യാത്രാ നിരക്ക് വർധിപ്പിക്കുന്നതിനെതിരെ വിദ്യാർഥി സംഘടനകൾ
യാത്രാ നിരക്ക് വർധിപ്പിക്കുന്നതിനെതിരെ വിദ്യാർഥി സംഘടനകൾ ശക്തമായ നിലപാടിൽ. യൊതൊരു കാരണവശാലും നിരക്ക് വർധന ന്യായീകരിക്കാനാവില്ലെന്ന് പ്രതിനിധികൾ സർക്കാരിനെ അറിയിച്ചു.
വർധന അംഗീകരിക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എന്നിവർ പങ്കെടുത്ത യോഗത്തിൽ വിദ്യാർഥി നേതാക്കൾ പറഞ്ഞു. ബസ് ചാർജ് പുതുക്കാൻ ധാരണയായെങ്കിലും വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ചർച്ച തുടരുമെന്നും യോഗശേഷം മന്ത്രി ആന്റണി രാജു പറഞ്ഞു.
നിലവിലെ രീതി തുടരണമെന്ന വിദ്യാർഥി സംഘടനകളുടെ ആവശ്യത്തിൽ സ്വകാര്യ ബസുടമകളുമായും ജസ്റ്റിസ് രാമചന്ദ്രൻ കമീഷനുമായും ചർച്ച ചെയ്തായിരിക്കും അന്തിമ തീരുമാനം. വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നും സൗജന്യ നിരക്ക് 50 ശതമാനമായി ഉയർത്തണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. ബസ് നിരക്ക് നിർദേശിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ ശുപാർശയിലും അഞ്ച് രൂപയാക്കണമെന്നായിരുന്നു. 2012-ലാണ് വിദ്യാർഥികളുടെ മിനിമം ബസ് ചാർജ് 50 പൈസയിൽനിന്ന് ഒരു രൂപയാക്കിയത്.
എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് എംഎൽഎ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് തുടങ്ങി മുഴുവൻ വദ്യാർഥി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
ബസ് ചാർജ് വർധനവ് അനുവദിക്കുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലാത്ത നിലപാടിലാണ് സർക്കാർ. നേരത്തെ കോവിഡ് നിയന്ത്രണം ഉണ്ടായിരുന്നപ്പോൾ വരുത്തിയ വർധനവ് സംബന്ധിച്ച് നിശ്ശബ്ദത പാലിക്കയാണ്. ഇത് താത്കാലിക വർധനവ് എന്നാണ് അന്ന് അവകാശപ്പെട്ടത്. ഇപ്പോൾ ബസുകളിൽ യാതൊരു വിധ നിയന്ത്രണമോ നിരീക്ഷമോ ഇല്ലാതെ യാത്രക്കാരെ കുത്തി നിറച്ചാണ് യാത്ര.