കോഴിക്കോട് സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച വിദ്യാർത്ഥി മനംനൊന്ത് ആത്മഹത്യ ചെയ്തു
സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച വിദ്യാർത്ഥി മനംനൊന്ത് ആത്മഹത്യ ചെയ്തു. കോഴിക്കോട് സാമൂതിരി ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ആദിനാഥിനെ ചേവായൂരിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ലാപ്‌ടോപ്പിൽ സിനിമ കണ്ടു കൊണ്ടിരിക്കെയാണ് സൈബർ സെല്ലിന്റെ പേരിൽ ലാപ് ടോപ്പിൽ വ്യാജ സന്ദേശം ലഭിച്ചത്. നിയമ വിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും 33,900 രൂപ ഉടൻ അടയ്‌ക്കണം എന്നുമാവശ്യപ്പെട്ടായിരുന്നു സന്ദേശം. നാഷ്ണൽ ക്രൈം റെക്കോർഡ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചായിരുന്നു ഹാക്കർ പണം ആവശ്യപ്പെട്ടത്. ബ്രൗസർ ലോക്ക് ചെയ്‌തെന്നും കമ്പ്യൂട്ടർ ഹാക്ക് ചെയ്‌തെന്നും സന്ദേശത്തിലുണ്ടായിരുന്നു. നിയമവിരുദ്ധമായ സൈറ്റാണ് ഉപയോഗിച്ചതെന്നും 6 മണിക്കൂറിനുള്ളിൽ പണമടയ്‌ക്കണമെന്നും ഭീഷണിപ്പെടുത്തി.
പണം അടച്ചില്ലെങ്കിൽ രണ്ട് ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരുമെന്നും പോലീസ് വീട്ടിൽ വന്ന് അറസ്റ്റ് ചെയ്യുമെന്നും രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചെയ്തതെന്നും സന്ദേശത്തിലുണ്ടായിരുന്നു. സന്ദേശം ലഭിച്ചതിന് ശേഷമുള്ള ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.