CALICUTMAIN HEADLINES
ഓഫീസുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും- ജില്ലാ കലക്ടര്‍
വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വരുന്ന ഭിന്നശേഷിക്കാരുമായുള്ള ആശയ വിനിയമം ഉറപ്പാക്കുന്നതിനും അവരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കുന്ന കാര്യം പരിശോധിക്കുമെന്നും ഇവര്‍ക്ക് പരിശീലനം നല്‍കാന്‍ മുന്‍കയ്യെടുക്കുമെന്നും ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. കേള്‍വി പരിമിതിയുള്ളവര്‍ ഓഫീസുകളിലെത്തുമ്പോള്‍ അവരുടെ ആംഗ്യ ഭാഷ മനസ്സിലാവാത്തതു മൂലം അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല. ഇത്തരം കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും ഭിന്നശേഷിക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും കലക്ടര്‍ വ്യക്തമാക്കി.
അന്തര്‍ദേശീയ ആംഗ്യ ഭാഷാ ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹികനീതി വകുപ്പിന്റെയും ആള്‍ കേരള അസോസിയേഷന്‍ ഓഫ് ദി ഡഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘ആംഗ്യ ഭാഷയും സമൂഹവും’ എന്ന വിഷയത്തില്‍ നടത്തിയ ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടര്‍. കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷീബ മുംതാസ് ആമുഖ പ്രഭാഷണം നടത്തി. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ് കമ്പനിയായ സൈന്‍ നെക്സ്റ്റിന്റെ സി.ഇ.ഒ തീര്‍ത്ഥ നിര്‍മ്മല്‍, ആംഗ്യ ഭാഷാ വിദഗ്ധന്‍ ഡി.എസ്. വിനയ് ചന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു. വി.എ യൂസുഫ്, ബി.കെ ഹരിദാസ്, എ.സി സിറാജ് എന്നിവര്‍ സംസാരിച്ചു. സര്‍ക്കാര്‍ ഓഫീസുകളും സംവിധാനങ്ങളും ബധിരര്‍ക്കായി ആംഗ്യ ഭാഷാ സൗഹൃദമാകണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു.
Comments