കോവിഡ് 19: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണയുമായി ജില്ലാ മാനസികാരോഗ്യ കേന്ദ്രം


കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ആരോഗ്യ പ്രവര്‍ത്തകരുടെ മാനസിക സമ്മര്‍ദ്ധങ്ങള്‍ക്ക് പരിഹാരവും പിന്തുണയുമായി കോഴിക്കോട് ജില്ലാ ആരോഗ്യ വിഭാഗവും മാനസികാരോഗ്യ കേന്ദ്രവും.  കൊറോണ വൈറസിനെ നേരിടാന്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവര്‍ നേരിടുന്ന എല്ലാ മാനസിക പ്രശ്‌നങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും പരിഹാരവും മര്‍ഗ്ഗനിര്‍ദേശങ്ങളും മാനസികാരോഗ്യ കേന്ദ്രം ലഭ്യമാക്കും. ഇതിനായി ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക ഹെല്‍പ് ലൈന്‍ സെല്‍ സജ്ജീകരിച്ചു. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ സേവനം ലഭ്യമാണ്. 8281904533, 8547775033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. മാനസികാരോഗ്യ രംഗത്തെ വിദഗ്ധര്‍ മറുപടിയും സഹായവും നല്‍കും.

പുറത്തിറങ്ങാനാകാതെ വീടുകളില്‍ കഴിയുന്നവര്‍ക്കും നിരീക്ഷണത്തില്‍ തുടരുന്നവര്‍ക്കും മാനസിക പിന്തുണ നല്‍കി ഉത്കണ്ഠ, വിഷാദം, മാനസിക പിരിമുറുക്കം, പേടി, ഒറ്റപ്പെടല്‍ തുടങ്ങിയ  മാനസിക അവസ്ഥകളെ മറികടക്കാന്‍ എല്ലാവിധ സേവനങ്ങളും പിന്തുണയും ജില്ലാ മാനസികാരോഗ്യ വിഭാഗം നല്‍കുന്നുണ്ട്. ഇതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി മറ്റൊരു സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. മാനസിക ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടി നല്‍കി മാനസിക പിന്തുണ നല്‍കി കൂടെ ഉണ്ടാകും. വിഷാദം, ഉത്കണ്ഠ അടക്കമുള്ള പ്രശ്‌നം ഉള്ളവര്‍ക്ക് കൗണ്‌സലിംഗ് നല്‍കുകയും ആരോഗ്യ വകുപ്പിനെ അറിയിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുക്കുകയും ചെയ്യും. 9495002270 എന്ന നമ്പറില്‍ ബന്ധപ്പെടാം. മദ്യപര്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്കും കൃത്യമായ പിന്തുണയും മറുപടിയും ഇവര്‍ നല്‍കുന്നുണ്ട്.

കോവിഡ് 19 സാഹചര്യത്തില്‍ രോഗികള്‍ക്കും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും വീട്ടില്‍ കഴിയുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും സേവനങ്ങള്‍ നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പോലീസുകാര്‍, കൗസിലര്‍മാര്‍, മറ്റ് പാരാമെഡിക്കല്‍, പാരാലീഗല്‍ വളണ്ടിയര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരിലെ മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക്ബുദ്ധിമുട്ടുകള്‍ പങ്കുവയ്ക്കുന്നതിനും മാനസിക പിന്തുണ ലഭ്യമാക്കുന്നതിനും വേണ്ടി മാനസികാരോഗ്യ മേഖലയില്‍ പ്രാവീണ്യം സിദ്ധിച്ച വിദഗ്ദ്ധ സംഘത്തെ ഏകീകരിച്ചു കൊണ്ട് കോഴിക്കോട് ഇംഹാന്‍സും പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ 9 മുതല്‍ രാത്രി 9 വരെയുള്ള സമയത്താണ് 26പേരടങ്ങിയ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാവുക.

Comments

COMMENTS

error: Content is protected !!