DISTRICT NEWS

കുഞ്ഞാലിമരയ്ക്കാർ സ്മാരക സംരക്ഷണത്തിനായി പതിമൂന്നര ലക്ഷം രൂപയുടെ ഭരണാനുമതി

കുഞ്ഞാലിമരയ്ക്കാർ സ്മാരക മ്യൂസിയത്തിന്റെ സംരക്ഷണ പ്രവൃത്തികൾക്കായി സർക്കാർ പതിമൂന്നര ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ടെണ്ടർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ഉടൻ ആരംഭിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച കുഞ്ഞാലിമരയ്ക്കാൻമാരുടെ ജീവത്യാ​ഗം വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ശക്തമായ പോരാട്ടങ്ങളിലൂടെ നാടിന്റെ മേൽ അധികാരം സ്ഥാപിക്കാനുള്ള പോർച്ചുഗീസുകാരുടെ ശ്രമങ്ങളെയാണ് കുഞ്ഞാലി മരക്കാന്മാർ പരാജയപ്പെടുത്തിയത്. ഇന്ത്യയിലെ കോളനിവൽക്കരണത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ അതിനെതിരെ ധീരമായ ചെറുത്തുനില്പുകൾക്ക് നേതൃത്വം നൽകിയ പാരമ്പര്യം കുഞ്ഞാലി മരക്കാന്മാർക്ക് മാത്രമാണ് അവകാശപ്പെടാനാവുകയെന്നും മന്ത്രി പറഞ്ഞു.

പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്​. കുഞ്ഞാലിമരയ്ക്കാർ സ്മാരക മ്യൂസിയത്തിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനം ചരിത്രകാരൻ ഡോ.എം.ആർ രാഘവവാരിയർ നിർവഹിച്ചു. പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ.ദിനേശൻ അധ്യക്ഷത വഹിച്ചു.

കാലിക്കറ്റ് സർവ്വകലാശാല മുൻ ഡീൻ ഡോ. പി.പി.അബ്ദുൽ റസാഖ് -മലബാറിന്റെ അധിനിവേശ വിരുദ്ധപാരമ്പര്യവും പ്രതിരോധ സാഹിത്യവും, ഇന്ത്യൻ കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറൽ ഡോ. പ്രഭാകരൻ പലേരി -ഇന്ത്യൻ നാവിക പാരമ്പര്യവും കുഞ്ഞാലിമരയ്ക്കാൻമാരും, ചരിത്രകാരി ഡോ. കെ.എം.ജയശ്രീ -വാമൊഴികളിലെ കുഞ്ഞാലിമരയ്ക്കാൻമാർ എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പുരാവസ്തു വകുപ്പിലെ റിസർച്ച് അസിസ്റ്റന്റ് കെ.പി.സധു സ്വാ​ഗതവും ഫീൽഡ് അസിസ്റ്റന്റ് കെ.കൃഷ്ണരാജ് നന്ദിയും പറഞ്ഞു.

കുഞ്ഞാലി മരയ്ക്കാറുടെ സ്മാരക സ്തൂപത്തിൽ ഏഴിമല നാവിക അക്കാദമി പുഷ്പചക്രം സമർപ്പിച്ചു. ലെഫ്റ്റനെന്റ് ക്യാപ്റ്റൻ കൃഷ്ണദാസ് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. പയ്യോളി ന​ഗരസഭാം​ഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ന​ഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് സ്വാ​ഗതവും റിസർച്ച് അസിസ്റ്റന്റ് കെ.പി.സധു നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാ​ഗമായി പാട്ടുപുര തോടന്നൂർ നാടൻപാട്ട് തെളിഞ്ഞൂരിയാട്ടം അവതരിപ്പിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button