പ്രതിമാ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തി നടപടികളായി

 

കൊയിലാണ്ടി: ചേമഞ്ചേരി: ആട്ടയിലെ ആശങ്ക തീര്‍ത്ത് ദേശീയപാതയോരത്ത് താമസിച്ചു വരുന്ന രാജസ്ഥാനികളായ പ്രതിമാ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ലോക് ഡൗണ്‍ പിരീഡ് കഴിയുന്നത് വരേയുള്ള ഭക്ഷണ സാധനങ്ങള്‍ ഉറപ്പുവരുത്താന്‍ നടപടികളായി. കെ.ദാസന്‍ എം.എല്‍.എയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.അശോകന്‍ കോട്ട്, ചേമഞ്ചേരി വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ ആട്ട ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. 75 കിലോഗ്രാം ആട്ട ഉടനടി തന്നെ അവര്‍ക്ക് ലഭ്യമാക്കി. രാജസ്ഥാനികളായ ഇവര്‍ ദിവസവും ആട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണമാണ് പ്രധാനമായും ഉപയോഗിച്ചു വരുന്നത്. 5 കുടുംബങ്ങളിലായി 38 പേര്‍ ഇവിടെ താമസിച്ചു വരുന്നുണ്ട്. അവര്‍ക്കാവശ്യമായ ആട്ട സപ്ലെകൊ, റേഷന്‍ ഷോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ലഭ്യമായില്ലെങ്കില്‍ പുറത്ത് നിന്നും വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇപ്പോള്‍ പുറത്ത് നിന്നാണ് ഇവര്‍ക്ക് ആട്ട വാങ്ങി നല്‍കിയിട്ടുള്ളത്. നിയോജക മണ്ഡലത്തിലെ ഇത്തരം അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ഭക്ഷണ രീതികളിലെ അവിഭാജ്യ ഘടകമായ ആട്ട റേഷന്‍ കടകള്‍ വഴിയും, സപ്ലൈകൊ വഴിയും കൂടുതലായി ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, വാര്‍ഡ് അംഗം എന്നിവരടങ്ങിയ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും രൂപം നല്‍കിയിട്ടുണ്ട്. ഇത്തരം അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ പാചകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണം എത്തിച്ചു നല്‍കാന്‍ നടപടികള്‍ എല്ലായിടത്തും സ്വീകരിച്ചു വരുന്നുണ്ട്. വര്‍ഷങ്ങളായി പ്രതിമാനിര്‍മ്മാണവുമായി ബന്ധപ്പെട്ട് താമസിച്ചു വരുന്നവരാണ് ഇവിടെയുള്ള കുടുംബങ്ങള്‍. എന്നാല്‍ കൊറോണയുമായി ബന്ധപ്പെട്ട് നിര്‍മ്മാണവും വില്‍പ്പനയും നിലച്ച അവസ്ഥയില്‍ എല്ലാവരും ഇപ്പോള്‍ ടെന്റിനകത്ത് തന്നെ കഴിയുകയാണ്.

Comments

COMMENTS

error: Content is protected !!