ആഭ്യന്തര വകുപ്പ് ക്രിമിനൽ സ്വഭാവമുള്ള 59 പേരെക്കൂടി പിരിച്ചുവിടാൻ ഒരുങ്ങുന്നു
ആഭ്യന്തര വകുപ്പ് ക്രിമിനൽ സ്വഭാവമുള്ള 59 പേരെക്കൂടി പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഗുരുതര കേസുകളിൽപ്പെട്ടവരെയാണ് പിരിച്ചുവിടുന്നത്. ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി സർക്കാർ അറിയിച്ചു. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ച കേസ്, കസ്റ്റഡിമരണക്കേസ്, സ്ത്രീധന പീഡനക്കേസ്, ജീവപര്യന്തമോ പത്തുവർഷം തടവ് ശിക്ഷകിട്ടാവുന്നതോ ആയ കുറ്റംചെയ്തവർ, അക്രമം, അസാന്മാർഗികം എന്നീ കുറ്റങ്ങളിൽ ഉൾപ്പെട്ടവരെയാണ് പിരിച്ചുവിടുന്നത്.
ആറ് വർഷത്തിനിടെ 828 പൊലീസുകാർ ക്രിമിനൽ കേസുകളിൽപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സമ്മതിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സേനയ്ക്ക് അനുയോജ്യരല്ലാത്തവരെ പിരിച്ചുവിടാൻ ആഭ്യന്തരവകുപ്പ് നടപടി തുടങ്ങിയിരിക്കുന്നത്. രേഖകളനുസരിച്ച് 59 പേരെങ്കിലും പിരിച്ചുവിടാവുന്ന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്.
പിരിച്ചുവിടൽ നടപടി ഭരണഘടനയുടെ 311-ാം അനുച്ഛേദപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കണം. നിയമനാധികാരിയാണ് പിരിച്ചുവിടേണ്ടത്. വകുപ്പുതല അന്വേഷണത്തിനുശേഷം പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ കുറ്റങ്ങളും തെളിവുകളും അവരെ ധരിപ്പിക്കണം. സ്വന്തംഭാഗം വിശദീകരിക്കാൻ ഉദ്യോഗസ്ഥർക്ക് അവസരം നൽകണം.