ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്തിന് 159 കോടിയുടെ ബജറ്റ് ലൈഫ് ഭവന പദ്ധതിക്ക് 12.09 കോടി


കോഴിക്കോട് ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി  ജില്ലാ പഞ്ചായത്ത് 2020-21 വര്‍ഷത്തെ ബജറ്റ്  അവതരിപ്പിച്ചു.  കോവിഡ്  19 പശ്ചാത്തലത്തില്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരമുള്ള  സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ബജറ്റ് അവതരണം.

വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് നടപ്പാക്കിവരുന്ന ലൈഫ് ഭവന പദ്ധതിക്കായി 12,09,22,800 രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.  നെല്ലുല്‍പാദനത്തില്‍ കൂലി  ചെലവിനത്തില്‍  കര്‍ഷകര്‍ക്ക് നല്‍കാന്‍  96 ലക്ഷം രൂപയുടെ പദ്ധതിയും വിഷരഹിത പച്ചക്കറി കൃഷിക്ക് ത്രിതല പഞ്ചായത്തുമായി സംയുക്ത പദ്ധതിക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്.

പാലുല്‍പാദനത്തില്‍ ജില്ലയെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ   ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍  ജില്ലാതല പദ്ധതി ആവിഷ്‌ക്കരിക്കാന്‍ ഒന്നരക്കോടി രൂപ നീക്കി വെച്ചു. നിര്‍വ്വഹണ ഘട്ടത്തില്‍  മറ്റു വകുപ്പുകളെക്കൂടി  സംയോജിപ്പിച്ച്  തൊഴുത്ത്, കമ്പോസ്റ്റ്  അടക്കം 15 കോടിയുടെ പദ്ധതിയാക്കി വിപുലീകരിച്ച് നടപ്പാക്കും. പാലളക്കുന്ന കര്‍ഷകര്‍ക്കായി ഒരു കോടി രൂപ മില്‍ക്ക് ഇന്‍സന്റീവായി  നല്‍കും.

വനിതകള്‍ക്കായി കിടാരി ഗ്രാമം പദ്ധതിയില്‍  69,50,000 രൂപ അനുവദിച്ചിട്ടുണ്ട്. പോത്തുകുട്ടി പദ്ധതിയില്‍  18,75,000 രൂപയും മുട്ട ഗ്രാമം പദ്ധതിയില്‍  68,75,000 രൂപയും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലായി സംയോജിച്ചാണ് നടപ്പിലാക്കുക. കറവപ്പശുക്കള്‍ക്കായി  സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുന്നതിന് ത്രിതല സംവിധാനത്തില്‍  30ലക്ഷം രൂപ വകയിരുത്തി. നെല്ല് അരിയാക്കി മാറ്റുന്ന സംവിധാനമില്ലാത്തതിനാല്‍  ഒരു സംയുക്ത പദ്ധതി ആവിഷ്‌ക്കരിച്ച് സഞ്ചരിക്കുന്ന അരി മില്ല് പ്രാവര്‍ത്തികമാക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ചു. ‘സുഫലം വിഷരഹിതം’ പദ്ധതിയില്‍  14 ലക്ഷം രൂപയും മണ്ണ്  ജല സംരക്ഷണ പദ്ധതിക്കായി ഒന്നരക്കോടി രൂപയും വകയിരുത്തി.   ജല സംഭരണം, ജല നിര്‍ഗമനം എന്നിവയ്ക്കും ഫണ്ട് അനുവദിച്ചു.

ജില്ലാ പഞ്ചായത്തിന്റെ ശ്രദ്ധേയ പദ്ധതിയാണ്  സോളാര്‍ പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി ഉല്പാദനം നടത്തുന്നത്. ഒന്നാം ഘട്ടം 480 കിലോ വാട്ട് വൈദ്യതി ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍  സ്‌കൂളുകള്‍, ആശുപത്രികള്‍, ഫാമുകള്‍ എന്നിവയില്‍  സൗരോര്‍ജ പ്ലാന്റുകള്‍ക്കായി 1,22,90,000 രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലയില്‍  ഭിന്ന ശേഷിക്കാര്‍ക്ക്  സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് 2,80,00,000 രൂപയുടെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പഠന വൈകല്യവും ഓട്ടിസവും ബാധിച്ച  കുട്ടികള്‍ക്കായി ‘സ്പന്ദനം’ പദ്ധതിയില്‍ ഒരു കോടി രൂപ അനുവദിച്ചു.

ഭിന്ന ശേഷിക്കാര്‍ക്കായി വിവിധ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന്  30 ലക്ഷം രൂപയും ട്രാന്‍സ്ജന്‍ഡേഴ്‌സിന് തൊഴില്‍  സംരംഭ യൂണിറ്റുകള്‍ക്ക് അഞ്ച് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ശിശു സൗഹൃദ വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടുള്ള അങ്കണവാടി പ്രവര്‍ത്തനത്തെ ആധുനിക വല്‍ക്കരിക്കാന്‍ ത്രിതല പഞ്ചായത്തുകളെക്കൂടി സഹകരിപ്പിച്ച് ‘ക്രാഡില്‍’   പദ്ധതിക്ക് ഫണ്ട് അനുവദിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സ്വഭാവ രൂപീകരണത്തിനും ജീവിതത്തില്‍  നേര്‍വഴി നിര്‍ദേശിക്കുന്നതിനും സ്‌കൂള്‍ കൗണ്‍സിലര്‍മാരെ നിയമിക്കാന്‍ 15 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്.

ആശുപത്രി വികസനം, വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യക്ഷേമ പദ്ധതികള്‍ എന്നിവയക്കായി 34,18,40,000 രൂപയുടെ പദ്ധതിയും ഉല്പാദന മേഖലയില്‍  14,19,55,000 രൂപയും ജില്ലയിലെ സമഗ്ര ഗതാഗത സൗകര്യ വിപുലീകരണത്തിന് 71,60,08,100 രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതില്‍  4,74,79,700 രൂപ വനിതാ ഘടക പദ്ധതിക്കും കുട്ടികള്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും 3,20,00,000 രൂപയും വയോജനങ്ങള്‍ക്കും  പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കും 2,19,00,000 രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ 70 ഗ്രാമ പഞ്ചായത്തുകളിലും 27 ഡിവിഷനുകളിലും പൊതുവായി നടപ്പിലാക്കേണ്ട പദ്ധതികള്‍ ഏറ്റെടുക്കാനും ജില്ലയുടെ സമഗ്ര വികസനവും മുന്നില്‍  കണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്.

159,36,31,164 രൂപയുടെ വരവും 150,92,65,700 രൂപയുടെ ചെലവും 8,43,65,464 രൂപയുടെ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് ബജറ്റ് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് മാസ്റ്റര്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പി കെ സജിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുജാത മനക്കല്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!