CRIME

ഒരേസമയം 12 മോഷ്ടാക്കൾ ബാങ്കിൽ, കാഷ് കൗണ്ടറിൽ നിന്ന് 4 ലക്ഷം തട്ടി

തൃശൂർ ∙ പട്ടാപ്പകൽ ബാങ്കിൽ കയറിയ 12 മോഷ്ടാക്കൾ നാടകീയമായി കവർന്നത് 4 ലക്ഷം രൂപ. നാലു പേർ കാവൽ നിൽക്കുകയും മറ്റ് ഏഴുപേർ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്ത തക്കത്തിനാണ് പന്ത്രണ്ടാമൻ കാഷ് കൗണ്ടറിലെ കാബിനിൽ നിന്ന് 4 ലക്ഷം രൂപ കവർന്നത്. വൈകിട്ടു ബാങ്കിലെ  പതിവ് കണക്കെടുപ്പിനിടെ 4 ലക്ഷം രൂപ കുറവുണ്ടായതിനെ തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണു മോഷണം തിരിച്ചറിഞ്ഞത് .

 

തിങ്കൾ രാവിലെ9നും12നും ഇടയ്ക്ക്  സ്വരാജ് റൗണ്ട് സൗത്തിലെ എസ്ബിഐ ശാഖയിലായിരുന്നു കവർച്ച. 12 അംഗസംഘത്തിൽ 8പേരാണ് ഉള്ളിൽ കയറിയത്. മറ്റുള്ളവർ ആർക്കും സംശയം തോന്നാത്ത വിധം വാതിൽക്കൽ കാവൽ നിന്നു. ഉള്ളിൽ 5 കൗണ്ടറുകളിലെയും ജീവനക്കാർക്കു മുന്നിൽ 5 പേർ ഇടപാടിനെന്ന പോലെ  ഇരിപ്പുറപ്പിച്ചു. സമീപത്തെ കാഷ് കൗണ്ടറിനു മുന്നിൽ 2 പേരും നിന്നു. ഹിന്ദിയിലും തമിഴിലുമായിരുന്നു ഇവരുടെ സംസാരം.

 

ചില വൗച്ചറുകൾ ജീവനക്കാരെ കാണിച്ച ശേഷം ഇവർ ഉച്ചത്തിൽ സംശയങ്ങൾ ചോദിച്ചു തുടങ്ങി. ജീവനക്കാരുടെ ശ്രദ്ധ മുഴുവൻ ഇവരിലേക്കു തിരിഞ്ഞ തക്കത്തിൽ പന്ത്രണ്ടാമൻ കാഷ് കൗണ്ടറിന്റെ പിന്നിലെ വാതിലിലൂടെ കയറിപ്പറ്റി. ഹെഡ് കാഷ്യർ കാബിനിലുണ്ടായിരുന്നെങ്കിലും ഇവരുടെ ശ്രദ്ധ തിരിക്കാനും മോഷ്ടാക്കൾക്കായി. ഈ തക്കത്തിന് പന്ത്രണ്ടാമൻ മേശവലിപ്പിൽ നിന്നു 4 ലക്ഷം രൂപയെടുത്ത് അരയിൽ ഒളിപ്പിച്ചു. ബാങ്കിനുള്ളിലുണ്ടായിരുന്ന 8 പേരും ഒന്നിച്ചു തന്നെ പുറത്തുപോയി. സിസിടിവിയിൽ മോഷണ ദൃശ്യം കൃത്യമായി പതിഞ്ഞിട്ടുണ്ട്.

 

മോഷ്ടാക്കൾ തമിഴ്നാട്ടുകാർ? ഈസ്റ്റ് പൊലീസ് പിന്നാലെ

 

മോഷ്ടാക്കളിൽ ചിലർ ഹിന്ദിയിലും തമിഴിലും സംസാരിച്ചതായി വിവരമുണ്ടെങ്കിലും ഇവർ തമിഴ്നാട് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഭാഷാപ്രയോഗ രീതിയിൽ നിന്നാണ്  ജീവനക്കാർക്ക് ഇതു സംബന്ധിച്ചു  സൂചന ലഭിച്ചത്. പണം  കവർന്നയുടൻ അരയിൽ ഒളിപ്പിക്കുന്ന  ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

 

സമാന മാതൃകയിൽ മറ്റെവിടെയെങ്കിലും മോഷണം നടന്നിട്ടുണ്ടോയെന്ന്പൊലീസ് പരിശോധിക്കുന്നുണ്ട്. മോഷണ വിവരം ബാങ്ക് അധികൃതർ അറിഞ്ഞതു തന്നെ ഏഴു മണിക്കൂർ  കഴിഞ്ഞാണ്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button