മെഡിക്കൽകോളേജിൽ പി.പി.ഇ. കിറ്റും മുഖാവരണങ്ങളുമെത്തി

കോഴിക്കോട് : കൊറോണ (കോവിഡ് -19) വൈറസ് പടരുന്ന സാഹചര്യത്തിൽ മെഡിക്കൽകോളേജ് ആശുപത്രിയിൽ പി.പി.ഇ. കിറ്റുകളും മുഖാവരണങ്ങളും ആവശ്യത്തിന് ലഭ്യമാക്കിയതായി അധികൃതർ പറഞ്ഞു. എൻ 95 മുഖാവരണം ആയിരം, മൂന്ന് ലെയർ മുഖുവരണം രണ്ടായിരം, പി.പി.ഇ. കിറ്റുകൾ ആയിരത്തോളവും എത്തിയിട്ടുണ്ട്. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് കിറ്റിന്റെയും മുഖാവരണങ്ങളുടെയും വിതരണം വർധിപ്പിച്ചത്. സന്നദ്ധസംഘടനകളും സാധനങ്ങൾനൽകാൻ തയ്യറായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

 

ഐസോലേഷൻ വാർഡിൽ ജോലിചെയ്യുന്നവർ ഒമ്പതുദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാൽ 14 ദിവസം നിരീക്ഷണത്തിൽ പോയി രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തിയേ അടുത്ത ഡ്യൂട്ടിയെടുക്കുകയുള്ളൂവെന്ന് നഴ്‌സിങ്‌ സൂപ്രണ്ട് പറഞ്ഞു. പി.പി.ഇ. കിറ്റ് ധരിച്ച് ഡ്യൂട്ടി ചെയ്യുന്നവർ നാലുമുതൽ ആറുമണിക്കൂർ വരെയാണ് ഐസോലേഷൻ വാർഡിൽ പ്രവർത്തിക്കുന്നത്. പി.പി.ഇ. ധരിച്ച് ആർക്കും അതിൽകൂടുതൽ മണിക്കൂർ ഡ്യൂട്ടിചെയ്യാൻ സാധിക്കില്ല. ഡ്യൂട്ടിക്കെത്തുന്നവർക്ക് താമസിക്കാൻ ഹോസ്റ്റൽസൗകര്യം തയ്യാറാക്കിയിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.

 

പി.ജി. ഹോസ്റ്റലുകൾ കൈമാറി

 

ആരോഗ്യവകുപ്പിനൊപ്പം പൊതുമരാമത്തുവകുപ്പ് വൈദ്യുതിവിഭാഗവും ഉണർന്നുപ്രവർത്തിച്ചതോടെ ഐസൊലേഷൻ വാർഡ് തയ്യാറായി. ഐ.സി.യു.വിൽ സജ്ജമാക്കേണ്ട വൈദ്യുതിപ്രവൃത്തികൾ വൈദ്യുതിവിഭാഗം പൂർത്തിയാക്കിയതോടെ വാർഡുകൾ ആശുപത്രിക്ക് കൈമാറി.

 

പി.ജി. വിദ്യാർഥികൾക്കായുള്ള 60 മുറികളുള്ള കെട്ടിടം കൊറോണ ഐസോലേഷനുവേണ്ടി ഉപയോഗിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. രണ്ടുദിവസത്തിനകം വൈദ്യുതിപ്രവൃത്തി പൂർത്തീകരിച്ച് കെട്ടിടത്തിൽ പി.ഡബ്ള്യു.ഡി. സ്ഥാപിച്ച ട്രാൻസ്‌ഫോർമർ, റിങ്‌ മെയിൻ യൂണിറ്റ് എന്നിവ ചാർജ് ചെയ്യുകയും പി.ജി. കെട്ടിടത്തിന് വൈദ്യുതികണക്‌ഷൻ അടിയന്തരമായി ലഭ്യമാക്കുകയും ചെയ്തതോടെയാണ് പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാൻ സാധിച്ചതെന്ന് പി.ഡബ്ള്യു.ഡി. വൈദ്യുതിവിഭാഗം അറിയിച്ചു.
Comments

COMMENTS

error: Content is protected !!