രോഗപ്പകർച്ച ഉണ്ടാവണം എങ്കിൽ മൊത്തം ഘടനയിലും ഭൗതിക സവിശേഷതകളിലും സാരമായ വ്യത്യാസങ്ങൾവരേണ്ടി വരും. ജനിതക വ്യതിയാനം പോലെ ലളിതമായി സംഭവിക്കുന്ന ഒന്നല്ല അത്.

 

ആശുപത്രിയിലല്ലാതെ സാർസ് കൊറോണ വൈറസ്, ഇത്തരത്തിൽ പകർന്നതായി സംശയിക്കുന്ന ഒരു പഠനം മുൻപ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

 

ഒരു ബഹുനില കെട്ടിടത്തിലെ ഉപയോഗശൂന്യമായ വെന്റ് പൈപ്പിലൂടെ, എക്സോസ്റ്റ് ഫാൻ ഉണ്ടാക്കിയ സമ്മർദവ്യതാസം വഴി, എയറോസോളുകൾ ഉണ്ടാക്കപ്പെടുകയും, രോഗം ഇതു വഴി ചിലർക്ക് പകർന്നിട്ടുണ്ടാവാം എന്നതുമാണ് പഠനത്തിന്റെ നിഗമനം. സാധാരണ സാഹചര്യങ്ങളിൽ, ഒരു രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഒന്നുംതന്നെ ഇതു പോലെ എയ്റോസോളുകൾ ഉണ്ടാവുന്നില്ല.

 

വാർത്തയിൽ ഉദ്ധരിച്ച പഠനം അപ്പോൾ ആധികാരികം അല്ല എന്നാണോ ?

 

ഈ പഠനം ഉൾപ്പെടെ പറയുന്നത്, സാധാരണ സാഹചര്യങ്ങളിൽ, എയർബോൺ പകർച്ച ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നു തന്നെയാണ്. പഠനം അല്ല പഠനത്തിന്റെ തെറ്റായ വ്യാഖ്യാനം മാത്രമാണ് പ്രശ്നം. വളരെ പുതിയൊരു വൈറസ് ആയതു കൊണ്ടുതന്നെ കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട് എന്നതിനാൽ, നിലവിൽ ലഭ്യമായ ശാസ്ത്രീയ വിവരങ്ങളെ മാത്രമാണ് ആശ്രയിക്കേണ്ടത്.

 

കോവിഡ്-19 എന്ന ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന കൊറോണ വൈറസ് എയറോസലൈസേഷൻ എന്ന നേർത്ത കണം ആക്കപ്പെടുന്നതിനു ശേഷം 3 മണിക്കൂർ വരെ കണ്ടെത്താനും ആ കാലയളവിലുടനീളം കോശങ്ങളെ ബാധിക്കാനും കഴിയുമെന്ന് പഠന രചയിതാക്കൾ കണ്ടെത്തി.

 

പ്രീപ്രിന്റ് ഡാറ്റാബേസ് medRxiv- ൽ മാർച്ച് 10-ന് ആദ്യം പോസ്റ്റുചെയ്ത പഠനം ഇപ്പോഴും പ്രാഥമികമാണ്, കാരണം ഇത് വിപുലമായ പിയർ അവലോകനത്തിന് വിധേയമായിട്ടില്ല. പുനരവലോകനങ്ങളെ പ്രതിഫലിപ്പിക്കുന്ന പഠനത്തിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് മാർച്ച് 13 ന് പോസ്റ്റുചെയ്തു.

 

പക്ഷേ നിരവധി പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല. പഠനം നടത്തിയവർതന്നെ പറയുന്നത് ഉദ്ധരിക്കാം,

 

“ഒരു മനുഷ്യനെ ബാധിക്കാൻ പ്രായോഗികമായി SARS-CoV-2 ന്റെ സാന്ദ്രത എത്രത്തോളം ആവശ്യമാണെന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല, എന്നിരുന്നാലും ഇത് ഭാവിയിൽ ഞങ്ങൾ മാതൃകയാക്കാൻ ആഗ്രഹിക്കുന്നു,” Co – Author ഡിലൻ മോറിസ്.

 

“യഥാർത്ഥ മനുഷ്യരിലല്ല പഠനം, എയറോസോൾ ട്രാൻസ്മിഷൻ തത്വത്തിൽ സംഭവിക്കാമെങ്കിലും, നിലവിലെ പാൻഡെമിക്കിനെ പ്രേരിപ്പിക്കുന്ന പ്രാഥമിക ശക്തിയായിരിക്കില്ല ഇത്” – മോറിസ് ലൈവ് സയൻസ് എന്ന സയൻസ് മാഗസിന് നൽകിയ ഇ മെയിൽ സന്ദേശത്തിൽ പറഞ്ഞു.

 

ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കുപ്രചരണങ്ങൾ, ശാസ്ത്രീയ അടിത്തറയില്ലാതെ ആര് പ്രചരിപ്പിച്ചാലും അപകടകരമാണ്. എന്തു കൊണ്ട് ?

 

പാൻ ഡെമിക്ക് അഥവാ മഹാമാരിയെപ്പോലെതന്നെ ഭയക്കേണ്ട ഒന്നാണ് ലോകാരോഗ്യ സംഘടന സൂചിപ്പിച്ചതു പോലെ  “infodemic”. വിവരങ്ങളുടെ കുത്തൊഴുക്കാണ്, ശരിയേതാണ് തെറ്റേതാണ് എന്ന് നോക്കാതെ പ്രചരിപ്പിക്കലാണ് പരിണിതഫലം.

 

സ്വാഭാവികമായും വിരസമായ ശാസ്ത്ര വസ്തുതാ വിവരണത്തെക്കാൾ ഞെട്ടിപ്പിക്കൽ വാർത്തകൾക്ക് തന്നെയാവും കൂടുതൽ പ്രചരണം കിട്ടുക. മഹാമാരിയെപ്പോലെ അപകടം അത്തരം പ്രവണതകൾ!

Leave a Reply

Your email address will not be published. Required fields are marked *

*